ഇയാള്‍ ഇത് ചെയ്യുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? കളി മാറ്റിക്കളിക്കാന്‍ ഒരുങ്ങി ക്രിസ് ഗെയ്ല്‍
Sports News
ഇയാള്‍ ഇത് ചെയ്യുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? കളി മാറ്റിക്കളിക്കാന്‍ ഒരുങ്ങി ക്രിസ് ഗെയ്ല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th June 2022, 7:52 am

സ്‌ഫോടനാത്മകമായ ക്രിക്കറ്റിന്റെ പര്യായമാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഫ്രാഞ്ചൈസി ലീഗായ സി.പി.എല്‍ എന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ്. ഒന്നിന് പിന്നാലെ ഒന്നായി മൂളിയെത്തുന്ന ടോ ക്രഷിങ് യോര്‍ക്കറുകളും ആകാശത്തെ തൊട്ടുതലോടുന്ന സിക്‌സറുകളുമായി ആകെ ഒരു പൂരമാണ് സി.പി.എല്ലിലേത്.

വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ തങ്ങളുടെ കളിയടവ് പഠിക്കുന്നതും പുത്തന്‍ അടവുകള്‍ പരീക്ഷിക്കുകയും ചെയ്യുന്ന കളിത്തട്ടകം കൂടിയാണ് സി.പി.എല്‍. സി.പി.എല്ലിലൂടെയെത്തി കരീബിയന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞവരും നിരവധിയാണ്.

സി.പി.എല്ലിലെ സ്റ്റാറുകളില്‍ ഒരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ എക്കാലത്തേയും മികച്ച താരമായ ക്രിസ് ഗെയ്ല്‍. കഴിഞ്ഞ സീസണില്‍ സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സിനെ അവരുടെ കന്നിക്കിരീടം ചൂടിച്ചതില്‍ വലിയ പങ്കാണ് ഗെയ്‌ലിനുള്ളത്.

എന്നാല്‍, താന്‍ ഇത്തവണ സി.പി.എല്‍ കളിക്കാനില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗെയ്ല്‍. പകരം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ പരീക്ഷണമായ 6ixtiy കളിക്കാനാണ് താരം ഒരുങ്ങുന്നത്.

‘ഞാന്‍ ഈ വര്‍ഷം ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് കളിക്കാനാണ് പോകുന്നത്. ഞാന്‍ 6ixityയുടെ നിയമങ്ങളില്‍ ആവേശം കൊണ്ടിരിക്കുകയാണ്. അത് എങ്ങനെ കളിക്കാനാവുമെന്നാണ് ഇപ്പോള്‍ എന്റെ ചിന്ത.

ഞാന്‍ മിസ്റ്ററി ബൗളിനായാണ് കാത്തിരിക്കുന്നത്. ആദ്യത്തെ രണ്ട് ഓവറില്‍ രണ്ട് സിക്‌സറടിച്ച് മൂന്നാമത്തെ പവര്‍പ്ലേ ഓവര്‍ അണ്‍ലോക്ക് ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്,’ ഗെയ്ല്‍ പറയുന്നു.

ഗെയ്‌ലിന് പുറമെ മറ്റ് നിരവധി താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാവും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഓഗസ്റ്റ് 21ന് അവസാനിക്കുന്നതിനാല്‍ പര്യടനത്തിലായിരിക്കുന്ന താരങ്ങളും 6ixtiyയുടെ ഭാഗമാവും.

6ixity തരംഗമാവുമ്പോള്‍ അനിശ്ചിതത്വത്തിലാവുന്നത് സി.പി.എല്‍ ആണ്. പ്രധാന താരങ്ങളെല്ലാവരും മിനി ടൂര്‍ണമെന്റ് കളിക്കാന്‍ പോയാല്‍ പ്രീമിയര്‍ ലീഗിന്റെ ഗതി എന്താവുമെന്നാണ് ആരാധകര്‍ചോദിക്കുന്നത്.

വിചിത്രമായ നിയമങ്ങളാണ് 6ixityയുടെ പ്രത്യേകത. ആറ് താരങ്ങളാണ് ഒരു ടീമില്‍ കളിക്കുന്നത്. രണ്ട് ഓവറാണ് നിര്‍ബന്ധിത പവര്‍പ്ലേ, എന്നാല്‍ ആദ്യ രണ്ട് ഓവറില്‍ രണ്ട് സിക്സര്‍ നേടിയാല്‍ മൂന്നാം ഓവറും പവര്‍പ്ലേ ആവുമെന്നതാണ് രസം.

സാധാരണയായി ഓരോ ഓവര്‍ കഴിയുമ്പോഴുള്ള സ്ട്രൈക്ക് ചേഞ്ച് ഇതിലുണ്ടാവില്ല, പകരം അഞ്ച് ഓവര്‍ കഴിയുമ്പോഴാണ് സ്ട്രൈക്ക് മാറുന്നത്.

45 മിനിറ്റിനുള്ളില്‍ 10 ഓവറും എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ഓവറില്‍ ഒരു ഫീല്‍ഡറെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിക്കേണ്ടി വരും!

മിസ്റ്ററി ഫ്രീ ഹിറ്റാണ് അടുത്ത പ്രത്യേകത. ആരാധകരാണ് ഇതില് ഫ്രീ ഹിറ്റ് തീരുമാനിക്കുന്നത്. വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ ആരാധകര്‍ മിസ്റ്ററി ഫ്രീ ഹിറ്റിനായി വോട്ട് ചെയ്യും.

ഓഗസ്റ്റ് 24 മുതല്‍ 28 വരെയാണ് ലീഗ് നടക്കുന്നത്.

സെന്റ് ലൂസിയ കിങ്‌സ്, ഗയാന ആമസോണ്‍ വാറിയേഴ്‌സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, ബാര്‍ബഡോസ് റോയല്‍സ്, ജമൈക്ക താല്ലവാസ്, സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സ് എന്നീ ആറ് പുരുഷ ടീമുകള്‍ക്കൊപ്പം മൂന്ന് വനിതാ ടീമുകളും ആദ്യ സീസണില്‍ കളിക്കും.

 

Content Highlight: Chris Gayle to play 6ixity over CPL