ചെന്നൈയിലെ കാലിക്കുടങ്ങള്‍, കേരളത്തിലുമുണ്ട് കാലിയാവാറായ കുടങ്ങള്‍
Environment
ചെന്നൈയിലെ കാലിക്കുടങ്ങള്‍, കേരളത്തിലുമുണ്ട് കാലിയാവാറായ കുടങ്ങള്‍
ഷിനോദ് കെ.കെ
Tuesday, 2nd July 2019, 3:24 pm

”വെള്ളമുണ്ടായലല്ലെ ഭക്ഷണമുണ്ടാക്കാന്‍ പറ്റു,
വെള്ളവും ഭക്ഷണവുമുണ്ടെങ്കിലല്ലെ നമുക്ക് ജീവിക്കാന്‍ പറ്റു,
അതുകൊണ്ട് മഴ വേണം.”

അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു കുഞ്ഞുമോള്‍ ചെന്നൈയിലെ ചേരിപ്രദേശത്തിന്റെ തെരുവിലിരുന്ന് പറയുന്ന വാക്കുകള്‍ നിങ്ങള്‍ കേട്ടിരുന്നോ? കാത്തിരിപ്പിന്റെ, ആശങ്കയുടെ, നിരാശയുടെ എല്ലാം നിഴലുകള്‍ ആ വാക്കുകളില്‍ നിറഞ്ഞിരുന്നു.

കുഴല്‍ കിണറുകളാണ് ചെന്നൈയില്‍ എല്ലായിടത്തും. ഇപ്പോള്‍ ഒരു തുള്ളി പോലും വെള്ളം പകരാനാവാതെ കിതയ്ക്കുന്ന കുഴലുകള്‍. പുഴല്‍, ചെമ്പരമ്പാക്കം, പൂണ്ടി, ചോഴവാരം തുടങ്ങിയവയാണ് നഗരത്തിലേക്ക് വെള്ളം എടുത്തുകൊണ്ടിരുന്ന പ്രധാന തടാകങ്ങള്‍. എല്ലാം വറ്റി വരണ്ടു. ഇക്കാരണം കൊണ്ട് സര്‍ക്കാരിന് നഗരത്തില്‍ കൂടുതല്‍ വെള്ളം വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നു. ഇതോടെ പ്രതിസന്ധി രൂക്ഷമായി.

പല്ലാവരത്ത്, കൃത്യമായി പറഞ്ഞാല്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്ത് ഈശ്വരി നഗറില്‍ ആളുകള്‍ വെള്ളമെടുക്കാനായി നറുക്കിടുന്ന കാഴ്ചയും അമ്പത്തൂരിലെ താമരക്കുളത്തില്‍ മീനുകള്‍ ചത്ത് പൊങ്ങിയ ദൃശ്യങ്ങളുമാണ് വരള്‍ച്ചയുടെ ഭീകരത തുറന്നു കാട്ടിയത്. വരള്‍ച്ച മാധ്യമ സൃഷ്ടിയാണ് എന്ന പറഞ്ഞിരുന്ന സര്‍ക്കാരിന് പോലും പിന്നീട് തിരുത്തിപ്പറയേണ്ടി വന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറി. രാപ്പകലില്ലാതെ ആളുകള്‍ തെരുവില്‍ വെള്ളട്ടാങ്കറുകളും കാത്തു നിന്നു. ഇപ്പോഴും നില്‍ക്കുന്നു.

ഇതിനിടെ പെയ്ത രണ്ട് മഴ നഗരത്തെ തണുപ്പിച്ചെങ്കിലും കിണറുകളില്‍ വെള്ളം ഊറിയെത്തിയിട്ടില്ല. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ സര്‍ക്കാര്‍ അല്‍പമൊന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ടാങ്കറുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കെത്തുന്നു. അപ്പോഴും ഒരു കുടുംബത്തിന് ദിവസം നാലോ അഞ്ചോ കുടം വെള്ളം മാത്രമേ ലഭിക്കുന്നുള്ളു. ജലക്ഷാമം ചെന്നൈയ്ക്ക് പുതുമയല്ല. പക്ഷേ അതിത്ര രൂക്ഷമായത് ഇത്തവണയാണ്.

ജലക്ഷാമത്തിനുള്ള കാരണങ്ങള്‍

യഥാര്‍ത്ഥത്തില്‍ ചെന്നൈ നഗരം വളര്‍ന്ന് നില്‍ക്കുന്നത് മുമ്പ് വിശാലമായി പടര്‍ന്നു കിടന്ന ചതുപ്പ് നിലത്തിന് മുകളിലാണ്. ചതുപ്പുകളെല്ലാം നികത്തി വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി. പഠനങ്ങള്‍ വ്യക്തമാക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം ചെന്നൈയിലെ 31 ശതമാനം തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെട്ടുവെന്നാണ്. സ്വകാര്യ കെട്ടിടങ്ങളും അത്ര തന്നെ സര്‍ക്കാര്‍ പദ്ധതികളും തണ്ണീര്‍ത്തടങ്ങള്‍ക്ക് മുകളില്‍ വളര്‍ന്നുപൊങ്ങി.

