| Monday, 26th May 2025, 11:48 am

എന്നെക്കൊണ്ട് ഇത്രയും നെഗറ്റീവായിട്ടുള്ള കഥാപാത്രം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയില്ലെന്ന് അവരെല്ലാം അഭിപ്രായപ്പെട്ടിരുന്നു: ചേരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായ നരിവേട്ട. ഇഷ്‌ക്കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2003ല്‍ നടന്ന മുത്തങ്ങ വെടിവെപ്പിനെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. ചരിത്രത്തെ അടയാളപ്പെടുത്തുന്ന സിനിമയെന്നാണ് പലരും നരിവേട്ടയെ വിശേഷിപ്പിക്കുന്നത്.

ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തത് തമിഴിലെ അറിയപ്പെടുന്ന സംവിധായകനും നടനുമായ ചേരനായിരുന്നു. നാല് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചേരന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നു നരിവേട്ടയിലെ കേശവദാസ് എന്ന കഥാപാത്രം. മലയാളത്തിലെ ആദ്യസിനിമയില്‍ തന്നെ മികച്ച പ്രകടനമാണ് ചേരന്‍ കാഴ്ചവെച്ചത്.

കരിയറില്‍ ആദ്യമായിട്ടാണ് നെഗറ്റീവ് വേഷം ചെയ്യുന്നതെന്ന് പറയുകയാണ് ചേരന്‍. ജീവിതത്തില്‍ താന്‍ ഒട്ടും ഗ്രേ ഷെയ്ഡല്ലെന്ന് ചേരന്‍ പറഞ്ഞു. ഈ സിനിമയിലേക്ക് തന്നെ വിളിച്ചപ്പോള്‍ ഇത് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തന്റെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനോട് ചോദിച്ചിരുന്നെന്നും അവരുടെ മറുപടി ഈ സിനിമ ചെയ്യരുതെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പങ്കാളിയോടും കുട്ടികളോടും ചോദിച്ചപ്പോള്‍ അവരുടെ മറുപടിയും വേണ്ടെന്ന് തന്നെയായിരുന്നെന്നും താരം പറയുന്നു. തന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു അവരെല്ലാവരും പറഞ്ഞതെന്നും ചേരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംവിധായകനെ വിശ്വസിച്ചാണ് താന്‍ ഈ സിനിമ ചെയ്തതെന്നും അതിന് നല്ല പ്രതികരണം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. കൊമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ചേരന്‍.

‘എന്റെ കരിയറില്‍ ഞാന്‍ ഇതുവരെ നെഗറ്റീവ് വേഷം ചെയ്തിട്ടില്ല. ഈ സിനിമയിലാണ് ആദ്യമായി ഇത്തരത്തിലൊരു റോള്‍ ചെയ്തത്. ലൈഫില്‍ ഞാന്‍ അഞ്ച് ശതമാനം പോലും ഗ്രേയല്ല. അങ്ങനെയുള്ള എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ എന്റെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനോട് സംസാരിച്ചു. വേണ്ട എന്നായിരുന്നു അവരുടെ മറുപടി. എന്റെ വൈഫിനോടും മക്കളോടും ഡിസ്‌കസ് ചെയ്തപ്പോള്‍ എന്നെക്കൊണ്ട് ഇത്രയും നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് എന്നെ ഈ വേഷത്തിലേക്ക് വിളിച്ചതെന്ന് അനുരാജിനോട് ചോദിച്ചു. ‘ഇതുവരെ നെഗറ്റീവ് കഥാപാത്രം ചെയ്യാത്ത ഒരാള്‍ ഈ കഥാപാത്രം ചെയ്യണം. ആദ്യം കാണുന്ന പ്രേക്ഷകര്‍ ഇയാള്‍ മോശം ആളാണെന്ന് തോന്നരുത്’ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അക്കാരണം കൊണ്ടാണ് ഞാന്‍ ഓക്കെ പറഞ്ഞത്. സിനിമ കണ്ട എന്റെ അസിസ്റ്റന്റ്‌സ് പറഞ്ഞത് ‘നിങ്ങളെയല്ല ഈ വേഷത്തില്‍ കണ്ടത്, നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്’ എന്നായിരുന്നു’, ചേരന്‍ പറഞ്ഞു.

Content Highlight: Cheran about his character in Narivetta movie

We use cookies to give you the best possible experience. Learn more