ചിദാനന്ദപുരി മുതല്‍ കല്‍പറ്റ നാരായണന്‍ വരെ
D' Election 2019
ചിദാനന്ദപുരി മുതല്‍ കല്‍പറ്റ നാരായണന്‍ വരെ
കെ.ടി കുഞ്ഞിക്കണ്ണന്‍
Wednesday, 10th April 2019, 11:34 am

ചിദാനന്ദപുരി മുതല്‍ കല്‍പറ്റനാരായണന്‍ വരെയുള്ള ഇടതുപക്ഷ വിരോധത്തിന്റെ മക്കാര്‍ത്തിയന്‍ അവതാരങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ സുവിശേഷ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. അമേരിക്കന്‍ സെനറ്ററും ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ് വേട്ടയുടെ പ്രത്യയശാസ്ത്രകാരനുമായിരുന്നു ജോസഫ്മക്കാര്‍ത്തി. കമ്യൂണിസ്റ്റുകാര്‍ അക്രമികളും ക്രൂരന്മാരും ദൈവത്തിന്റെ ശത്രുക്കളും സര്‍വ്വ തിന്മകളുടെയും മൂലസ്രോതസ്സുകളുമാണെന്നായിരുന്നു മക്കാര്‍ത്തിയുടെ ന്യായവാദം.

ദൈവം ഭൂമിയില്‍ ശ്രേഷ്ഠവംശജരും സമ്പന്നരുമായി സൃഷ്ടിച്ചവരെ ഇല്ലാതാക്കുന്ന വര്‍ഗസമരവാദികളായ കമ്യൂണിസ്റ്റുകാരെ ഈ ഭൂമുഖത്തുനിന്നും ഇല്ലാതാക്കാന്‍ ആംഗ്ലോസാങ്‌സണ്‍ വംശമഹിമയെ ആദരിക്കുന്ന റിപ്പബ്ലിക്കന്‍മാരോടൊപ്പം ഡമോക്രാറ്റുകളും അണിചേരണമെന്നായിരുന്നു മക്കാര്‍ത്തിയുടെ കല്പന. ഇവിടെ ചിദാനന്ദപുരിയോടൊപ്പം കല്‍പറ്റ നാരായണനും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരുമെല്ലാം ഒന്നിച്ച് കമ്യൂണിസ്റ്റുകാരെ തോല്‍പിക്കണമെന്നാണല്ലോ സുവിശേഷിക്കുന്നത്!

കമ്യൂണിസ്റ്റുകാരോട് ആഭിമുഖ്യം കാണിക്കുന്ന ബുദ്ധിജീവികളെയും കലാകാരന്മാരെയും അക്രമികളും കൊലയാളികളുമായി ചിത്രീകരിച്ച് അവര്‍ക്കെതിരെ സാമൂഹ്യ ബഹിഷ്‌ക്കരണം നടത്താനായിരുന്നു മക്കാര്‍ത്തിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടത്. 1950-കളില്‍ മക്കാര്‍ത്തിയും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും സി.ഐ.എയും ചേര്‍ന്ന് ലോകമെമ്പാടും കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദം പടര്‍ത്തുകയായിരുന്നു.

കല്‍പറ്റനാരായണന്‍

ജനാധിപത്യത്തിന്റെയും ലിബറല്‍മൂല്യങ്ങളുടെയും ശത്രുക്കളാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് ആക്രോശമുയര്‍ത്തിയ വലതുപക്ഷ പണ്ഡിതന്മാര്‍ ചരിത്രത്തിലെ ഏറ്റവും ഭീകരരായ ജീര്‍ണശക്തികളെ കൂട്ടുപിടിച്ചാണ് തങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല തിളപ്പിച്ചെടുത്തത്.

അത്തരം പ്രചാരവേലകളുടെ ദുസ്വാധീനത്തില്‍പ്പെട്ടവരും മതജാതിശക്തികളും ചേര്‍ന്നാണ് 1957-ലെ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായി കുപ്രസിദ്ധമായ വിമോചനസമരം സംഘടിപ്പിച്ചത്. കമ്യൂണിസ്റ്റ്കാരെ അക്രമികളും മതവിരോധികളുമായി ചിത്രീകരിച്ചാണ് സി.ഐ.എ ഒഴുക്കിയ പണത്തിന്റെ അഴുക്കുചാലുകളില്‍ നിന്ന് ഉയര്‍ന്നുവന്ന കോണ്‍ഗ്രസ് തൊട്ടുള്ള വലതുപക്ഷശക്തികള്‍ ഇ.എം.എസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള അട്ടിമറി സമരം നടത്തിയത്.

