| Friday, 6th June 2025, 3:36 pm

റിലീസായാലും റീ റിലീസായാലും ഉത്സവമാക്കിയാ ശീലം, തലയുടെയും കൂട്ടരുടെയും രണ്ടാം വരവില്‍ തിയേറ്റര്‍ കുലുക്കി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ സിനിമകള്‍ ആഘോഷമാക്കുക എന്നത് മലയാളികളുടെ ശീലമാണ്. പോസിറ്റീവ് റിവ്യൂ ലഭിക്കുന്ന മോഹന്‍ലാല്‍ ചിത്രമെന്നത് മോളിവുഡിന്റെ മാക്‌സിമം കളക്ഷന്‍ എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. പല നടന്മാരും 100 കോടി കളക്ഷന്‍ നേടാന്‍ പാടുപെടുന്ന സമയത്ത് തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 200 കോടി ക്ലബ്ബില്‍ കയറ്റി മോഹന്‍ലാല്‍ തന്റെ താരസിംഹാസനം വീണ്ടെടുത്ത വര്‍ഷമാണ് ഇത്.

പുതിയ സിനിമകള്‍ മാത്രമല്ല, പഴയ സിനിമകളുടെ റീ റിലീസും മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷമാക്കുന്നതിന്റെ തെളിവാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ തിയേറ്ററുകളിലെത്തിയ ഛോട്ടാ മുംബൈ 4K സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

വളരെ ചുരുക്കും സ്‌ക്രീനുകളില്‍ മാത്രമെത്തിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്. കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളെല്ലാം തന്നെ മോഹന്‍ലാല്‍ ആരാധകര്‍ ഉത്സവപ്പറമ്പാക്കി മാറ്റിയ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. 1100 സീറ്റുകളുള്ള എറണാകുളം കവിത, 1000 സീറ്റുകളുള്ള തിരുവനന്തപുരം ഏരീസ് പ്ലെക്‌സ്, 980 സീറ്റുകളുള്ള കോട്ടയം അഭിലാഷ് എന്നീ തിയേറ്ററുകള്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം നടന്നത്.

ചിത്രത്തിലെ പല രംഗങ്ങള്‍ക്കും നിലക്കാത്ത കൈയടികളായിരുന്നു. വില്ലനായി വേഷമിട്ട കലാഭവന്‍ മണിയുടെ ഇന്‍ട്രോയ്ക്കും കൈയടികള്‍ ലഭിച്ചു. ചിത്രത്തിലെ പാട്ടുകള്‍ക്ക് സ്‌ക്രീനിന്റെ മുന്നില്‍ നൃത്തം വെക്കുന്ന പ്രേക്ഷകരുടെ വീഡിയോകളും ഇതിനോടകം വൈറലായി. പുതിയ റിലീസുകള്‍ക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിക്കാത്തതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറുകളിലൊന്നാണ് ഛോട്ടാ മുംബൈ. അതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കില്‍ മോഹന്‍ലാല്‍ തലയായി അവതരിച്ചപ്പോള്‍ മികച്ച സിനിമാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. രാജമാണിക്യം എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണിത്.

മോഹന്‍ലാലിന് പുറമെ ഇന്ദ്രജിത്, സിദ്ദിഖ്, ജഗതി, സായ് കുമാര്‍, രാജന്‍ പി.ദേവ്, ഭാവന, കലാഭവന്‍ മണി, വിനായകന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു. മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ യുവാക്കളുടെ ഗ്യാങ്ങിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

Content Highlight: Chotta Mumbai movie re release became feast for fans in Theatres

Latest Stories

We use cookies to give you the best possible experience. Learn more