നാലാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷാ ചോദ്യപേപ്പറിൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തത്.
ഇതിനുപുറമെ, ചോദ്യപേപ്പർ പരിശോധിച്ച മോഡേറേറ്ററെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികളും അധികൃതർ ആരംഭിച്ചെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ചോദ്യപേപ്പർ തയ്യാറാക്കിയ റായ്പൂർ ജില്ലയിലെ തിൽഡ ബ്ലോക്കിലുള്ള നക്തി സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപിക ശിഖ സോണിയ്ക്കെതിരെയും ചോദ്യപേപ്പർ പരിശോധിച്ച മോഡേറേറ്ററായ നമ്രത വർമയ്ക്കെതിരെയുമാണ് നടപടി.
റായ്പൂർ ഡിവിഷനിലെ സർക്കാർ സ്കൂളുകളിൽ നടന്ന അർധവാർഷിക പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിൽ നായയ്ക്ക് പേരിടാൻ രാമനെ ഓപ്‌ഷനാക്കിയതാണ് കേസിനാസ്പദമായ സംഭവം.
മോനയുടെ നായയുടെ പേരെന്താണെന്നായിരുന്നു ഇംഗ്ലീഷ് പേപ്പറിലെ ചോദ്യം. ഇതിനായി നൽകിയ നാല് ഓപ്ഷനുകളിൽ ഒന്ന് ‘റാം’ എന്ന പേരായിരുന്നു. ബാല, ഷേരു, നോ വൺ എന്നിവയായിരുന്നു മറ്റ് ഓപ്ഷനുകൾ.
ഇംഗ്ലീഷിൽ ‘രാമു’ എന്ന് അച്ചടിക്കേണ്ടതിന് പകരം ‘യു’ എന്ന അക്ഷരം വിട്ടുപോയതിനാലാണ് ‘റാം’ എന്നുമാത്രം വന്നതെന്ന് അധ്യാപിക വിശദീകരിച്ചു.
ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ലഭിച്ച ചോദ്യപേപ്പർ സെറ്റുകൾ ക്രമീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ഓപ്ഷനുകൾ ശ്രദ്ധിക്കാതെ പോയത് മനപൂർവമല്ലെന്നും ഇവർ വ്യക്തമാക്കി.
ഹിന്ദു മതവിശ്വാസികൾ ഏറെ ആദരിക്കുന്ന ദൈവത്തിന്റെ നാമം ഒരു നായയുടെ പേരായി ഓപ്ഷനിൽ നൽകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
മഹാസമുണ്ട് ജില്ലയിൽ നിന്നാണ് ആദ്യം പരാതി ഉയർന്നത്. തുടർന്ന് റായ്പൂർ ഡിവിഷനിലെ മറ്റ് ജില്ലകളിലേക്കും പ്രതിഷേധം പടരുകയും ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും ചെയ്തു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
Content Highlight: Chhattisgarh headmistress suspended for naming dog after Ram