കല്‍പറ്റ നാരായണന്‍ എന്തായാലും പാട്രിക്ഡാനിയല്‍ മൊയ്‌നിഹാനെ വായിച്ചിരിക്കുമല്ലോ. സി.ഐ.എ തങ്ങളുടെ ടാര്‍ജറ്റ് ഏരിയായി കേരളത്തെ രേഖപ്പെടുത്തിയത് മലയാളികള്‍ക്കിടയിലെ കമ്യൂണിസ്റ്റ് സ്വാധീനം ഒന്നുകൊണ്ടായിരുന്നല്ലോ. ആര്‍.എസ്.എസും ജനസംഘവും സര്‍വ്വജാതിമത പിന്തിരിപ്പന്‍ശക്തികളും ചേര്‍ന്ന മഹാസഖ്യമായിരുന്നു ചരിത്രത്തില്‍ ഏറ്റവും അപരാധപൂര്‍ണമായ വിമോചന സമരത്തില്‍ കൈകോര്‍ത്തത്.

ചിദാനന്ദപുരി

വിമോചന സമരത്തിന്റെ അഴുക്കുചാലുകളില്‍ പ്രജനനം ചെയ്ത വിദ്യാര്‍ത്ഥി സംഘടനയായിരുന്നല്ലോ കല്‍പറ്റ നാരായണന്റെ കെ.എസ്.യു. ആ കെ.എസ്.യുവിന്റെ നേതാക്കളായിരുന്ന ആന്റണിയും വയലാര്‍ രവിയും വിമോചനസമരം തെറ്റായിപ്പോയിയെന്ന് പിന്നീട് കുമ്പസരിച്ചിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ആ ശാദ്വല സ്മരണകളില്‍ നിന്നും കോണ്‍ഗ്രസുകാര്‍ ഇന്നും മുക്തരായിട്ടില്ല. കമ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.എസുകാരുമായി കൂട്ടുകൂടുന്നത് ഒരു തെറ്റുമില്ലെന്ന സി.ഐ.എ പ്രോക്തമായ ധാര്‍മ്മികബോധമാണ് കോണ്‍ഗ്രസുകാരെ നയിക്കുന്നത്.

കമ്യൂണിസ്റ്റുകാരെയും മുസ്‌ലീങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ഭീഷണികളായി കാണുന്ന ആര്‍.എസ്.എസ് തങ്ങളുടെ രാഷ്ട്രീയ അജണ്ടക്കാവശ്യമായ രീതിയില്‍ എല്ലാകാലത്തും കേരളത്തിലെ കോണ്‍ഗ്രസുകാരെ ഉപയോഗിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംസ്‌കാരവും ആര്‍.എസ്.എസിന്റെ സംഘടനാശക്തിയും ചേരുന്ന ഹിന്ദു ദേശീയതയെക്കുറിച്ചുള്ള ഗോള്‍വാള്‍ക്കറിന്റെ സ്വപ്നങ്ങളോടൊപ്പം എന്നും സഞ്ചരിച്ചവരാണ് കേരളത്തിലെ വലിയൊരു വിഭാഗം കോണ്‍ഗ്രസുകാര്‍.

1957-ലെ ഇ.എം.എസ് സര്‍ക്കാര്‍ മലബാര്‍ പോലീസില്‍ മുസ്‌ലീങ്ങള്‍ക്കുള്ള പ്രവേശനനിരോധനം എടുത്തുകളഞ്ഞപ്പോഴും പള്ളിപണിയുന്നതിന് പ്രതേ്യക അനുമതി വാങ്ങണമെന്ന നിയമം റദ്ദ് ചെയ്തപ്പോഴും ആര്‍.എസ്.എസുകാരോടൊപ്പം കോണ്‍ഗ്രസിലെ ഹൈന്ദവവാദികളും മുറുമുറുത്തു. 1967-ലെ ഇ.എം.എസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് കുട്ടി പാക്കിസ്ഥാനാകുമെന്ന് പറഞ്ഞ് ജില്ലാരൂപീകരണത്തെ എതിര്‍ത്തത് ആര്‍.എസ്.എസുകാരോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസുകാരുമായിരുന്നു.

