‘ജാൻ എ മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ യുവ സംവിധായകനാണ് ചിദംബരം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാലൻ ദി ബോയ്’ തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെ പ്രദർശനം തുടരുകയാണ്.
‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു ചിദംബരം ആദ്യമായി അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ ‘അർമിയാസ്’ എന്ന പൊലീസ് കഥാപാത്രത്തെയാണ് ചിദംബരം അവതരിപ്പിച്ചത്. ആ കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാനും അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോൾ അർമിയാസ് എന്ന പോലീസ് കഥാപാത്രം തന്നിലേക്ക് എത്തിയതിനെക്കുറിച്ചും, ആദ്യമായി അഭിനയിച്ച അനുഭവത്തെക്കുറിച്ചും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ചിദംബരം. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.
ആദ്യമായി അഭിനയിച്ച ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയിലെ അനുഭവങ്ങളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനാണ് ചിദംബരം മറുപടി നൽകിയത്. അഭിനയിക്കാൻ വിളിച്ചപ്പോൾ അത് ഒരു പൊലീസ് വേഷമാണെന്ന് അറിഞ്ഞ നിമിഷം തന്റെ പകുതി ജീവൻ പോയെന്നാണ് ചിദംബരം ചിരിയോടെ പറയുന്നത്.
‘ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന സിനിമയിൽ അഭിനയിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അത് അത്രയും ടഫ് ആയൊരു റോൾ ആയിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പൊലീസുകാരൻ ആണെന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ പകുതി ജീവൻ പോയി. പിന്നെ ചാക്കോച്ചനും രതീഷേട്ടനും സജിനുമൊക്കെ കൂടെയുള്ളത് കൊണ്ടാണ് അത് നന്നായി ചെയ്യാൻ പറ്റിയത്. ജാഫറിക്കയുടെ കൂടെ അഭിനയിക്കുമ്പോൾ ആദ്യം ചിരി അടക്കിപ്പിടിക്കാൻ പഠിക്കണം, എന്നിട്ട് വേണം അഭിനയിക്കാൻ. അതുകൊണ്ട് തന്നെ അതൊരു നല്ല അനുഭവമായിരുന്നു,’ ചിദംബരം പറഞ്ഞു.
Content Highlight: Chidambaram opens up about his police role in Oru Durooha Sahacharyathil