തെലുങ്കിലെ സൂപ്പര്‍താരങ്ങള്‍ എപ്പോഴും മലയാളികള്‍ക്ക് ട്രോള്‍ മെറ്റീരിയലാണ്. ലോജിക്കിന് നിരക്കാത്ത ആക്ഷന്‍ സീനുകളും പകുതി പ്രായം പോലുമില്ലാത്ത നായികമാര്‍ക്കൊപ്പമുള്ള റൊമാന്‍സ് രംഗങ്ങളും തെലുങ്ക് പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും മലയാളത്തില്‍ അതെല്ലാം ട്രോളിന് ഇരയാവുന്നതാണ് പതിവ്. കഴിഞ്ഞ കുറച്ച് കാലമായി ഇത്തരത്തില്‍ ട്രോളിനിരയാകുന്ന താരമാണ് ചിരഞ്ജീവി.

തെലുങ്ക് സിനിമയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന ‘മെഗാസ്റ്റാര്‍’ ഇപ്പോള്‍ വലിയ പ്രഭാവമൊന്നുമില്ലാത്ത അവസ്ഥയിലാണ്. മെഗാ ഫാമിലിയിലെ താരങ്ങളെക്കാള്‍ അല്ലു അര്‍ജുനും പ്രഭാസും വളര്‍ന്നതില്‍ ഒളിഞ്ഞും തെളിഞ്ഞും ചിരഞ്ജീവി തന്റെ നീരസം പ്രകടപ്പിച്ചതെല്ലാം വലിയ വാര്‍ത്തയായിട്ടുണ്ട്. അടുത്തിടെ താരം നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ട്രോളന്മാരുടെ ഇരയായി മാറിയത്.

ചിരഞ്ജീവിയുടെ മകന്‍ റാം ചരണ്‍ നായകനായ പെദ്ദിയെക്കുറിച്ചാണ് താരം സംസാരിച്ചത്. സ്‌പോര്‍ട്‌സ് ഡ്രാമയെന്ന പേരില്‍ ഒരുക്കിവെച്ച പെദ്ദി ഒ.ടി.ടി റിലീസിന് ശേഷം എയറില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് സമയത്ത് പെദ്ദിയെ ദംഗലുമായി താരതമ്യം ചെയ്ത് സംസാരിച്ചിരുന്നു. ദംഗലിനെക്കാള്‍ നല്ലത് പെദ്ദിയെന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്.

‘ഇപ്പോള്‍ ദംഗലും പെദ്ദിയും സ്‌പോര്‍ട്‌സ് സിനിമകളാണ്. അതില്‍ ദംഗല്‍ എടുത്തുനോക്കിയാല്‍ അതൊരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്. ഫാമിലി ഇമോഷനാണ് ഈ സിനിമ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പക്ഷേ, പെദ്ദിയിലേക്ക് വന്നാല്‍ അത് റസ്റ്റിക്കായിട്ടുള്ള സ്‌പോര്‍ട്‌സ് ഡ്രാമയാണ്.

ആ സിനിമ ആളുകള്‍ക്ക് ബോധവത്കരണവും മോട്ടിവേഷനും നല്‍കും. അതിന് പുറമെ ഗവണ്മെന്റിനെപ്പോലും ആ സിനിമ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ദംഗലിനെക്കാള്‍ ആളുകള്‍ കൂടുതല്‍ കാലം സംസാരിക്കാന്‍ പോകുന്നത് പെദ്ദിയെക്കുറിച്ചാകും,’ ചിരഞ്ജീവി പറഞ്ഞു.

പെദ്ദിയെ ഒ.ടി.ടിയില്‍ കീറിമുറിക്കുന്നതിനിടയിലാണ് ഈ വീഡിയോ പലരുടെയും ശ്രദ്ധയില്‍ പെട്ടത്. ചിരഞ്ജീവിക്ക് കാര്യമായിട്ട് എന്തോ കുഴപ്പമുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പെദ്ദി എന്ന സിനിമയെ പൊക്കിപ്പറയാന്‍ ദംഗലുമായി താരതമ്യം ചെയ്യുന്നത് എന്തിനാണെന്നും ചോദ്യങ്ങളുണ്ട്. പെദ്ദിയിലെ മോശം രംഗങ്ങളെയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

‘പാതിരാത്രി ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി അവളുടെ സമ്മതമില്ലാതെ ഉമ്മ വെക്കുന്ന നായകന്‍, ആഹാ ഗവണ്മെന്റിനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും എജ്യുക്കേറ്റീവായിട്ടുള്ള സിനിമ തന്നെ’, ‘ചിരുവണ്ണന്റെ ഓരോ തമാശകള്‍’, ‘അടുത്ത വര്‍ഷത്തെ ഓസ്‌കാറിന് അയച്ചുകൊടുക്ക്, എന്തെങ്കിലും കിട്ടുമായിരിക്കും’ എന്നൊക്കെയാണ് വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.

Content Highlight: Chiranjeevi getting trolls for comparing Peddi with Dangal