 

ഇപ്പോള്‍ ആസന്നമായ 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം ആര്‍.എസ്.എസും കോണ്‍ഗ്രസും ലീഗും ചേര്‍ന്നുള്ള കോലീബി പരീക്ഷണമാണ് നടക്കുന്നത്. ഏറ്റവുമൊടുവില്‍ സംഘപരിവാറിന്റെ മുന്‍കയ്യിലുള്ള സന്യാസിസഭയുടെ മുഖ്യ വക്താവ് സ്വാമി ചിദാനന്ദപുരി ടൈംസ് ഓഫ് ഇന്ത്യ(2019 ഏപ്രില്‍ 9)ക്ക് അനുവദിച്ച അഭിമുഖത്തിലൂടെ ഒരു മറയുമില്ലാതെ വ്യക്തമാക്കിയിരിക്കുന്നത് 18 സീറ്റുകളില്‍ ഞങ്ങള്‍ യു.ഡി.എഫിനെ വിജയിപ്പിക്കുമെന്നാണ്. 2 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുമെന്നാണ്.

നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പല മണ്ഡലങ്ങളിലും കോലീബി ധാരണയുണ്ടായതായി സൂചിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാമെന്ന ധാരണയിലാണ് വടകരയില്‍ മുരളീധരന് വോട്ടുചെയ്യാമെന്ന നിലപാടിലേക്ക് ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വം എത്തിച്ചേര്‍ന്നത്.

ഇപ്പോള്‍ ചിദാനന്ദപുരിയുടെ പ്രസ്താവനയും തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശിതരൂരിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാരെ കിട്ടുന്നില്ലെന്ന അവിടുത്തെ ഡി.സി.സി സെക്രട്ടറി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. കേരളമാകെ ബി.ജെ.പിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ധാരണയിലാണെന്ന കാര്യം കൃത്യമായി പുറത്തുവന്നിരിക്കുകയാണ്. ഈ അവിശുദ്ധ സഖ്യത്തെ ന്യായീകരിക്കാനായി കമ്യൂണിസ്റ്റുകാര്‍ അക്രമികളും കൊലയാളികളുമാണ് മറ്റ് രാഷ്ട്രീയമൊന്നും ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമല്ലെന്നുമുള്ള ഒതളങ്ങ വര്‍ത്തമാനവുമായി വലതുപക്ഷത്തിന്റെ ചിറിനക്കികളായ ചില ബുദ്ധിജീവികള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു.

 

ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ തങ്ങളുടെ അശ്ലീലകരമായ വലതുപക്ഷ പാരമ്പര്യത്തെയും വര്‍ത്തമാനത്തെയും സൗകര്യപൂര്‍വം മറച്ചുപിടിച്ച് ഇടതുപക്ഷ സഹയാത്രികനാണെന്ന വ്യാജ പരിവേഷവുമായിട്ടാണ് ചില ബുദ്ധിജീവികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും യു.ഡി.എഫ് സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലൂടെയും ആക്രോശമാരംഭിച്ചിരിക്കുന്നത്. ശ്രീമാന്‍ കല്‍പറ്റനാരായണന് കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാനും വിയോജിക്കാനും കോണ്‍ഗ്രസിനും ബി.ജെ.പിക്കും വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനും സ്വാതന്ത്ര്യമുണ്ട്. അതിനദ്ദേഹം ഇടതുപക്ഷ സഹയാത്രികന്റെ വേഷം കെട്ടേണ്ടതില്ല.

