രോഹിത് അല്ല, ഈ താരമാണ് എന്റെ കരിയറിലെ മികച്ച ഓപ്പണര്‍: പൂജാര
Sports News
രോഹിത് അല്ല, ഈ താരമാണ് എന്റെ കരിയറിലെ മികച്ച ഓപ്പണര്‍: പൂജാര
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th August 2025, 7:31 am

കരിയറില്‍ താന്‍ ഒപ്പം കളിച്ചിട്ടുള്ള ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച ഓപ്പണറെ തെരഞ്ഞെടുത്തത് ചേതേശ്വര്‍ പൂജാര. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയിനെയാണ് താരം തെരഞ്ഞെടുത്തത്. മുരളി ഒരു അസാധാരണ ഓപ്പണറാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് ടുഡേയോട് സംസാരിക്കുകയായിരുന്നു പൂജാര.

‘മുരളി വിജയ് ഒരു അസാധാരണ ഓപ്പണറാണ്. എന്റെ കരിയറില്‍ ഞാന്‍ കളിച്ചിട്ടുള്ള മികച്ച ഓപ്പണറാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ മികച്ച ഒരു ഓപ്പണറെയാണ് ആഗ്രഹിക്കുക. എനിക്ക് അദ്ദേഹവുമായി ഒരുപാട് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍മാരില്‍ ഒരാളാണ് വിജയ്,’ പൂജാര പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ അണ്ടര്‍റേറ്റഡ് താരങ്ങളെ കുറിച്ചും പൂജാര സംസാരിച്ചു. മുരളി വിജയ്, വൃദ്ധിമാന്‍ സാഹ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണ് അണ്ടര്‍റേറ്റഡ് താരങ്ങളായി അദ്ദേഹം പറഞ്ഞത്. ഇവര്‍ മൂന്ന് പേരും മികച്ച താരങ്ങളാണ്. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനാല്‍ അധികകാലം ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഭുവി അസാധാരണ ബൗളറാണെന്നും അദ്ദേഹം പറഞ്ഞു.

‘സാഹ ഒരു മികച്ച വിക്കറ്റ് കീപ്പറും ബാറ്ററുമാണ്. പക്ഷേ, എം.എസ്. ധോണി ക്യാപ്റ്റനായ കാലത്താണ് അവന്‍ ടീമില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് അവന് ഒരുപാട് മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം റിഷബ് പന്ത് കൂടെ എത്തിയതോടെ അവന് അവസരങ്ങള്‍ നഷ്ടപ്പെട്ടു,’ പൂജാര പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളായ ചേതേശ്വര്‍ പൂജാര ഓഗസ്റ്റ് 24നാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. ഏറെ കാലം താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ നെടും തൂണായിരുന്നു.

റെഡ് ബോളില്‍ ഇന്ത്യയ്ക്കായി താരം 103 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇവയില്‍ നിന്ന് 7,195 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റില്‍ 43.60 എന്ന മികച്ച ശരാശരിയിലായിരുന്നു താരം ബാറ്റ് ചെയ്തത്. ഒപ്പം, താരത്തിന് ഈ ഫോര്‍മാറ്റില്‍ 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളുമുണ്ട്.

Content Highlight: Cheteshwar Pujara selects Murali Vijay as the best opener he ever played in his career