ഇപ്പോള്‍ എല്ലാവരുടെയും ആവശ്യം ഗാനം ഇന്‍സ്റ്റഗ്രാമില്‍ വൈറലാകണമെന്നത്; പക്ഷേ ആ പാട്ട് ആളുകള്‍ ഓര്‍ത്തിരിക്കുന്നു: ചിന്മയി
Malayalam Cinema
ഇപ്പോള്‍ എല്ലാവരുടെയും ആവശ്യം ഗാനം ഇന്‍സ്റ്റഗ്രാമില്‍ വൈറലാകണമെന്നത്; പക്ഷേ ആ പാട്ട് ആളുകള്‍ ഓര്‍ത്തിരിക്കുന്നു: ചിന്മയി
ഐറിന്‍ മരിയ ആന്റണി
Saturday, 7th March 2026, 9:01 am

സൗത്ത് ഇന്ത്യയിലെ മികച്ച പിന്നണിഗായകരിലൊരാളാണ് ചിന്മയി. കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ത പൂവേ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചിന്മയി പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. തമിഴില്‍ കരിയര്‍ ആരംഭിച്ച ചിന്മയി ഏഴ് ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്ന് വട്ടം തമിഴ്നാട് സംസ്ഥാന പുരസ്‌കാരം ചിന്മയിയെ തേടിയെത്തിയിരുന്നു.

വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ അടുത്തിടെ തഗ് ലൈഫ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് പിന്നാലെ തമിഴ് സിനിമാലോകത്ത് ചിന്മയി എന്ന പേര് വീണ്ടും ചര്‍ച്ചയായി.

Tamil music director expresses support for Chinmayi

ഇപ്പോള്‍ വടം സിനിമയുടെ പ്രസ്മീറ്റിനിടെ ചിന്മയി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴത്തെ സംഗീത സംവിധായകരുടെ ആവശ്യം ഗാനങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകണമെന്നാണെന്ന് ചിന്മയി പറയുന്നു.

‘എന്റെ ആദ്യത്തെ പാട്ട് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്, 6.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പാട്ടായിരുന്നു അത്. ദൈവം തന്ത പൂവേ.. ഇപ്പോള്‍ വരുന്ന പാട്ടുകളുടെ ദൈര്‍ഘ്യം പഴയ പാട്ടുകളുടെ പകുതിയെ ഉണ്ടാകുകയുള്ളു. ഇന്‍സ്റ്റഗ്രാമില്‍ ഗാനം വൈറലാകണം, ഒരു ഹുക്ക് കിട്ടണം ശ്രദ്ധിക്കപ്പെടണമെന്നാണ് ഇപ്പോഴുള്ള സംഗീത സംവിധായകരുടെ ആവശ്യം.

അവരുടെ ഗാനം റീല്‍സില്‍ ട്രെന്‍ഡിങ്ങായി മാറുകയാണ് പ്രധാനം. ഇപ്പോള്‍ ഒരു കമ്പോസറിനുള്ള വെല്ലുവിളി ഒന്ന് ആലോചിച്ച് നോക്കൂ. സത്യം പറഞ്ഞാല്‍ എനിക്കൊക്കെ നല്ല ഭാഗ്യമുണ്ട്. ഇപ്പോഴത്തെ ജനറേഷന്‍ വളര്‍ന്നത് ഒരു ദൈവം തന്ത പൂവേ, കേട്ടുകൊണ്ടായിരിക്കും. ഇന്നും നിങ്ങള്‍ ആ ഗാനം കേള്‍ക്കുന്നുണ്ടെങ്കില്‍ അതാണ് സംഗീതത്തിന്റെ ഭംഗി, അല്ലെങ്കില്‍ മാജിക്,’ ചിന്മയി പറയുന്നു.

താനൊരു ക്രിയേറ്ററല്ലെന്നും എന്നാല്‍ ക്രിയേറ്ററിന്റ വിഷനില്‍ താനൊരു ഭാഗമാകുന്നുണ്ടെന്നും ചിന്മയി പറയുന്നു. ഒരു പാട്ടിനെ കുറിച്ച് പറയുമ്പോള്‍ പിന്നണി ഗായിക, ഗായകന്‍ എന്നതാണ് എല്ലാവര്‍ക്കും ഓര്‍മ വരികയെന്നും എന്നാല്‍ ഗാനരചയിതാവും സംഗീത സംവിധായകനും കൂടിയാണ് ഒരു ഗാനത്തെ പൂര്‍ണ്ണമായും സംഗീതമാക്കി മാറ്റുന്നതെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.

Content Highlight: Chinmayi says she sings songs to go viral on Instagram today

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.