വിദ്യാര്‍ത്ഥി ജീവിതകാലത്തെ കെ.എസ്.യു രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യം മാത്രം കൈമുതലായുള്ള കല്‍പറ്റ എന്നാണ് ഇടതുപക്ഷ സഹയാത്രികനായത്? നിലനില്‍ക്കുന്ന ഏത് ഇടതുപക്ഷ ഗ്രൂപ്പുമായാണ് അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നത്. ആര്‍ട്‌സ് കോളേജില്‍ കമ്യൂണിസ്റ്റ് വിരോധത്താല്‍ വിജ്രംഭിതനായ പഴയ കെ.എസ്.യുക്കാരന്റെ വാക്കും വിദേ്വഷവും മാത്രമാണ് ഇന്നും കല്‍പറ്റയെ ഭരിക്കുന്നത്. പി.ജയരാജന്‍ കൊലയാളിയാണെന്ന് ആക്രോശിക്കുന്ന കല്‍പറ്റയ്ക്ക് അറിയാത്തതല്ലല്ലോ സംഘപരിവാര്‍ വെട്ടിനുറുക്കിയ ശരീരവുമായി നമുക്കിടയില്‍ ജീവിക്കുന്ന ഇച്ഛാശക്തിയുള്ള കമ്യൂണിസ്റ്റുകാരനാണ് ജയരാജനെന്ന്.

അദ്ദേഹത്തിന്റെ രണ്ട് കൈകളും ആര്‍.എസ്.എസ് ക്രിമിനലുകള്‍ വെട്ടിയിട്ടതാണ്. ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്ത ആഹാരം കഴിക്കാന്‍ പോലും സ്വാധീനമില്ലാത്ത കൈകള്‍കൊണ്ട് മാധ്യമപ്രവര്‍ത്തകനായ ഷാജഹാന്റെ കഴുത്തില്‍ ജയരാജന്‍ കുത്തിപ്പിടിക്കുന്ന കാഴ്ച താന്‍ നേരിട്ട് കണ്ടതാണെന്നതൊക്കെ തട്ടിവിടുന്ന കല്‍പറ്റയെ സമ്മതിക്കണം. യൂത്ത്‌കോണ്‍ഗ്രസ്-യുവമോര്‍ച്ച നിലവാരത്തിലേക്ക് ഉയര്‍ന്നുവന്ന കല്‍പറ്റയ്ക്ക് നല്ല നമസ്‌കാരം.

 

ബി.ജെ.പിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും രാഷ്ട്രീയത്തെയും സിക്ക് കൂട്ടക്കൊല മുതല്‍ ഗുജറാത്ത് വംശഹത്യവരെയുള്ള ക്രിമിനലിസത്തെയും കുറിച്ച് എത്ര ശ്രദ്ധാപൂര്‍വ്വമായ മൗനമാണ് ഈ നിരുപകശിരോമണി പുലര്‍ത്തുന്നത്. മൗനം ഇത്തരം വിദ്വന്മാര്‍ക്ക് എന്നും ഭൂഷണമാണല്ലോ. മൊയ്യാരത്ത്ശങ്കരന്‍തൊട്ട് തൃശ്ശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹനീഫയുടെയും മധുവിന്റെയും ലാല്‍ജിയുടെയും കൊലപാതകത്തെക്കുറിച്ച് മൗനം പാലിക്കുന്നയിടത്താണ് ഇത്തരം വിദ്വാന്മാരുടെ കാപട്യം തികട്ടിപുറത്തുവരുന്നത്.

കക്കയം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ നെഞ്ചിന്‍കൂടുകളും തുടയെല്ലുകളും ഞെരിഞ്ഞമര്‍ന്ന ഒരു തലമുറയെക്കുറിച്ച് കല്‍പ്പറ്റനാരായണന്മാര്‍ മിണ്ടില്ല. അക്കാലത്ത് അവര്‍ അടിയന്തിരാവസ്ഥയുടെ സ്തുതിപാടകരായിരുന്നല്ലോ. നാടുനന്നാക്കാനുള്ള ഇന്ദിരയുടെ അനുശാസനപര്‍വ്വത്തെക്കുറിച്ച് വാചകമടിച്ച് നടന്നിരുന്നവര്‍ അക്കാലത്ത് മുസഫര്‍നഗറിലും തുര്‍ക്മാന്‍ഗേറ്റിലും നടന്ന നിഷ്ഠൂരമായ ന്യൂനപക്ഷഹത്യകളെ കരുണാകരനെയും മുരളീധരനെയുംപോലെ ന്യയീകരിച്ചവരാണല്ലോ. അത്തരമാളുകളുടെ അക്രമരാഷ്ട്രീയത്തിനെതിരായ വാചകമടികള്‍ നാണംകെട്ട വലതുപക്ഷ സേവ മാത്രമാണ്.

 

കെ.ടി കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