തമിഴിലെ മികച്ച നടനും സംവിധായകനുമാണ് ചേരന്‍. പുരിയാത പുതിര്‍ എന്ന ചിത്രത്തിലൂടെ അഭിനയ കരിയര്‍ ആരംഭിച്ച ചേരന്‍ പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി മാറി. സംവിധാനം ചെയ്ത നാലാമത്തെ ചിത്രത്തിന് മികച്ച തമിഴ് സിനിമക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചേരന്‍ ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയനായി. നാല് ദേശീയ അവാര്‍ഡും ആറ് തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡും തന്റെ പേരിലാക്കാന്‍ ചേരന് സാധിച്ചു.
രാജ്കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, പദ്മപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചേരന്‍ സംവിധാനം ചെയ്ത് അഭിനയിച്ച് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തവമായ് തവമിരുന്ത്. ആ വര്‍ഷത്തെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തവമായ് തവമിരുന്ത് സ്വന്തമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ചേരന്‍.
വലിയൊരു കഥയാണ് സിനിമയുടേതെന്നും ഷൂട്ട് ചെയ്ത ഫൂട്ടേജ് എട്ട് മണിക്കൂറുണ്ടായിരുന്നെന്നും ചേരന്‍ പറഞ്ഞു. സിനിമയില്‍ നിന്ന് ആവശ്യമില്ലാത്ത ഭാഗം കട്ട് ചെയ്യാന്‍ താന്‍ എഡിറ്ററുടെ ചുമതല നിര്‍വഹിച്ചെന്നും ഒടുവില്‍ അഞ്ച് മണിക്കൂറിലേക്ക് ആ സിനിമയെ കൊണ്ടെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതിന് ശേഷം ആ സിനിമയില്‍ നിന്ന് സീനുകള്‍ ഒഴിവാക്കാന്‍ തനിക്ക് തോന്നിയില്ലെന്നും താരം പറയുന്നു.
ഒടുവില്‍ തമിഴിലെ എക്കാലത്തെയും മികച്ച എഡിറ്റര്‍മാരിലൊരാളായ ലെനിനെ സമീപിച്ചെന്നും അദ്ദേഹം ആ അഞ്ച് മണിക്കൂര്‍ വേര്‍ഷന്‍ കണ്ടെന്നും ചേരന്‍ പറഞ്ഞു. 10 ദിവസം കഴിഞ്ഞ് വരാന്‍ തന്നോട് പറഞ്ഞെന്നും ആ സമയം കൊണ്ട് അദ്ദേഹം ആ സിനിമ മൂന്നേ കാല്‍ മണിക്കൂറിലേക്ക് മാറ്റിയെന്നും താരം കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ സിനിമ ഹിറ്റായി മാറിയെന്നും ചേരന്‍ പറഞ്ഞു. ലിറ്റില്‍ ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തവമായ് തവമിരുന്ത് റോ ഫൂട്ടേജ് എട്ട് മണിക്കൂറായിരുന്നു. ആ സിനിമയുടെ ഫസ്റ്റ് എഡിറ്റ് ചെയ്തത് ഞാനായിരുന്നു. എട്ട് മണിക്കൂറുണ്ടായിരുന്ന ഫൂട്ടേജിനെ അഞ്ച് മണിക്കൂറിലേക്ക് കൊണ്ടുവന്നു. പക്ഷേ, അതിന്റെ അപ്പുറത്തേക്ക് പോകാന്‍ എനിക്ക് സാധിച്ചില്ല. പ്രൊഡ്യൂസറുടെ പ്രഷര്‍ ഒരു സൈഡിലുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ ലെനിന്‍ സാറെ പോയിക്കണ്ടു. തമിഴ് സിനിമയിലെ ലെജന്‍ഡ് എഡിറ്ററായിരുന്നു അദ്ദേഹം. ഞാന്‍ ഈ സിനിമയുടെ കാര്യം പറഞ്ഞു.
അദ്ദേഹം വന്ന് സിനിമ കണ്ടു. 10 ദിവസം കഴിഞ്ഞ് വരാന്‍ എന്നോട് പറഞ്ഞു. അതുവരെ സ്റ്റുഡിയോയില്‍ കാല് കുത്തരുതെന്നും ആവശ്യപ്പെട്ടു. പടത്തിലെ ഇംപോര്‍ട്ടന്റ് സീനൊക്കെ ഒരു മയവുമില്ലാതെ വെട്ടിമാറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. അസിസ്റ്റന്റിനോട് ഒരു കോപ്പി മാറ്റിവെക്കാന്‍ നിര്‍ദേശിച്ചു. 10 ദിവസം കഴിഞ്ഞ് വന്നപ്പോള്‍ മൂന്ന് മണിക്കൂര്‍ 20 മിനിറ്റിലേക്ക് പടം മാറ്റി. രണ്ട് സീനുകള്‍ മാത്രമേ കളഞ്ഞുള്ളൂ. ബാക്കി സീനുകള്‍ വെട്ടി ക്രിസ്പാക്കി വെച്ചു. ആ സിനിമ ഹിറ്റായതിന്റെ ക്രെഡിറ്റില്‍ പകുതി ലെനിന്‍ സാറിനുള്ളതാണ്,’ ചേരന്‍ പറഞ്ഞു.
Content Highlight: Cheran shares the editing experience of Thavamai Thavamirundhu movie