തമിഴിലെ മികച്ച നടന്മാരിലൊരാളാണ് വിക്രം. നടനായും താരമായും കോളിവുഡില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ചിയാന്‍. സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയരേണ്ടിയിരുന്ന കരിയര്‍ മോശം സ്‌ക്രിപ്റ്റ് സെലക്ഷന്‍ കാരണം തിരിച്ചടികള്‍ നേരിടുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വീര ധീര സൂരന് ശേഷം വിക്രമിന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് അപ്‌ഡേറ്റുകളൊന്നുമുണ്ടായിരുന്നില്ല.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ്. വിക്രമിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. ആനന്ദ് ശങ്കറാണ് പുതിയ ചിത്രത്തിന്റെ സംവിധായകന്‍. ഇരുമുഖന് ശേഷം വിക്രമും ആനന്ദ് ശങ്കറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിയാന്‍ 63 എന്ന് താത്കാലികമായി ടൈറ്റില്‍ നല്‍കിയ ഈ പ്രൊജക്ടിനുണ്ട്.

ചിയാന്‍ 63 Photo: Screen grab/ Satya Jyoti Films

മാസ് അനൗണ്‍സ്‌മെന്റ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗംഭീര ലുക്കാണ് ഈ വീഡിയോയില്‍ വിക്രമിന്. പാചകക്കാരനായാണ് താരം വേഷമിടുന്നതെന്ന് വീഡിയോ സൂചന നല്‍കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ ആരംഭിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിയാന്‍ 63യുടെ അനൗണ്‍സ്‌മെന്റിനൊപ്പം രാവിലെ താരത്തിന്റേതായി പുറത്തുവന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിക്രമിന്റെ മകന്‍ ധ്രുവ് പങ്കുവെച്ച വീഡിയോയാണ് വൈറലായത്. 60ാം വയസിലും ഗംഭീര ലുക്കില്‍ പ്രത്യക്ഷപ്പെട്ട ചിയാന്‍ എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നുണ്ട്.

വിക്രം Photo: Dhruv Vikram/ Instagram

വീര ധീര സൂരന് ശേഷം ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ആനന്ദ് ശങ്കറിലേക്കെത്തിയത്. മെയ്യഴകന്‍ അണിയിച്ചൊരുക്കിയ പ്രേം കുമാറുമായി ചിയാന്‍ കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവില്‍ ആ പ്രൊജക്ട് ഡ്രോപ്പായി. പിന്നീട് പുതുമുഖ സംവിധായകന്‍ ബോധി രാജ്കുമാറുമായി പ്രൊജക്ട് അനൗണ്‍സ് ചെയ്‌തെങ്കിലും അതും മുടങ്ങി. ഒടുവിലാണ് ആനന്ദ് ശങ്കറിലേക്ക് എത്തിയത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

ഗംഭീര റിപ്പോര്‍ട്ട് ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാതെ പോയ ചിത്രമായിരുന്നു വീര ധീര സൂരന്‍. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, ധുഷാര വിജയന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സ്‌ക്രിപ്റ്റ് സെലക്ഷനിലെ പോരായ്മകള്‍ പരിഹരിച്ച് ബോക്‌സ് ഓഫീസില്‍ ചിയാന്‍ തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Chiyaan Vikram announced his new project

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