വിനായകന്റെ മരണം;പരാതി പറയാന്‍ ചെന്ന വിനായകന്റെ മാതാപിതാക്കളെ മുഖ്യമന്ത്രി അപമാനിച്ചെന്ന്  ആരോപണം; പത്ത് മാസമായി നടപടിയെടുത്തിട്ടില്ലെന്നും വിനായകന്റെ പിതാവ്
Dalit Life and Struggle
വിനായകന്റെ മരണം;പരാതി പറയാന്‍ ചെന്ന വിനായകന്റെ മാതാപിതാക്കളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ആരോപണം; പത്ത് മാസമായി നടപടിയെടുത്തിട്ടില്ലെന്നും വിനായകന്റെ പിതാവ്
അശ്വിന്‍ രാജ്
Wednesday, 30th May 2018, 10:54 pm

കോഴിക്കോട്: തൃശ്ശൂരില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പത്ത് മാസമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ പ്രതിഷേധ സമരത്തിന് ഇറങ്ങുന്നു. വരുന്ന ജൂണ്‍ 2ാം തിയ്യതി മുതലാണ് കൃഷ്ണന്‍ പ്രതിഷേധവുമായി പാവറട്ടി പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യ ചെയ്തത്.

ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് വിനായകന്റെ സുഹൃത്തുക്കള്‍ പറഞ്ഞത്. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് വിനായകന് കസ്റ്റഡിയില്‍ പീഡനം ഏറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ക്രൈബ്രാഞ്ചിനെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഏല്‍പ്പിച്ചിരുന്നു. പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതു ശരിവയ്ക്കുന്ന രീതിയിലായിരുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നത്.

വിനായകന്‍ ജീവനൊടുക്കിയ ശേഷവും വിനായകനെ മര്‍ദ്ദിച്ച പാവറട്ടി പോലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്  ചെയ്തതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടാവത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഓണനാളില്‍ ദളിത് സംഘടനകള്‍ ഉപവസ സമരം നടത്തിയിരുന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍പിലായിരുന്നു ഉപവാസ സമരം സംഘടിപ്പിച്ചത്.

എന്നാല്‍ കഴിഞ്ഞ പത്ത് മാസത്തോളമായിട്ടും സര്‍ക്കാര്‍ വിനായകന്റെ വിഷയത്തില്‍ വേണ്ട വിധം ഇടപെട്ടില്ലെന്നും, പ്രതികളായ പൊലീസുകാരെ സസ്പെന്‍ഷന്‍ കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചെന്നും ആരോപിച്ചാണ് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ സമരത്തിന് ഇറങ്ങുന്നതെന്ന് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഈ നാട്ടില്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉള്ളത് ഇതിന് പൊലീസിന്റെ പൂര്‍ണപിന്തുണയുമുണ്ട് മോന്റെ മരണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ഇത് വരെ ഒരു നടപടിയും എടുത്തിട്ടില്ല. അന്ന് സസ്‌പെന്റ് ചെയ്ത പൊലീസുകാര്‍ ഇപ്പോള്‍ ജോലിയില്‍ തിരിച്ച് പ്രവേശിച്ചിരിക്കുകയാണ് എന്ത് ചെയ്താലും സസ്പെന്‍ഷന് ശേഷം ജോലിയില്‍ തിരിച്ചെത്താമെന്ന ബോധ്യമാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പൊലീസുകാര്‍ക്ക് ധൈര്യം പകര്‍ന്ന് കൊണ്ടിരിക്കുകയാണ് മോന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാനും നീതി കിട്ടാനുമായി ഏതറ്റം വരെയും പോകുമെന്നും കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തങ്ങളുടെ വിഷമം പറഞ്ഞപ്പോള്‍ ഒരു താല്‍പര്യവുമില്ലാതെയാണ് മുഖ്യമന്ത്രി പിണറായിവിജയന്‍ പെരുമാറിയതെന്നും കൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ പോയ രണ്ട് തവണയും കാണാന്‍പോലും മുഖ്യമന്ത്രി തയ്യാറായില്ല. പിന്നെ അദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു താല്‍പ്പര്യവുമില്ലാതെയാണ് മുഖ്യമന്ത്രി പെരുമാറിയത്. കൃഷ്ണന്‍ കൂട്ടിചേര്‍ത്തു.

കൃഷ്ണന്റെ സമരത്തിന് യൂത്ത്‌ലീഗ് പൂര്‍ണപിന്തുണ നല്‍കുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ക്രമസമാധാനപാലനം കേരളത്തില്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് നിരന്തരം നടക്കുന്ന അതിക്രമങ്ങള്‍. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടത്പക്ഷ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന് പൂജ്യം മാര്‍ക്കിനെ അര്‍ഹതയുള്ളൂ. വിനായകന്‍ മരണപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ആറ് മാസം തികയുന്നതിന് മുമ്പെ സസ്പെന്‍ഷനിലായ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജന്‍, ശ്രീജിത്ത് എന്നിവരെ സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. സസ്പെന്‍ഷന്‍ നടപടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് ഫിറോസ് പറഞ്ഞു.

ജൂണ്‍ 2ന് സര്‍ക്കാരിനെതിരെ യൂത്ത്‌ലീഗ് ജനകീയ വിചാരണ നടത്തുണ്ട്. കാരണം വിനായകന്റെ കാര്യത്തില്‍ എന്ത് സംഭവിച്ചോ അത് തന്നെയാണ് കോട്ടയത്തെ കെവിന്റെ കാര്യത്തിലും നടക്കുക വിനായകന്റെ കുടുംബത്തിന് ഇതുവരെ യാതൊരു നഷ്ടപരിഹാരവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മരണപ്പെട്ട വിനായകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ഉപജീവന മാര്‍ഗത്തിന് വീട്ടിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നുമാണ്   യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്.   വിനായകന്റെ അച്ഛന്‍ കൃഷ്‌ണേട്ടന്‍ നടത്താന്‍ പോകുന്ന പ്രതിഷേധത്തിന് യൂത്ത് ലീഗിന്റെ പൂര്‍ണപിന്തുണയുണ്ടാകും – ഫിറോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.