ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാൻ ശ്രമം; കേരളം അതിന് പറ്റിയ മണ്ണല്ല: മുഖ്യമന്ത്രി
Kerala
ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാൻ ശ്രമം; കേരളം അതിന് പറ്റിയ മണ്ണല്ല: മുഖ്യമന്ത്രി
ശ്രീലക്ഷ്മി എ.വി.
Wednesday, 24th December 2025, 5:35 pm

തിരുവനന്തപുരം: വാളയാറിലെ ആൾക്കൂട്ടക്കൊലപാതകം ഹീന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു പിന്നിലുള്ള മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തി വിജയിപ്പിച്ച ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

‘ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തി വിജയിപ്പിച്ച ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാൻ ശ്രമിക്കുകയാണ്. കേരളം അതിനുപറ്റുന്ന മണ്ണല്ല എന്ന് തെളിയിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

അപരവിദ്വേഷത്തിന്റെ ആശയങ്ങളിൽ പ്രചോദിതരായ ഒരു സംഘം ആളുകളാണ് ഈ ആൾക്കൂട്ടക്കൊലപാതകം നടത്തിയതെന്നും പ്രതികളിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലവും വർഗീയ ചിന്തയുള്ളവരുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നെന്നും ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമസംഘങ്ങളെ ന്യായീകരിച്ചാണ് ബി.ജെ.പി നേതാക്കൾ രംഗത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരോൾ സംഘത്തെ അപമാനിക്കുന്ന രീതിയിൽ അവർ മദ്യപിക്കാറുണ്ടെന്നും മാന്യതയില്ലാത്ത രീതിയിലാണ് കരോൾ നടത്തിയതെന്നുമുള്ള ന്യായീകരണങ്ങളാണ് ബി.ജെ.പി നേതാക്കൾ നിരത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ആർ.എസ്.എസ് അനുകൂല സംഘടനകളിൽ നിന്നും സമ്മർദവും ഭീഷണിയും ഉണ്ടായെന്നും ഇത്തരം സംഭവങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്കൂളുകൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നു എന്നത് ഗൗരവകരമായ കാണുന്നെന്നും ഭരണഘടനാ അനുവദിക്കുന്ന മൗലികാവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Chief Minister Pinarayi Vijayan says the mob lynching in Walayar is a heinous incident

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.