മേജര്‍ ലീഗ് സോക്കറില്‍ (എം.എല്‍.എസ്) ഇന്റര്‍ മയാമിക്ക് വമ്പന്‍ തോല്‍വി. ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചിക്കാഗോ ഫയര്‍ എഫ്.സിയാണ് മെസിയുടെ സംഘത്തെ തോല്‍പ്പിച്ചത്. അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഹെറോണ്‍സിന്റെ തോല്‍വി. മത്സരത്തില്‍ അധിക സമയവും പന്ത് കൈവശം വെച്ചിട്ടുണ്ട് അമേരിക്കന്‍ ക്ലബ് തോല്‍വി വഴങ്ങുകയായിരുന്നു.
മത്സരത്തില്‍ ചിക്കാഗോയാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യ വിസില്‍ മുഴങ്ങി ഡി അവില്ല 11ാം മിനിട്ടില്‍ തന്നെ പന്ത് വലയിലെത്തിച്ചിരുന്നു. എന്നാല്‍ മറ്റൊരു ഗോള്‍ എത്താന്‍ പിന്നെയും സമയമെടുത്തു. 31ാം മിനിട്ടിലാണ് രണ്ടാം ഗോള്‍ പിറന്നത്. ഡീനായിരുന്നു ചിക്കാഗോക്ക് ലീഡ് സമ്മാനിച്ചത്.
ഏറെ വൈകാതെ അവിലസ് മയാമിയുടെ ആദ്യ ഗോള്‍ നേടി. 39ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. എന്നാല്‍ ഇതിന്റെ ആഘോഷം തീരുന്നതിന് മുമ്പേ തന്നെ ചിക്കാഗോ ലീഡ് ഉയര്‍ത്തി. കൗമെയുടെ ഗോള്‍ എത്തിയത് 43ാം മിനിട്ടിലായിരുന്നു.
സുവാരസിന്റെ ഗോളോടെയാണ് രണ്ടാം പകുതിക്ക് തുടക്കമായത്. 57ാം മിനിട്ടിലായിരുന്നു മയാമിയുടെ രണ്ടാം ഗോള്‍ പിറന്നത്. 74ാം മിനിട്ടില്‍ സുവാരസ് തന്നെ മറ്റൊരു പന്തും ചിക്കാഗോയുടെ ഗോളിയെ മറികടന്ന് പോസ്റ്റിലെത്തിച്ചതോടെ ഇരുവരും ഒപ്പത്തിനൊപ്പമായി. അതോടെ മയാമി മത്സരത്തിലേക്ക് തിരിച്ച് വരവ് നടത്തിയതെന്ന് ആരാധകര്‍ കരുതി.
എന്നാല്‍, എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ആറ് മിനിറ്റിനകം ചിക്കാഗോ വീണ്ടും ഗോള്‍ നേടി ലീഡ് സ്വന്തമാക്കി. 80ാം മിനിട്ടില്‍ റെയ്‌നോള്‍ഡ്‌സിന്റെ പന്ത് വലയിലെത്തി ഏറെ വൈകാതെ തന്നെ ചിക്കാഗോ മയാമിയുടെ തലയില്‍ അവസാന ആണിയും അടിച്ചു. 83ാം മിനിട്ടില്‍ ഗുട്ടിയേറസ് അഞ്ചാം ഗോള്‍ നേടി ടീമിന് വിജയമുറപ്പിക്കുകയായിരുന്നു.
സൂപ്പര്‍ താരം മെസി കളിച്ചെങ്കിലും മത്സരത്തില്‍ ടീമിനായി വലിയ സംഭാവന നടത്താനായില്ല. താരത്തിന് ഗോള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് മയാമിക്ക് വിനയായത്. മത്സരത്തില്‍ 65 ശതമാനം പന്തടക്കം ഉണ്ടായിട്ടും ടീം തോല്‍ക്കുകയായിരുന്നു. പത്ത് ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റടക്കം 25 തവണയാണ് മയാമി താരങ്ങള്‍ എതിര്‍ പോസ്റ്റിനെ ലക്ഷ്യമാക്കി പന്ത് അടിച്ചത്. എന്നിട്ടും ടീം രണ്ട് ഗോളിന് പിന്നിലാവുകയായിരുന്നു.