ചിദംബരം ആദ്യമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജാൻ എ മൻ.
ബേസിൽ ജോസഫ്, ബാലു വർഗീസ്, ലാൽ, അർജുൻ അശോകൻ, എന്നിവർ അണിനിരന്ന ചിത്രത്തിൽ ചിദംബരത്തിന്റെ സഹോദരൻ ഗണപതിയും പ്രധാനവേഷത്തിൽ എത്തിയിരുന്നു.
മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ബാലൻ നിറഞ്ഞ കയ്യടികൾ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ പുതുമുഖ അഭിനേതാക്കളുടെ പ്രകടനത്തോടൊപ്പം തന്നെ സിനിമക്കായി കാസ്റ്റിങ് നിർവഹിച്ച ഗണപതിക്കും വലിയ കയ്യടികളാണ് ലഭിക്കുന്നത്.
ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ജാൻ എ മൻ’ എന്ന ചിത്രം നിർമിക്കാനുണ്ടായ സഹചര്യം വ്യക്തമാക്കുകയാണ് സംവിധായകൻ ചിദംബരം. ജാൻ എ മൻ സിനിമ യഥാർത്ഥ സംഭവം ആണെന്നും, തന്റെ ജന്മദിനത്തിന്റെ അന്ന് സംഭവിച്ച കാര്യമാണ് ആദ്യ സിനിമയായത് എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ബാലൻ സിനിമയുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാൻ എ മൻ സിനിമ ഒറിജിനൽ സംഭവം ആണ്. അതിൽനിന്നാണ് എനിക്ക് സിനിമയ്ക്കുള്ള ഇൻസ്പിരേഷൻ ലഭിക്കുന്നത്. തിരുവനന്തപുരത്തുള്ള എന്റെ സുഹൃത്ത് കുക്കുവിന്റെ വീട്ടിൽ വെച്ച് എന്റെ ഒരു ജന്മദിനാഘോഷം തുടങ്ങുന്ന സമയത്താണ് ഒരാൾ വന്ന് അവിടെ കരിങ്കൊടി കെട്ടുന്നത്. എന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, തൊട്ടപ്പുറത്തെ വീട്ടിലെ ഒരമ്മൂമ്മ മരിച്ചുപോയി എന്ന്.
അവർ എവിടെ നിന്നോ അവിടെക്ക് താമസം മാറി വന്നതായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് നാട്ടിൽ ആരെയും പരിചയമുണ്ടായിരുന്നില്ല. ആ ഒരു നിസ്സഹായാവസ്ഥയെക്കുറിച്ച് ഞാൻ ചിന്തിച്ചു. കാരണം, ഒരു അന്യനാട്ടിൽ വന്ന് താമസിച്ച് അവിടെയൊരു മരണം ഉണ്ടായാൽ, നമ്മുടെയൊക്കെ നാട്ടിലാണെങ്കിൽ അയൽപക്കത്തുള്ളവരൊക്കെ ഓടിയെത്തും. എന്നാൽ അവിടെ വരാൻ ആരുമുണ്ടായിരുന്നില്ല’ ചിദംബരം പറഞ്ഞു
ഒരേ റോഡിന്റെ ഇരുവശങ്ങളിലായി ജനനവും മരണവും ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് സത്യങ്ങൾ. അങ്ങനെയൊരു ജീവിതത്തിന്റെ രണ്ടുവശങ്ങൾ ആണ് തന്റെ മനസ്സിൽ കയറിയത് എന്നും, നമ്മൾ മാന്യത കാണിക്കണം എന്ന് എല്ലാരോടും പറഞ്ഞുകൊണ്ട് ആഘോഷം കുറച്ചിരുന്നു എന്നും ചിദംബരം കൂട്ടിച്ചേർത്തു.
Content Highlight: Chidambaram says the Jan E Man movie is the real incident happened on his own birthday