| Wednesday, 4th June 2025, 7:49 am

എന്നെയും ആ ഗായികയെയും തമ്മിലുള്ള താരതമ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്, അവളോട് മാപ്പ് ചോദിക്കുന്നു: ചിന്മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച പിന്നണിഗായികമാരില്‍ ഒരാളാണ് ചിന്മയി. തമിഴില്‍ കരിയര്‍ ആരംഭിച്ച ചിന്മയി ഏഴ് ഭാഷകളിലായി 500ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മൂന്ന് വട്ടം തമിഴ്നാട് സംസ്ഥാന പുരസ്‌കാരം ചിന്മയിയെ തേടിയെത്തിയിരുന്നു. വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിന് പിന്നാലെ തമിഴ് സിനിമ ചിന്മയിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ അടുത്തിടെ നടന്ന തഗ് ലൈഫ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് പിന്നാലെ തമിഴ് സിനിമാലോകത്ത് ചിന്മയി എന്ന പേര് വീണ്ടും ചര്‍ച്ചയായി. ചിത്രത്തിലെ ‘മുത്ത മഴൈ’ എന്ന ഗാനം സ്റ്റേജില്‍ ആലപിച്ചതിന് പിന്നാലെയാണ് ചിന്മയി ചര്‍ച്ചാവിഷയമായത്. ചിത്രത്തില്‍ ഒറിജിനല്‍ വേര്‍ഷന്‍ പാടിയത് ധീ ആയിരുന്നു. എന്നാല്‍ ഓഡിയോ ലോഞ്ച് വേര്‍ഷന്‍ പലരും ഒറിജിനലിന് മുകളില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.

ധീയെക്കാള്‍ നന്നായി പാടിയത് ചിന്മയിയാണെന്ന് പലരും അഭിപ്രായപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിന്മയി. ഓഡിയോ ലോഞ്ചിന്റെ സമയത്ത് ധീ സ്ഥലത്തില്ലാത്തതിനാലായിരുന്നു താന്‍ ആ പാട്ട് പാടിയതെന്ന് ചിന്മയി പറഞ്ഞു. ആളുകള്‍ ഇങ്ങനെ ആ പാട്ടിനെ ഏറ്റെടുക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അവര്‍ പറയുന്നു. ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു ചിന്മയി.

‘തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ ആ പാട്ട് ശരിക്കും പാടേണ്ടിയിരുന്നത് ധീ ആയിരുന്നു. എന്നാല്‍ ആ ദിവസം അവര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഞാന്‍ പാടുകയായിരുന്നു. ഇത്രക്ക് ഹിറ്റാകുമെന്നോ ആളുകള്‍ എന്റെ പാട്ട് ഏറ്റെടുക്കുമെന്നോ ഒരിക്കലും കരുതിയിരുന്നില്ല. എന്നെ സംബന്ധിച്ച് ഇതെല്ലാം അപ്രതീക്ഷിതമായിരുന്നു.

എന്നാല്‍ അതിനിടയില്‍ എന്നെയും ധീയെയും വെച്ച് ചില സോഷ്യല്‍ മീഡിയ ഫൈറ്റുകള്‍ ചിലര്‍ ആരംഭിച്ചിട്ടുണ്ട്. എന്നെക്കാള്‍ നല്ലത് ധീയുടെ പാട്ടാണെന്നും അവരുടെ പാട്ടിനെക്കാള്‍ നല്ലത് എന്റേതാണെന്നുമുള്ള പല പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനെല്ലാം ഞാന്‍ ധീയോട് മാപ്പ് ചോദിക്കുകയാണ്. അവള്‍ വളരെ ചെറുപ്പമാണ്. 15 വര്‍ഷം കഴിഞ്ഞാല്‍ 100 ചിന്മയിമാരെയും 100 ശ്രേയ ഘോഷാലിനെയും ഒരുപോലെ വിഴുങ്ങാന്‍ കഴിവുള്ളവളായി അവള്‍ മാറുമെന്ന് ഉറപ്പാണ്,’ ചിന്മയി പറയുന്നു.

എ.ആര്‍. റഹ്‌മാനാണ് തഗ് ലൈഫിലെ ഗാനങ്ങള്‍ ഒരുക്കിയത്. എല്ലാ ഗാനങ്ങളും ഇതിനോടകം ചാര്‍ട്ബസ്‌റ്റേഴ്‌സായി മാറിക്കഴിഞ്ഞു. എട്ട് പാട്ടുകളാണ് തഗ് ലൈഫിന്റെ ആല്‍ബത്തിലുള്ളത്. 24 വര്‍ഷത്തിന് ശേഷമാണ് കമല്‍ ഹാസന്‍ ചിത്രത്തിനായി എ.ആര്‍. റഹ്‌മാന്‍ സംഗീതമൊരുക്കുന്നത്. ജൂണ്‍ അഞ്ചിന് തഗ് ലൈഫ് തിയേറ്ററുകളിലെത്തും.

Content Highlight: Chinmayi saying the comparison of her and Dhee is unnecessary

We use cookies to give you the best possible experience. Learn more