| Thursday, 12th June 2025, 1:22 pm

ഗ്രാഫിക്‌സൊന്നും ഇല്ലാതിരുന്ന കാലത്ത് ഭരതന്‍ സാര്‍ ആ ഷോട്ട് എങ്ങനെയെടുത്തെന്ന് ആലോചിച്ച് ഇന്നും അത്ഭുതം തോന്നുന്നു: ചേരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ആളാണ് ചേരന്‍. പുരിയാത പുതിര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് ചേരന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ ചെയ്ത ചേരന്‍ ഭാരതി കണ്ണമ്മ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. നാല് ദേശീയ അവാര്‍ഡും ആറ് തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും അദ്ദേഹം തന്റെ പേരിലാക്കിയിട്ടുണ്ട്.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ഭരതനെക്കുറിച്ച് സംസാരിക്കുകയാണ് ചേരന്‍. താന്‍ മലയാളസിനിമകള്‍ പണ്ടുതൊട്ടേ ഫോളോ ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല സിനിമകളും കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും അതിലൊന്നാണ് ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ സിനിമയില്‍ ഒരു കഴുകന്‍ പറന്നുവന്നിരിക്കുന്ന ഷോട്ട് ഉണ്ടെന്നും താന്‍ അത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ചേരന്‍ പറയുന്നു. ഇന്നത്തെ കാലമാണെങ്കില്‍ കഴുകനെ ഗ്രാഫിക്‌സില്‍ കൂട്ടിച്ചേര്‍ക്കാമെന്നും അന്ന് അതിന് സാധ്യതയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചേരന്‍.

‘മലയാളസിനിമകള്‍ പണ്ടുമുതല്‍ക്കേ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാന്‍. തമിഴ് സിനിമയെയും മലയാളസിനിമയെയും വ്യത്യസ്തമാക്കുന്നത് എന്താണെന്ന് വെച്ചാല്‍, ഇവിടെ വല്ലപ്പോഴും മാത്രമേ മോശം സിനിമകള്‍ വരാറുള്ളൂ. പല സിനിമകളും മികച്ച കണ്ടന്റുകളുള്ളവയാണ്. അതാണ് എനിക്ക് മലയാളസിനിമ ഇഷ്ടപ്പെടാന്‍ കാരണം.

ഭരതന്‍ സാറിന്റെ സിനിമകളെല്ലാം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. താഴ്‌വാരം എന്ന സിനിമയില്‍ ഒരു കഴുകന്‍ പറന്നുവന്ന് ഇരിക്കുന്ന ഒരു ഷോട്ടുണ്ട്. ഇന്ന് കാണുമ്പോഴും എന്നെ ആ ഷോട്ട് ചിന്തിപ്പിക്കും. കാരണം, ഇന്ന് അതുപോലൊരു സീന്‍ ചെയ്യണമെങ്കില്‍ നമുക്ക് സി.ജി.ഐയുടെ സഹായത്തോടെ ചെയ്യാന്‍ സാധിക്കും. അന്നൊക്കെ എവിടന്നാണ് സി.ജി.ഐ. അതെല്ലാം കാരണമാണ് എനിക്ക് മലയാളസിനിമയോട് ബഹുമാനം തോന്നുന്നത്,’ ചേരന്‍ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് താഴ്‌വാരം. ഇന്നും സിനിമാപ്രേമികള്‍ ഒരു പാഠപുസ്തമായി കാണുന്ന ചിത്രമാണിത്. സലിം ഘൗസ് വില്ലനായി വേഷമിട്ട ചിത്രത്തില്‍ ബാലന്‍ കെ. നായര്‍, സുമലത, ശങ്കരാടി, അഞ്ചു തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

Content Highlight: Cheran saying he felt wondered after watching Thazhvaram movie

We use cookies to give you the best possible experience. Learn more