സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ തന്നെക്കാള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന താരമായി പാക് ഇതിഹാസ താരം യൂനിസ് ഖാനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂജാര ഇക്കാര്യം പറഞ്ഞത്.
അഭിമുഖത്തിനിടെ തന്നെക്കാള്‍ മികച്ച രീതിയില്‍ സ്പിന്‍ ബൗളര്‍മാരെ നേരിടുന്ന താരത്തെ തെരഞ്ഞെടുക്കാന്‍ പൂജാരയോട് ആവശ്യപ്പെട്ടിരുന്നു. തന്നെക്കാള്‍ മികച്ച രീതിയില്‍ സ്പിന്‍ ബൗളര്‍മാരെ നേരിടുന്ന ബാറ്ററുടെ പേര് കേള്‍ക്കുന്നത് വരെ നിശബ്ദമായി തുടരാനാണ് പൂജാരയോട് ആവശ്യപ്പെട്ടത്.
മുഷ്ഫിഖര്‍ റഹീം, ഡിന്‍ എല്‍ഗര്‍, ജോണി ബെയര്‍സ്‌റ്റോ, ധനഞ്ജയ ഡി സില്‍വ, ടോം ലാഥം, അസര്‍ അലി, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, റോസ് ടെയ്‌ലര്‍, അലസ്റ്റര്‍ കുക്ക്, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, എ.ബി ഡി വില്ലിയേഴ്‌സ് എന്നിവരുടെ പേരുകള്‍ പറഞ്ഞപ്പോള്‍ നിശബ്ദമായി നിന്ന പൂജാര, എന്നാല്‍ ജോ റൂട്ടിന്റെ പേര് പറഞ്ഞപ്പോള്‍ ‘ഒരുപക്ഷേ ചിലപ്പോള്‍’ എന്ന് ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേരാണ് അടുത്തതായി ഷോ ഹോസ്റ്റ് പറഞ്ഞത്. ഇതിന് മറുപടിയായി,
‘എനിക്കൊപ്പമെന്ന് ഞാന്‍ പറയും. അദ്ദേഹത്തിന്റെ സ്റ്റാറ്റുകള്‍ പരിശോധിക്കുമ്പോള്‍ സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണെന്ന് പറയേണ്ടി വരും,’ പൂജാര പറഞ്ഞു.
കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ കുറിച്ച് ചോദിച്ചപ്പോള്‍
‘അവര്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. അവരുടെ സ്റ്റാറ്റുകളും മികച്ചതാണ്. എനിക്കറിയില്ല, സ്പിന്‍ ബൗളര്‍മാര്‍ക്കെതിരായ പ്രകടനം കണക്കിലെടുക്കുമ്പോള്‍ അവരെ ഞാനുമായി താരതമ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ അവര്‍ തീര്‍ച്ചയായും മികച്ച താരങ്ങളാണ്,’ എന്നായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ മറുപടി.
ഒടുവില്‍ യൂനിസ് ഖാന്റെ പേര് പറഞ്ഞപ്പോള്‍
‘യൂനിസ് ഖാന്‍ – അദ്ദേഹം എന്നെക്കാള്‍ മികച്ചവനാണെന്ന് പറയേണ്ടി വരും,’ സൗരാഷ്ട്ര താരം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ‘മുന്നൊരുക്കത്തിലാണ്’ ചേതേശ്വര്‍ പൂജാര. മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും കളി പറയുന്ന കമന്ററി ടീമില്‍ പൂജാരയുമുണ്ട്. മത്സരത്തിന്റെ ഇംഗ്ലീഷ് കമന്ററി ടീമിനൊപ്പമാണ് പൂജാര.