സൗത്ത് ഇന്ത്യയിലെ മികച്ച ഗായികമാരില്‍ ഒരാളാണ് ചിന്മയി. തമിഴില്‍ കരിയര്‍ ആരംഭിച്ച ചിന്മയി തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, കൊങ്കണി, മറാത്ത, ഹിന്ദി ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
ഗായിക എന്നതിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ചിന്മയി തന്റെ കഴിവ് തെളിയിച്ചു. തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലായി 100നടുത്ത് സിനിമകളില്‍ വോയിസ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. തമിഴ് സിനിമ ചിന്മയിക്ക് വിലക്കേര്‍പ്പെടുത്തിയ സമയത്ത് സംവിധായകന്‍ ലോകേഷ് കനകരാജ് ലിയോ എന്ന ചിത്രത്തില്‍ തൃഷക്ക് ശബ്ദം നല്‍കാന്‍ ചിന്മയിയെ ക്ഷണിച്ചിരുന്നു. ലിയോയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിന്മയി.
ചിത്രത്തിനായി ലോകേഷ് തന്നെ സമീപിച്ചപ്പോള്‍ തമിഴില്‍ താന്‍ വര്‍ക്ക് ചെയ്യാതിരുന്ന സമയമായിരുന്നെന്ന് ചിന്മയി പറഞ്ഞു. തനിക്ക് വിലക്കുള്ള കാര്യം ലോകേഷിനോട് പറഞ്ഞിരുന്നെന്നും ചിലപ്പോള്‍ അത് പ്രശ്‌നമാകുമെന്ന് അയാളെ ഓര്‍മപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്കാര്യം തനിക്ക് ഓര്‍മയുണ്ടെന്ന് ലോകേഷ് തന്നോട് പറഞ്ഞെന്നും അത് പിന്നീട് പ്രൊഡക്ഷന്‍ ടീമിന് പ്രശ്‌നമായെന്നും ചിന്മയി പറയുന്നു.
ചിലര്‍ അതില്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും ഡബ്ബിങ്ങിനിടയില്‍ അവര്‍ തന്റെ അവസരം ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നെന്നും ചിന്മയി പറഞ്ഞു. ആറ് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴാണ് പലരും സീരിയസായി എടുക്കുന്നതെന്നും സാധാരണക്കാര്‍ അതിനോട് പ്രതികരിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ചിന്മയി.
‘പ്രൊഡക്ഷന്‍ ടീമല്ല, ലോകേഷ് നേരിട്ടാണ് എന്നെ ലിയോ സിനിമയിലേക്ക് കോണ്‍ടാക്ട് ചെയ്തത്. ‘എനിക്ക് തമിഴ് സിനിമയില്‍ വിലക്കുള്ള കാര്യം അറിയാമല്ലോ, ഇത് ചിലപ്പോള്‍ പ്രശ്‌നമാകും’ എന്ന് ഞാന്‍ അയാളോട് പറഞ്ഞു. ‘അത് എനിക്ക് ഓര്‍മയുണ്ട്, നമുക്ക് നോക്കാം’ എന്നായിരുന്നു ലോകേഷിന്റെ മറുപടി. അതിനിടയിലും പ്രശ്‌നമുണ്ടായി.
ചിലരൊക്കെ അതില്‍ അസ്വസ്ഥരായിരുന്നു. എന്നെ മാറ്റാന്‍ വേണ്ടി പലരും ആ സമയത്ത് ശ്രമിച്ചു. പ്രൊഡക്ഷന്‍ ടീമിന് അത് പ്രശ്‌നമായി മാറി. ഇപ്പോള്‍ പലരും എനിക്ക് സപ്പോര്‍ട്ടുമായി വരുന്നുണ്ട്. ആറ് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം ഇപ്പോഴാണോ സീരിയസായി എടുക്കുന്നത് എന്ന് ചോദിച്ച് പലരും കമന്റ് ചെയ്യുന്നുണ്ട്,’ ചിന്മയി പറയുന്നു.
Content Highlight: Chinmayi shares the experience of Leo Movie