| Monday, 30th December 2024, 10:06 pm

ആ സംവിധായകന്‍ അടുത്തത് ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുകയെന്ന് അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാന്‍ എ മന്‍ ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക കടന്നുവന്നയാളാണ് ചിദംബരം. ആദ്യചിത്രം തന്നെ വ്യത്യസ്തമായ കഥ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും വലിയ ഹിറ്റായി മാറി. രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമായി മാറി. കമല്‍ ഹാസന്‍, രജിനികാന്ത് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഒരു സംവിധായകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് സംസാരിക്കുകയാണ് ചിദംബരം. തന്റെ അടുത്ത സിനിമ ഏത് തരത്തിലുള്ളതാകും എന്നത് ഒരു ക്യൂരിയോസിറ്റിയായി പ്രേക്ഷകരുടെ മുന്നില്‍ നിലനിര്‍ത്തുക എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ചിദംബരം പറഞ്ഞു. താന്‍ അത്തരത്തില്‍ ആകാംക്ഷയോടെ നോക്കിക്കാണുന്ന സംവിധായകന്‍ പാ. രഞ്ജിത്താണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ അടുത്ത ചിത്രം സര്‍പ്പാട്ട പോലെ സ്‌പോര്‍ട്‌സ് ഡ്രാമയാണോ അതോ തങ്കലാന്‍ പോലെ ഫാന്റസിയാണോ എന്നുള്ളത് തനിക്ക് അറിയില്ലെന്നും ചിദംബരം പറഞ്ഞു. ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫര്‍ നോളനാണ് ഇത്തരത്തില്‍ എല്ലാവര്‍ക്കും ക്യൂരിയോസിറ്റി നല്‍കുന്ന സംവിധായകരില്‍ ഒന്നാമനെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമയും വ്യത്യസ്തമാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

ഈയടുത്ത് ഒഡീസി എന്ന പേരില്‍ ഒരു പോസ്റ്റര്‍ പുറത്തുവിട്ടെന്നും അത് ഏത് ഴോണറാണെന്ന് ആലോചിച്ച് തല പുണ്ണാക്കിയെന്നും ചിദംബരം പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ ആകാംക്ഷ ജനിപ്പിക്കുക എന്നത് വലിയ റിസ്‌കാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ഇതേ ആകാംക്ഷ ബോക്‌സ് ഓഫീസില്‍ പ്രതിഫലിപ്പിക്കാന്‍ പലര്‍ക്കും സാധിക്കില്ലെന്നും ചിദംബരം പറഞ്ഞു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു ചിദംബരം.

‘ഒരു സംവിധായകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രേക്ഷകര്‍ക്ക് അയാളുടെ അടുത്ത സിനിമയുടെ മേലുള്ള പ്രതീക്ഷയാണ്. നമ്മള്‍ ചെയ്തുവെച്ച ഒരു സിനിമ അവര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ അടുത്ത സിനിമയുടെ മേലെ സ്വാഭാവികമായി പ്രതീക്ഷ കൂടും. അയാളുടെ അടുത്ത സിനിമ ഏത് തരത്തിലുള്ളതാകും എന്ന ക്യൂരിയോസിറ്റി ഓഡിയന്‍സില്‍ ഉണ്ടാക്കുക എന്നത് വെല്ലുവിളിയാണ്.

എനിക്ക് അത്തരത്തില്‍ തോന്നിയിട്ടുള്ളത് പാ. രഞ്ജിത്തിനെയാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമയും വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ്. ഇനി അദ്ദേഹം ചെയ്യാന്‍ പോകുന്നത് സര്‍പ്പാട്ട പോലെ ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണോ അതോ തങ്കലാന്‍ പോലെ ഒരു ഫാന്റസിയാണോ എന്ന് ഒരു ധാരണയില്ല. ഹോളിവുഡില്‍ അത്തരത്തിലുള്ള സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തമാണ്.

അടുത്ത സിനിമ ഏതെന്ന് സൂചന നല്‍കിക്കൊണ്ട് ഒരു പോസ്റ്റര്‍ അദ്ദേഹം കഴിഞ്ഞദിവസം ഷെയര്‍ ചെയ്തിരുന്നു. ‘ഒഡീസി’ എന്ന് എഴുതിക്കൊണ്ട്. അത് ഏത് ഴോണറായിരിക്കുമെന്ന് ആലോചിച്ച തലപുണ്ണാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ പലപ്പോഴും ഈ ആകാംക്ഷ ബോക്‌സ് ഓഫീസില്‍ കാണിക്കാന്‍ ചില സമയത്ത് സാധിക്കില്ല,’ ചിദംബരം പറയുന്നു.

Content Highlight: Chidambaram says he waits to know what kind of movie Pa Ranjith going to do next

We use cookies to give you the best possible experience. Learn more