| Monday, 30th June 2025, 7:52 am

നരസിംഹത്തിലെ പാട്ടില്‍ ആ കാര്യങ്ങളെല്ലാം ലാല്‍ സാര്‍ കൈയില്‍ നിന്നിട്ടതാണ്, ഫ്‌ളെക്‌സിബിളായ ആക്ടര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ സാധിക്കുള്ളൂ: ശാന്തി മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് ശാന്തി. 18ാം വയസില്‍ നൃത്തസംവിധാനം രംഗത്തേക്ക് കടന്നുവന്ന അവര്‍ നിരവധി ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. കുമാര്‍ മാസ്റ്ററെ വിവാഹം ചെയ്തതിന് ശേഷം മലയാളത്തിലും ശാന്തി മാസ്റ്റര്‍ സജീവമായി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലൂടെ സംസ്ഥാന അവാര്‍ഡും ശാന്തിയെ തേടിയെത്തി.

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ നരസിംഹത്തിന്റെ കൊറിയോഗ്രഫി കൈകാര്യം ചെയ്തത് ശാന്തിയായിരുന്നു. ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശാന്തി മാസ്റ്റര്‍. ചിത്രത്തിലെ ‘പഴനിമല’ എന്ന് തുടങ്ങുന്ന ഗാനം വളരെ പ്രയാസം നേരിട്ട ഒന്നായിരുന്നുവെന്ന് ശാന്തി പറഞ്ഞു.

നിരവധി ആര്‍ട്ടിസ്റ്റുകള്‍ ആ പാട്ടിലുണ്ടായിരുന്നെന്നും എല്ലാവരെയും കോ ഓര്‍ഡിനേറ്റ് ചെയ്തത് ആ സിനിമയുടെ അസിസ്റ്റന്റ്‌സ് ആയിരുന്നെന്നും അവര്‍ പറയുന്നു. ആ പാട്ടിനിടയില്‍ കാണിച്ച കളരി ചുവടുകള്‍ മോഹന്‍ലാല്‍ കൈയില്‍ നിന്ന് ഇട്ടതായിരുന്നെന്നും തന്നോട് അനുവാദം ചോദിച്ചിട്ടാണ് അദ്ദേഹം അത് ചെയ്തതെന്നും ശാന്തി മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. പോര്‍ട്രയല്‍ ബൈ ഗദ്ദാഫി ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘നരസിംഹത്തിലെ വര്‍ക്ക് അടിപൊളിയായിരുന്നു. ‘പഴനിമല’ എന്ന പാട്ടിന്റെ ഷൂട്ട് മറക്കാനാകാത്ത അനുഭവമായിരുന്നു. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ആ പാട്ടിലുണ്ടായിരുന്നു. ലാല്‍ സാര്‍, ജഗതി ചേട്ടന്‍, കലാഭവന്‍ മണി പിന്നെ പത്തുമുന്നൂറ് ഡാന്‍സേഴ്‌സും. അതില്‍ ഡാന്‍സേഴ്‌സിന്റെ കാര്യമെല്ലാം അസിസ്റ്റന്റ് ഡയറക്ടേഴ്‌സായിരുന്നു നോക്കിയത്. ഷാജി സാര്‍ അതെല്ലാം ആദ്യം തന്നെ സെറ്റ് ചെയ്ത് വെച്ചിരുന്നു.

അദ്ദേഹം എപ്പോഴും മാസിന്റെയാളാണ്. പാട്ട് സീനിലെല്ലാം ആ ഒരു റിച്ച്‌നെസ്സ് വേണമെന്ന് സാറിന് നിര്‍ബന്ധമുണ്ട്. അതുവരെ വന്നതില്‍ വെച്ച് കുറച്ച് വ്യത്യസ്തമായാണ് നരസിംഹത്തെ അദ്ദേഹം ട്രീറ്റ് ചെയ്തത്. ആ പാട്ടിലും അങ്ങനെയുള്ള കാര്യങ്ങള്‍ കാണാന്‍ സാധിക്കും. ആ പാട്ടിലെ ചില കാര്യങ്ങള്‍ ലാല്‍ സാര്‍ കൈയില്‍ നിന്ന് ഇട്ടതായിരുന്നു.

ആ കളരിച്ചുവട് അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യൂഷനാണ്. ‘ഇങ്ങനെയൊരു കാര്യം ഞാന്‍ ചെയ്‌തോട്ടെ’ എന്ന് ചോദിച്ചാണ് അദ്ദേഹം ആ സ്‌റ്റെപ്പിട്ടത്. ലാല്‍ സാര്‍ എല്ലാദിവസവും വര്‍ക്ക് ഔട്ട് ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ബോഡി ഫിറ്റായി ഇരിക്കും. വളരെ ഫ്‌ളെക്‌സിബിളായിട്ടുള്ള ആക്ടര്‍ക്ക് മാത്രമേ അതെല്ലാം ചെയ്യാന്‍ സാധിക്കുള്ളൂ,’ ശാന്തി മാസ്റ്റര്‍ പറഞ്ഞു.

Content Highlight: Choreographer Shanti about Mohanlal’s dance in Narasimham movie

We use cookies to give you the best possible experience. Learn more