ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന് ശേഷം വീണ്ടും ട്രാക്കില്‍ നിന്ന് താഴേക്ക് പോയ മാര്‍വലിന് തിരിച്ചുവരവൊരുക്കുമെന്ന് കരുതുന്ന ചിത്രമാണ് അവഞ്ചേഴ്സ് ഡൂംസ്ഡേ. എന്‍ഡ് ഗെയിമിന് ശേഷം റൂസോ ബ്രദേഴ്സ് മാര്‍വലുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ഡൂംസ് ഡേ. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു.
എന്നാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. അവഞ്ചേഴ്‌സിലെ കരുത്തനെന്ന് വിശേഷിപ്പിക്കുന്ന സൂപ്പര്‍ഹീറോയാണ് തോര്‍. ഹോളിവുഡ് താരം ക്രിസ് ഹെംസ്‌വര്‍ത്താണ് തോറായി വേഷമിടുന്നത്. ഡൂംസ് ഡേയ്ക്ക് ശേഷം മാര്‍വലില്‍ നിന്ന് താരം പടിയിറങ്ങുമെന്ന സൂചന നല്‍കിയിരിക്കുകയാണ്.
തോറായി വേഷമിട്ടത് ഏറെ സന്തോഷം തന്ന കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ‘മിയോനീര്‍, സ്‌ട്രോം ബ്രേക്കര്‍’ (തോറിന്റെ ആയുധങ്ങള്‍) എന്നിവ കൈകാര്യം ചെയ്‌തെന്നും ഇടിമിന്നലിന്റെ ദേവനായി എല്ലാവരുടെയും സന്തോഷം നേടിയെന്നും താരം പറയുന്നു.
എന്നാല്‍ അതിനെക്കാള്‍ സന്തോഷം ഇത് പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോഴാണെന്നും മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിനൊപ്പമുള്ള തന്റെ യാത്ര മറക്കാനാകാത്തതാണെന്നും ക്രിസ് പറഞ്ഞു. അടുത്തത് ഡൂംസ് ഡേയാണെന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ് ഹെംസ്‌വര്‍ത്ത് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് താരം മാര്‍വല്‍ വിടുകയാണെന്നുള്ള ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചത്.
ഡൂംസ് ഡേയില്‍ തോര്‍ മരിക്കാനാണ് സാധ്യതയെന്നും അവഞ്ചേഴ്‌സിന് ഇനിയൊരു തുടര്‍ച്ചയുണ്ടാകാനിടയില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനില്‍ തോര്‍ എന്ന കഥാപാത്രം മരിക്കുന്നതായി കാണിച്ചത് ഇതിന്റെ സൂചനയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ മാര്‍വല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
എന്‍ഡ് ഗെയിമിന് ശേഷം റോബര്‍ട് ഡൗണി ജൂനിയര്‍ മാര്‍വലിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും അവഞ്ചേഴ്‌സ് ഡൂംസ് ഡേയ്ക്കുണ്ട്. എന്നാല്‍ ഇത്തവണ ശക്തനായ വില്ലനായാണ് ആര്‍.ഡി.ജെ വേഷമിടുന്നത്. ടോം ഹിഡില്‍സ്റ്റണ്‍, സെബാസ്റ്റ്യന്‍ സ്റ്റാന്‍, പോള്‍ റുഡ്, ലെറ്റിഷ്യ റൈറ്റ്, ഫ്ളോറന്‍സ് പ്യൂഹ്, പെട്രോ പാസ്‌കല്‍, സിമു ല്യൂ, വനേസ കിര്‍ബി തുടങ്ങി വന്‍ താരനിരയാണ് ഡൂംസ് ഡേയില്‍ അണിനിരക്കുന്നത്. 2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Chris Hemsworth gave a hint that he’ll retire from Marvel after Avengers Doomsday movie