കഥയെക്കുറിച്ച് യാതൊരു സൂചനയും നല്‍കാതെ, അങ്ങേയറ്റം ത്രില്‍ സമ്മാനിച്ച ട്രെയ്‌ലര്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായി. പ്രധാനപ്പെട്ട വേഷങ്ങളില്‍ പുതിയ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടാണ് ചിദംബരം ബാലന്‍ അണിയിച്ചൊരുക്കിയത്. ടൊവിനോ തോമസിന്റെ അതിഥിവേഷവും ബാലന്റെ ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്.
ചിദംബരം Photo: Screen Grab/ Mediaone
ചിത്രത്തിലേക്ക് ടൊവിനോ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ചിദംബരം. സിനിമയുടെ ഹൈപ്പ് ഉയര്‍ത്താനോ, സ്റ്റാര്‍ഡം ഉപയോഗിച്ച് മാര്‍ക്കറ്റ് വലുതാക്കാനോ വേണ്ടിയല്ല ടൊവിനോയെ ഈ ചിത്രത്തിലേക്ക് വിളിച്ചതെന്ന് ചിദംബരം പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
‘കഥയില്‍ അത്യാവശ്യം പ്രാധാന്യമുള്ള വേഷമാണ് ടൊവിനോയുടേത്. ആ കഥാപാത്രത്തെക്കുറിച്ച് സിനിമ കണ്ട് മനസിലാക്കുന്നതാണ് ഏറ്റവും നല്ലതെന്ന് കരുതുന്നു. ഒരിക്കലും ടൊവിനോയുടെ സ്റ്റാര്‍ഡം നോക്കിയിട്ടല്ല അയാളെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത്. ഒരു ഗംഭീര ആക്ടറെ ആവശ്യമുള്ളതുകൊണ്ടാണ് ആ സിനിമയില്‍ ടൊവിനോയെ വിളിച്ചത്.
ടൊവിനോ Phot: Screen grab/ KVN Productions
ഫസ്റ്റ് നറേഷന്‍ കേട്ടപ്പോള്‍ തന്നെ ടൊവി ഈ സിനിമക്ക് ഓക്കെ പറഞ്ഞു. ഈ സിനിമയുടെ ഭാഗമായതില്‍ ടൊവിനോക്ക് ഭയങ്കര സന്തോഷമാണ്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ വേഷമാണ് ടൊവിനോയുടേതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വളരെ ഇന്‍ട്രസ്റ്റിങ്ങും ഡിഫറന്റുമായ ഒരു കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് മാത്രമേ പറയാനാകുള്ളൂ,’ ചിദംബരം പറയുന്നു.
പല നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ബാലന്‍ പറയുന്നത്. പുതുമുഖങ്ങളായ ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകരായ ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ.ഡി എന്നിവരുടെ സാന്നിധ്യവും ബാലനെ സ്‌പെഷ്യലാക്കുന്നുണ്ട്. ജിത്തു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ബാലനിലും. ജൂണ്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Chidambaram about Tovino’s character in Balan movie