2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്ത് കുതിക്കുന്നത്. ക്രിക്കറ്റ് ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ് ഐ.പി.എല്ലിന്റെ പുതിയ സീസണാണ്. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്.
എന്നാല്‍ ഐ.പി.എല്‍ അവസാനിച്ച ഉടന്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ പര്യടനം ആരംഭിക്കും. റെഡ് ബോളില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര വെല്ലുവിളിയാണ്.
അടുത്തിടെയായി സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനോടും തുടര്‍ന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
ഇപ്പോള്‍ ടീം ആവശ്യപ്പെട്ടാല്‍ താന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് പറയുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര. റെഡ് ബോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൂജാരയെ ടീമില്‍ പരിഗണിച്ചിരുന്നില്ല.
വിദേശ പിച്ചില്‍ വലിയ അനുഭവസമ്പത്തുള്ള താരത്തെ ടീമിലെടുക്കണമെന്ന് നേരത്തെ ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതാണ് തന്റെ ലക്ഷ്യമെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ടീമിന് വേണ്ടി ചെയ്യുമെന്നും പൂജാര പറഞ്ഞു.
‘ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുക എന്നത് എപ്പോഴും ഒരു പ്രധാന ലക്ഷ്യമാണ്. ആ നിലയിലെത്താന്‍ എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യുന്നു. ടീം എന്നെ വിളിച്ചാല്‍, ഞാന്‍ തയ്യാറായിരിക്കും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിലും കൗണ്ടി ക്രിക്കറ്റിലും ഞാന്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നു, മികച്ച രീതിയല്‍ റണ്‍സ് നേടുന്നു. അതിനാല്‍, അവസരം ലഭിച്ചാല്‍, അത് പ്രയോജനപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ പൂജാര പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 103 മത്സരങ്ങള്‍ കളിച്ച പൂജാര 176 ഇന്നിങ്‌സില്‍ നിന്ന് 43.6 ആവറേജില്‍ 7195 റണ്‍സാണ് നേടിയത്. 206* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. റെഡ് ബോളില്‍ 19 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.
Content Highlight: Cheteshwar Pujara Talking About His Re Entry In Indian Cricket Team