തമിഴിലെ മികച്ച നടന്മാരിലൊരാളാണ് വിക്രം. ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലും തമിഴിലുമായാണ് വിക്രം തന്റെ കരിയര്‍ ആരംഭിച്ചത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത് ബാല സംവിധാനം ചെയ്ത സേതു എന്ന ചിത്രമാണ്. ചിത്രം ഹിറ്റായതിന് പിന്നാലെ കഥാപാത്രത്തിന്റെ വിളിപ്പേരായി ‘ചിയാന്‍’ വിക്രമിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടു. വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളിലൂടെ സിനിമാലോകത്തെ ഞെട്ടിച്ച താരമാണ് വിക്രം.
ഇപ്പോഴിതാ രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ എസ്.എസ്.എം.ബി 29ലേക്കുള്ള ക്ഷണം താരം നിരസിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ശക്തനായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് രാജമൗലി വിക്രമിനെ ക്ഷണിച്ചത്. എന്നാല്‍ വില്ലനായി താന്‍ വേഷമിട്ടാല്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന കാരണം പറഞ്ഞ് താരം ചിത്രത്തില്‍ നിന്ന് ഒഴിവായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിക്രം പിന്മറിയതിന് പിന്നാലെ ഈ വേഷത്തിലേക്ക് മാധവനെ രാജമൗലി സമീപിച്ചുവെന്നും കേള്‍ക്കുന്നുണ്ട്. വളരെ ശക്തമായതും പ്രാധാന്യമുള്ളതുമായ വേഷമാണ് ഇതെന്നും മുന്‍നിര താരം അവതരിപ്പിക്കേണ്ട ഒന്നാണെന്നുമാണ് കേള്‍ക്കുന്നത്. രാജമൗലിയുടെ ക്ഷണം മാധവന്‍ സ്വീകരിച്ചുവെന്നും അധികം വൈകാതെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നും കേള്‍ക്കുന്നു.
ലോകസിനിമയിലെ ഇതിഹാസ സംവിധായകര്‍ വാനോളം പുകഴ്ത്തിയ ആര്‍.ആര്‍.ആര്‍ എന്ന വന്‍ ഹിറ്റിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് എസ്.എസ്.എം.ബി 29. തെലുങ്കിലെ സൂപ്പര്‍താരങ്ങളിലൊരാളായ മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ആര്‍.ആര്‍.ആറിന് ശേഷം ഒരുവര്‍ഷത്തോളം നീണ്ടുനിന്ന പ്രീ പ്രൊഡക്ഷനായിരുന്നു ചിത്രത്തിന്റേത്.
ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് മഹേഷ് ബാബു എസ്.എസ്.എം.ബി 29ല്‍ പ്രത്യക്ഷപ്പെടുന്നത്. മുടി നീട്ടി താടി വളര്‍ത്തിയ ലുക്ക് ലീക്കാകാതിരിക്കാന്‍ ഒരു വര്‍ഷത്തോളമായി പൊതുവേദികളില്‍ താരം പ്രത്യക്ഷപ്പെടാറില്ല. മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ് എസ്.എസ്.എം.ബി 29.
മലയാളി താരം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള ആദ്യ ഷെഡ്യൂള്‍ അടുത്തിടെ ഒഡിഷയില്‍ അവസാനിച്ചിരുന്നു. പുതിയ ഷെഡ്യൂള്‍ ഹൈദരബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും ചിത്രം തകര്‍ക്കുമെന്നാണ് സൂചന.
Content Highlight: Chiyaan Vikram rejected the negative character in Rajamouli’s SSMB 29 movie