എം.എസ്. ധോണിയുടെ പകരക്കാരനായാണ് സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്സ്(സി.എസ്.കെ) പരിഗണിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ കൈമാറ്റം സി.എസ്.കെയ്ക്ക് രണ്ട് രീതിയില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയിരുന്നു പൂജാര.
‘ഈ കൈമാറ്റത്തിലൂടെ രണ്ട് രീതിയിലാണ് സി.എസ്.കെയ്ക്ക് ഗുണം ലഭിക്കുന്നത്. ഒന്ന് ടോപ് ഓര്‍ഡറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സാധിക്കും. കഴിഞ്ഞ ഐ.പി.എല്ലില്‍ ടീമിന്റെ ടോപ് ഓര്‍ഡറിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
സഞ്ജുവെത്തുന്നതോടെ സി.എസ്.കെയ്ക്ക് അവിടെ സ്ഥിരത ലഭിക്കും.രണ്ടാമതായി, ദീര്‍ഘകാലത്തേക്ക് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.
മഹി ഭായ് (എം.എസ്. ധോണി) എന്ന് വിരമിക്കുമെന്ന് നമുക്ക് അറിയില്ല. പക്ഷേ, അദ്ദേഹത്തിന് ശേഷം ഒരു വിക്കറ്റ് കീപ്പര്‍ വേണമെന്നതിനാല്‍ അവര്‍ ഭാവിയെ കുറിച്ചാണ് ചിന്തിക്കുന്നത്. സഞ്ജുവില്‍ അവര്‍ ധോണിയുടെ പകരക്കാരനെയാണ് കാണുന്നത്,’ പൂജാര പറഞ്ഞു.
ഏറെ കാലങ്ങളുടെ അഭ്യൂഹങ്ങള്‍ക്ക് ശേഷം സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം സി.എസ്.കൈയുമായി കരാര്‍ ഒപ്പിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന്‍ റോയല്‍സിന് വിട്ടുനല്‍കിയാണ് താരത്തെ ചെപ്പോക്കില്‍ എത്തിച്ചത്.
അടുത്ത സീസണിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് കൈമാറേണ്ട അവസാന ദിവസമായ ഇന്ന് ഈ കൈമാറ്റത്തിന്റെ ഓദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.
അതേസമയം, ഐ.പി.എല്‍ 2026ലും ധോണി ടീമിലുണ്ടാവുമെന്ന് സി.എസ്.കെ പറഞ്ഞിരുന്നു. എന്നാല്‍, താരം ഈ സീസണില്‍ ഏത് റോളിലാണ് എത്തുകയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Chetheswar Pujara says Chennai Super Kings sees Sanju Samson as replacement wicket keeper of MS Dhoni