175 റണ്‍സിന്റെ റെക്കോര്‍ഡ് ആര് തകര്‍ക്കും? പൂരനും മൂന്ന് ഇന്ത്യന്‍ താരങ്ങളുമെന്ന് ഗെയ്ല്‍
Sports News
175 റണ്‍സിന്റെ റെക്കോര്‍ഡ് ആര് തകര്‍ക്കും? പൂരനും മൂന്ന് ഇന്ത്യന്‍ താരങ്ങളുമെന്ന് ഗെയ്ല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th September 2025, 2:00 pm

ടി – 20 ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഇപ്പോഴും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ പേരിലാണ്. താരം 2013 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് വേണ്ടി സ്‌കോര്‍ ചെയ്ത് 175 റണ്‍സിന്റെ റെക്കോഡാണ് കോട്ടം തട്ടാതെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

പൂനെ വാരിയേഴ്സ് ഇന്ത്യക്കെതിരായ മത്സരത്തില്‍ താരം 66 പന്തുകള്‍ നേരിട്ട് പുറത്താകാതെയായിരുന്നു ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. 265.15 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിങ്‌സില്‍ അന്ന് 17 സിക്സും 13 ഫോറുമാണ് പിറന്നത്.

2016ല്‍ ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് സിംബാബ്വെക്ക് എതിരെ 172 റണ്‍സ് എടുത്ത് ഈ റെക്കോര്‍ഡിന് അടുത്തെത്തിയിരുന്നു. എന്നാലിത് ഇപ്പോഴും തകര്‍ക്കപ്പെടാതെ തന്നെ നില്‍ക്കുകയാണ്. ഇപ്പോള്‍ ഈ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരെല്ലാമാണെന്ന് പറയുകയാണ് ഗെയ്ല്‍.

മൂന്ന് ഇന്ത്യന്‍ താരങ്ങളും അന്താരാഷ്ട്ര ടി – 20യില്‍ നിന്നും വിരമിച്ച വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരന്റെയും പേരുകളാണ് അദ്ദേഹം പറഞ്ഞത്. ഏഷ്യാ കപ്പിന് മുന്നോടിയായി ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിക്കുന്ന താരങ്ങളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോളാണ് താരത്തിന്റെ മറുപടി. ശുഭാന്‍കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുവതാരങ്ങള്‍ മികച്ച ബാറ്റിങ് നടത്തുന്നതിനാല്‍ ഐ.പി.എല്ലില്‍ അത് നടക്കാനാണ് സാധ്യതയെന്നാണ് എനിക്ക് തോന്നുന്നത്. നിക്കോളാസ് പൂരനും ശുഭ്മന്‍ ഗില്ലിനും ഈ നേട്ടം മറികടക്കാന്‍ കഴിയും. ഗില്ലൊരു മികച്ച താരമാണ്.

യശ്വസി ജെയ്സ്വാളിനും അത് സാധിക്കും, എനിക്ക് അവനെയും ഇഷ്ടമാണ്. എസ്. ആര്‍.എച്ചിനായി കളിക്കുന്ന അഭിഷേക് ശര്‍മയ്ക്കും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റും,’ ഗെയ്ല്‍ പറഞ്ഞു.

യുവതാരങ്ങളായ ശുഭ്മന്‍ ഗില്ലും, അഭിഷേക് ശര്‍മയും, യശസ്വി ജെയ്സ്വാളും കുട്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നവരാണ്. കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലിലും ഇന്ത്യന്‍ ടീമിനായും മൂവരും മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തിട്ടുള്ളത്.

അതേസമയം, നിക്കോളാസ് പൂരന്‍ അന്താരാഷ്ട്ര ടി – 20യില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും ലോകത്തെ പല ടി – 20 ടൂര്‍ണമെന്റിലും താരം സജീവമാണ്.

Content Highlight: Chris Gayle picks Shubhman Gill, Yashasvi Jaiswal, Abhishek Sharma to break his colossal record of 175 runs in T20 cricket