മഞ്ഞുമ്മൽ ബോയ്‌സ് എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്‌ത ‘ബാലൻ: ദി ബോയ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. സംവിധായകനൊപ്പം മഞ്ഞുമ്മൽ ബോയ്‌സ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നിരവധി അണിയറപ്രവർത്തകരും അഭിനേതാക്കളും വീണ്ടും ഒന്നിച്ച ചിത്രമാണിത്.
ഷൈജു ഖാലിദിൻ്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിൻ്റെ സംഗീതവും വിവേക് ഹർഷൻ്റെ എഡിറ്റിങ്ങും ഉൾപ്പെടെ മുൻ ചിത്രത്തിലെ പ്രധാന സാങ്കേതിക പ്രവർത്തകർ ‘ബാലൻ: ദി ബോയ്’ യുടെ ഭാഗമാണ്. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിൻറെ സംവിധായകനായ ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കഥയിലെ വ്യത്യസ്ത സമീപനത്തിനും ദൃശ്യഭാഷ കൊണ്ടും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ക്ലൈമാക്സിൽ കുട്ടി ഓടുന്ന രംഗങ്ങൾ ഉൾപ്പെടെ നിരവധി സീനുകൾ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ് . ‘ബാലൻ: ദി ബോയിലെ’ റണ്ണിങ് ഷോട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ചിദംബരം. പോസ്റ്റ് കട്ട് ക്ലാരിറ്റി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വാതന്ത്ര്യം എന്നത് ഈ സിനിമയുടെ പ്രധാന പ്രമേയങ്ങളിലൊന്നാണ്. അമ്മയുടെ കഥാപാത്രം വീട്ടുകാരെ ഷൂട്ട് ചെയുന്ന രംഗവും അത് നടക്കുന്ന ദിവസം സ്വാതന്ത്ര്യദിനമായതും, സ്കൂളിലെ ഇൻഡിപെൻഡൻസ് ഡേ ആഘോഷത്തിലേക്കുള്ള കട്ടുമെല്ലാം ബോധപൂർവം ചെയ്ത തീരുമാനങ്ങളായിരുന്നു. സിനിമയുടെ അവസാനം ബാലൻ ഓടുന്ന രംഗവും അതിന്റെ ഭാഗമാണ്. അവന്റെ ആ ഓട്ടം സ്വാതന്ത്ര്യത്തിലേക്കും മോചനത്തിലേക്കുമുള്ള ഓട്ടമാണ്.
ആ റണ്ണിങ് ഷോട്ടുകൾ ചിത്രീകരിച്ചത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അനുഭവങ്ങളിലൊന്നായിരുന്നു. ലോക സിനിമകളിലെ ശ്രദ്ധേയമായ റണ്ണിങ് സീക്വൻസുകൾ എല്ലാം റഫറൻസായി ശേഖരിക്കാൻ ഞാൻ അസിസ്റ്റന്റ് ഡയറക്ടർമാരോട് പറഞ്ഞിരുന്നു. ടോം ടൈക്വർ സംവിധാനം ചെയ്ത ജർമൻ സിനിമയായ ‘റൺ ലോല റൺ ‘ അതിലൊന്നാണ്. അതുപോലെ കുട്ടികൾ ഓടുന്ന റെഫെറൻസ് ലഭിക്കാൻ നിരവധി ജർമ്മൻ സിനിമകളും ഞങ്ങൾ കണ്ടിരുന്നു.
‘റൺ ലോല റണ്ണി’ ലുള്ള ഒരു റണ്ണിങ് ഷോട്ടിൽ നിന്നാണ് ബാലനിലെ ഒരു ഷോട്ടിനും പ്രചോദനം ലഭിച്ചത്. ബാലൻ ഓടുമ്പോൾ ക്യാമറ പതിയെ മുഖത്തേക്ക് സൂം ചെയ്യുന്ന ഷോട്ട് അതിൽ നിന്ന് റെഫെറൻസ് ഉൾക്കൊണ്ടതാണ്. ആ ഓട്ടത്തെ ഏതൊക്കെ രീതിയിൽ ഇന്റർപ്രെറ്റ് ചെയ്യാം എന്നുള്ള വിഷ്വൽ ഐഡിയ കിട്ടാൻ വേണ്ടിയാണ് ഞാൻ അത്തരം സിനിമകൾ കണ്ടത്. ‘ബാലൻ’ സിനിമയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോട്ടും അതുതന്നെയാണ്, ചിദംബരം പറഞ്ഞു.