കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ എനിക്ക് അപമാനം തോന്നി; വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്ല്‍
Sports News
കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ എനിക്ക് അപമാനം തോന്നി; വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്ല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th September 2025, 5:44 pm

ക്രിക്കറ്റ് പ്രേമികളുടെ എക്കാലത്തെയും ഇഷ്ട താരമാണ് ക്രിസ് ഗെയ്ല്‍. തന്റെ കൂറ്റനടികൊണ്ടും കരുത്തുകൊണ്ടും ആരാധകരുടെ മനസില്‍ കയറിപ്പറ്റിയ ഗെയ്ല്‍ ഐ.പി.എല്ലിലും നിറ സാന്നിധ്യമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളിലായിരുന്നു ഗെയ്ല്‍ ഐ.പി.എല്ലില്‍ കളിച്ചത്. ലോകമെമ്പാടുമുള്ള ഒമ്പതോളം ടി-20 ക്രിക്കറ്റില്‍ ഗെയ്ല്‍ കളിച്ചിട്ടുണ്ട്.

20218 മുതല്‍ 2021വരെയാണ് താരം അവസാനമായി ഐ.പി.എല്ലില്‍ കളിച്ചത്. പഞ്ചാബിനൊപ്പമായിരുന്നു ഗെയ്‌ലിന്റെ കലാശക്കൊട്ട്. തന്റെ ഐ.പി.എല്‍ കരിയറിന്റെ അവസാന ഘട്ടത്തെക്കുറിച്ച് താരം ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിച്ചിരുന്നു.

പഞ്ചാബില്‍ തന്നെ ഒരു സീനിയര്‍ താരം എന്ന നിലയില്‍ പരിഗണിച്ചിരുന്നില്ലെന്ന് ഗെയ്ല്‍ പറഞ്ഞു. പഞ്ചാബില്‍ കളിച്ചത് അപമാനമായി തോന്നിയെന്നും മുന്‍ താരം പറഞ്ഞു. കൂടാതെ ജീവിതത്തില്‍ ആദ്യമായി താന്‍ വിഷാദത്തിലാകാന്‍ ഇത് കാരണമായെന്നും ഗെയ്ല്‍ പറഞ്ഞു.

‘എന്റെ ഐ.പി.എല്‍ കരിയര്‍ പഞ്ചാബില്‍ മോശമായ രീതിയില്‍ അവസാനിച്ചു. സത്യം പറഞ്ഞാല്‍, കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ എനിക്ക് അപമാനം തോന്നി. ലീഗിന് വേണ്ടി ഇത്രയധികം കാര്യങ്ങള്‍ ചെയ്യുകയും ഫ്രാഞ്ചൈസിക്ക് മൂല്യം നല്‍കുകയും ചെയ്ത ഒരു സീനിയര്‍ താരമെന്ന നിലയില്‍ എന്നെ അവര്‍ വേണ്ടവിധം പരിഗണിച്ചില്ലെന്ന് എനിക്ക് തോന്നി. അവര്‍ എന്നെ ഒരു കുട്ടിയെപ്പോലെയാണ് പരിഗണിച്ചത്. എന്റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ വിഷാദത്തിലേക്ക് വഴുതിവീഴുന്നത് പോലെ എനിക്ക് തോന്നി,’ ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ ക്രിസ് ഗെയ്ല്‍ പറഞ്ഞു.

പഞ്ചാബിന് വേണ്ടി 10 മത്സരങ്ങളില്‍ നിന്ന് 193 റണ്‍സാണ് താരം നേടിയത്. 46 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമാണ് താരത്തിന് നേടാനായത്.21.44 ആവറേജും 125.32 എന്ന സ്‌ട്രൈക്ക് റേറ്റുമായിരുന്നു താരത്തിന്. എന്നാല്‍ ഐ.പി.എല്ലില്‍ 142 മത്സരങ്ങള്‍ കളിച്ച 4965 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 175* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരം അടിച്ചെടുത്തത്. 39.72 ആവറേജും 148.96 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഗെയ്‌ലിനുള്ളത്.

മാത്രമല്ല ടി – 20 ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഇപ്പോഴും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2013ലെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് വേണ്ടി സ്‌കോര്‍ ചെയ്ത് 175 റണ്‍സിന്റെ റെക്കോഡാണ് താരം സ്വന്തമാക്കിയത്.

Content Highlight: Chris Gayle Talking About Kings XI Panjab