നിന്റെ തന്ത നിന്നെ വഴക്ക് പറഞ്ഞാല്‍ നീ വീട്ടില്‍ നിന്ന് ഇറങ്ങി പോകുമോ; അത്രക്ക് സ്‌നേഹമാണ് മമ്മൂക്കയ്ക്ക്: രാജേഷ്
Malayalam Cinema
നിന്റെ തന്ത നിന്നെ വഴക്ക് പറഞ്ഞാല്‍ നീ വീട്ടില്‍ നിന്ന് ഇറങ്ങി പോകുമോ; അത്രക്ക് സ്‌നേഹമാണ് മമ്മൂക്കയ്ക്ക്: രാജേഷ്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 6th January 2026, 1:40 pm

1980 ല്‍ പുറത്തിറങ്ങിയ ‘വിളിക്കുന്നുണ്ട് സ്വപ്‌നങ്ങള്‍’ മുതല്‍ കഴിഞ്ഞ വര്‍ഷം വില്ലനായി അഭിനയിച്ച കളങ്കാവല്‍ വരെ എണ്ണിയാല്‍ തീരാത്ത വേഷങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച അഭിനേതാവാണ് മമ്മൂട്ടി. കഴിഞ്ഞ വര്‍ഷം അനാരോഗ്യത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്നപ്പോള്‍ മലയാളികള്‍ക്ക് മമ്മൂട്ടി എന്ന മനുഷ്യനോടുള്ള സ്‌നേഹം താരം നേരിട്ടറിഞ്ഞിരുന്നു.

മമ്മൂട്ടിയും ആസിഫലിയും. Photo: Manorama News

എന്നിരുന്നാലും സിനിമാ സെറ്റുകളില്‍ തന്റെ മുന്‍ശുണ്ഠിക്ക് പേര് കേട്ടയാളാണ് മമ്മൂട്ടി. താരം ദേഷ്യപ്പെട്ടപ്പോള്‍ യുവതാരം ആസിഫ് അലി പൊട്ടിക്കരഞ്ഞതും പിന്നീട് മമ്മൂട്ടി തന്നെ നേരിട്ടെത്തി താരത്തെ സ്‌നേഹത്തോടെ ആശ്വസിപ്പിച്ച കഥകളും ഇതിനോടകം മലയാളി പ്രക്ഷകര്‍ക്ക് സുപരിചിതമാണ്.

ഈ കഥകളുടെ കൂട്ടത്തിലേക്കാണ് രാപ്പകല്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നടന്ന സംഭവത്തെക്കുറിച്ച് സിനിമകളില്‍ കാറ്ററിങ് യൂണിറ്റ് നടത്തുന്ന രാജേഷ് തന്റെ അനുഭവം പങ്കുവെക്കുന്നത്. ക്ലബ് എഫ്.എമ്മിന് നലല്‍കിയ അഭിമുഖത്തിലാണ് മാലയാള സിനിമയിലെ പല താരങ്ങള്‍ക്കും ഭക്ഷണം വിളമ്പിയ രാജേഷ് മമ്മൂട്ടിയുമായി ബന്ധപ്പെട്ട ഓര്‍മകളെ കുറിച്ച് സംസാരിച്ചത്.

‘രാപ്പകല്‍ സിനിമയില്‍ ഞാന്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഷൂട്ടിങ് സെറ്റില്‍ ബൗണ്‍സേഴ്‌സ് എന്ന സെക്യൂരിറ്റി ഏര്‍പ്പാട് ഒന്നുമില്ല. തിരുവനന്തപുരത്തുകാരനായ ദാസേട്ടന്‍ എന്ന് പറഞ്ഞ ആളാണ് അന്ന് ഷൂട്ടിങ്ങ് കാണാന്‍ വരുന്നവരെ വടം കെട്ടി നിയന്ത്രിച്ചിരുന്നത്. മമ്മൂക്കയെന്ന് വെച്ചാല്‍ ഇയാള്‍ക്ക് ജീവനായിരുന്നു തിരിച്ച് മമ്മൂക്കയ്ക്കും അങ്ങനെ തന്നെ.

രാജേഷ്. Photo: screen grab/ club FM / youtube.com

ഷൂട്ടിങ് കാണാന്‍ വരുന്നവര്‍ ഇവരെ നല്ല തെറിയെല്ലാം വിളിച്ച് പറയും. ഒരു ദിവസം എന്തോ പ്രശ്‌നം വന്നപ്പോള്‍ മമ്മൂക്ക ദാസേട്ടനെ വഴക്ക് പറഞ്ഞു. ഇനി സെറ്റില്‍ കണ്ടു പോകരുതെന്നായിരുന്നു മമ്മൂക്ക ദേഷ്യത്തില്‍ പറഞ്ഞത്. ദാസേട്ടന്‍ അത് കേട്ട് സെറ്റില്‍ നിന്നും പോയി പിറ്റേന്ന് ഷൂട്ടിനായി സെറ്റിലെത്തിയ മമ്മൂക്ക ആദ്യം അന്വേഷിച്ചത് ദാസേട്ടനെയാണ്. അദ്ദേഹം പോയെന്ന് പറഞ്ഞപ്പോള്‍ മാനേജരെ വിട്ട് കൂട്ടികൊണ്ടുവരാന്‍ പറഞ്ഞു,’ രാജേഷ് പറയുന്നു.

ദാസേട്ടന്‍ സെറ്റിലെത്തിയപ്പോള്‍ മമ്മൂട്ടി ആദ്യം ചോദിച്ചത് നിന്റെ തന്ത വഴക്ക് പറഞ്ഞാല്‍ നീ വീട് വിട്ട് പോകുമോ എന്നാണെന്നും അദ്ദേഹത്തിന് ദാസേട്ടനോടുള്ള സ്‌നേഹം കൊണ്ടാണ് അങ്ങനെ ചോദിക്കുന്നതെന്നും രാജേഷ് പറഞ്ഞു. അതാണ് അവരുടെയെല്ലാം സ്‌നേഹമെന്നും പുറത്ത് കാണിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Cinema catering worker Rajesh shares his memory related to superstar Mammooty

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.