സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 489 റണ്‍സ് വഴങ്ങിയതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ151.1 ഓവര്‍ എറിഞ്ഞിരുന്നു. ഇതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വളരെ അധികം കഠിനാധ്വാനം ചെയ്‌തെന്നും പക്ഷേ അവര്‍ക്ക് ഫലം അനുകൂലമല്ലായിരുന്നെന്നും പൂജാര പറഞ്ഞു.
സ്‌കോര്‍ 350 റണ്‍സില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ബൗളിങ്ങിനെ വിമര്‍ശിക്കാന്‍ കഴിയുമായിരുന്നില്ലെന്നും 489 റണ്‍സ് വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ചും അവസാന നാല് വിക്കറ്റുകളില്‍ നിന്നാണ് കൂടുതല്‍ റണ്‍സ് പിറന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരെ പുറത്താക്കി, ആദ്യ ദിവസം ആറ് വിക്കറ്റുകള്‍ നേടിയ ശേഷം ഇന്ത്യ റണ്‍സ് വിട്ടുകൊടുക്കാന്‍ പാടില്ലായിരുന്നു എന്ന് പൂജാര ചൂണ്ടിക്കാട്ടി.
‘ഇന്ത്യന്‍ ബൗളര്‍മാര്‍ വളരെ അധികം കഠിനാധ്വാനം ചെയ്തു, പക്ഷേ അവര്‍ക്ക് ഫലമൊന്നും അനുകൂലമല്ലായിരുന്നു. സ്വാഭാവികമായും, ഇന്നലത്തെ അവരുടെ പരിശ്രമം കണക്കിലെടുക്കുമ്പോള്‍ ഡ്രസ്സിങ് റൂമില്‍ ചില നിരാശകള്‍ ഉണ്ടാകും. 250ല്‍ താഴെ റണ്‍സിന് അവര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു, ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ ഏകദേശം 100,125 റണ്‍സിന് വീണാലും അവര്‍ക്ക് സംതൃപ്തിയുണ്ടാകുമായിരുന്നു.
എന്നാല്‍ 489 റണ്‍സ് വളരെ കൂടുതലാണ്, പ്രത്യേകിച്ചും അവസാന നാല് വിക്കറ്റുകളില്‍ നിന്നാണ് കൂടുതല്‍ റണ്‍സ് പിറന്നത്. ഈ പിച്ചില്‍ സ്‌കോര്‍ 350 റണ്‍സില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ബൗളിങ്ങിനെ വിമര്‍ശിക്കാന്‍ കഴിയുമായിരുന്നില്ല, പക്ഷേ അവര്‍ 450ല്‍ കൂടുതല്‍ റണ്‍സ് നേടി, അത് വളരെ കൂടുതലായിരുന്നു, പ്രത്യേകിച്ച് ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരെ പുറത്താക്കി ആദ്യ ദിവസം ആറ് വിക്കറ്റുകള്‍ നേടിയ ശേഷം,’ ചേതേശ്വര്‍ പൂജാര.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 489 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സാണ് നേടിയത്. യശസ്വി ജെയ്സ്വാള്‍ ഏഴ് റണ്‍സും രണ്ട് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസിലുള്ളത്.
അതേസമയം ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസ്വാമിയും ഫിഫ്റ്റി നേടിയ മാര്‍ക്കോ യാന്‍സെനുമാണ് പ്രോട്ടിയാസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മുത്തുസ്വാമി 206 പന്തില്‍ രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്.
മത്സരത്തില്‍ മുത്തുസ്വാമിക്ക് പുറമെ, യാന്‍സന്‍ 91 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി പുറത്തായി. പ്രോട്ടിയാസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയാണ് യാന്‍സന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഏവരേയും അമ്പരപ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Cheteshwar Poojara Criticize Indian Bowling In Second Test Against South Africa In First Innings