സൗത്ത് ഇന്ത്യയിലെ മികച്ച പിന്നണിഗായകരിലൊരാളാണ് ചിന്മയി. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചിന്മയി പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. തമിഴില്‍ കരിയര്‍ ആരംഭിച്ച ചിന്മയി ഏഴ് ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
എ.ആര്‍. റഹ്‌മാന്‍ ഉള്‍പ്പടെയുള്ള പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചിന്മയി മൂന്ന് വട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും നേടി. ഇപ്പോഴിതാ വടം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ നടി രശ്മികയെ കുറിച്ച് ചിന്മയി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകനും ചിന്മയിയുടെ പങ്കാളിയുമായ രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത ദി ഗേള്‍ ഫ്രണ്ട് എന്ന സിനിമയില്‍ രശ്മിക നായികയായെത്തിയിരുന്നു. തിയേറ്ററില്‍ വലിയ വിജയം നേടാതെ പോയ ചിത്രം ഒ.ടി.ടിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായി. ചിത്രത്തിലെ രശ്മികയുടെ പെര്‍ഫോമന്‍സിനെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ നിറഞ്ഞു. ഇപ്പോള്‍ രശ്മിക മന്ദാന ഇവിടുത്തെ മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ചിന്മയി പറയുന്നു.
‘നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന കൂട്ടത്തിലാണ് അവര്‍. ദി ഗേള്‍ഫ്രണ്ട് എന്ന സിനിമക്ക് സൈന്‍ ചെയ്തതിന് ശേഷം രശ്മിക സിനിമയ്ക്കായി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് എനിക്ക് നന്നായിട്ട് അറിയാം. ഗേള്‍ഫ്രണ്ടില്‍ രശ്മികയുടെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു.
സ്‌ക്രീനില്‍ അവരെ അങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഹാപ്പിയാണ്. രാഹുലും രശ്മികയും വലിയ പ്രായവ്യത്യാസം ഒന്നുമില്ലെങ്കിലും ചില സമയത്ത് രാഹുല്‍ അവള്‍ക്ക് അച്ഛനെ പോലെയാണ്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ രശ്മികയുടെ അമ്മയെ പോലെയാണ് (ചിരി) രശ്മിക വളരെ സ്വീറ്റായ കുട്ടിയാണ്. വിജയ്ക്കും രശ്മികയ്ക്കും നല്ലത് മാത്രം വരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ചിന്മയിയുടെ വാക്കുകള്‍.
ക്രിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ കരിയര്‍ തുടങ്ങി പിന്നീട് ഡിയര്‍ കോമ്രേഡ്, ഗീത ഗോവിന്ദം എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിലെ താരമായി വളര്‍ന്ന് വരികയും ചെയ്ത നടിയാണ് രശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഇടം സ്വന്തമാക്കാന്‍ കഴിഞ്ഞ രശ്മിക, ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു.
വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെ വിവാഹം അടുത്തിടെയായിരുന്നു. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷം ആരാധകരും പങ്കുവെച്ചിരുന്നു.