നഗരത്തില്‍ ആളുകള്‍ പെരുകിയതോടെ വെള്ളത്തിനുള്ള ആവശ്യം വര്‍ധിച്ചു. കിണറുകളും കുഴല്‍ കിണറുകളും പെരുകി. കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ വൃത്തിക്കായി നിലമെല്ലാം കോണ്‍ക്രീറ്റും ഇന്റെര്‍ലോക്കും പതിച്ചു. നേരത്തെ നികത്തിയ തണ്ണീര്‍ത്തടങ്ങള്‍, ഇപ്പോള്‍ സിമന്റിട്ട് വെള്ളം കടലിലേക്ക് ഒഴുക്കിക്കളഞ്ഞ വൃത്തി. ഇതെല്ലാം ചേര്‍ത്ത് മഴവെള്ളമൊന്നും മണ്ണിലേക്ക് ഇറങ്ങാത്ത അവസ്ഥവന്നു. ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്തു നഗരത്തില്‍. ഈ സമയത്ത് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത മഴവെള്ള സംഭരണത്തിനായി പദ്ധതികള്‍ കൊണ്ടു വന്നു. അത് കാര്യമായി മുന്നോട്ട് പോകുകയും ചെയ്തു. എന്നാല്‍ അവരുടെ കാലശേഷം തുടര്‍ച്ചയുണ്ടായില്ല.

എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിലായതിനാല്‍ ഇത്തരം കാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയും വെച്ച് പുലര്‍ത്തിയില്ല. വരള്‍ച്ചയില്‍ പൊറുതിമുട്ടി ജനങ്ങള്‍ നട്ടം തിരിയുമ്പോഴും വരള്‍ച്ച മാധ്യമ സൃഷ്ടിയാണ് എന്നായിരുന്നു മന്ത്രി എസ്.പി വേലുമണിയുടെ പ്രസ്താവന. പിന്നീട് ഈ പ്രസ്താവനയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്ക് തന്നെ തിരുത്തേണ്ടി വന്നു. കൂടുതല്‍ വെള്ളം നഗരത്തിലേക്കെത്തിക്കാനുള്ള സംവിധാനം ഒരുക്കി സര്‍ക്കാര്‍. എന്നാല്‍ അതിപ്പോഴും പാതി വഴിയിലാണ്. ചേരി പ്രദേശങ്ങളിലും മറ്റ് നിരവധി കോളനികളിലും രണ്ട് ദിവസത്തിലൊരിക്കലാണ് വെള്ളമെത്തുന്നത്. സര്‍ക്കാര്‍ ടാങ്കറുകള്‍ വഴി എത്തിച്ച് നല്‍കുന്ന വെള്ളം തന്നെയാണ് ഭൂരിഭാഗം പേരും കുടിക്കുന്നത്. ഈ വെള്ളം കുടിച്ചിട്ട് ശര്‍ദ്ദിയും വയറിളക്കം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുട്ടികളെയടക്കം ബാധിച്ചു.

നഗരത്തിന്റെ ചിലയിടങ്ങളില്‍ ഒരു കുടം വെള്ളത്തിന് പത്ത് രൂപയാണ്. അത് എല്ലാ സ്ഥലത്തും കിട്ടാനില്ല. കിട്ടുന്ന സ്ഥലത്ത് പോയി പത്തു കുടം വെള്ളം വാങ്ങി തിരിച്ച് വീട്ടിലേക്ക് ഒരു ഓട്ടോയും പിടിച്ച് വരണമെങ്കില്‍ ആളുകള്‍ക്ക് 200 രൂപ വീതം ദിവസേന ചിലവാക്കേണ്ടി വരുന്നു. വീട്ടു പണിയ്ക്ക് പോയും മറ്റ് കൂലിത്തൊഴിലുകളെടുത്തും ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റി.

ജല സംഭരണികളുടെ സ്ഥിതി

വികസനക്കുതിപ്പിനിടെ ചെന്നൈ മണ്ണിട്ടു മൂടിയത് ചെറുതും വലുതുമായ ആയിരക്കണക്കിന് തണ്ണീര്‍ത്തടങ്ങളാണ്. നഗരവാസികളായ ജനങ്ങള്‍ക്ക് സര്‍ക്കാരിനെയും സര്‍ക്കാരിന് ജനങ്ങളേയും കുറ്റം പറയാനാവില്ല. കാരണം രണ്ട് കൂട്ടരും ആവശ്യാനുസരണം തടാകങ്ങളും തോടുകളും എല്ലാം നികത്തി കെട്ടിടങ്ങള്‍ പണിതു. പുഴല്‍, ചെമ്പരമ്പാക്കം, പോരൂര്‍, ചോഴവാരം, പൂണ്ടി എന്നീ തടാകങ്ങളാണ് മഴക്കാലത്തിന്റെ ഇടവേളകളില്‍ ചെന്നൈ നഗരത്തിനായി വെള്ളം കാത്തു വെച്ചത്. എന്നാല്‍ ഈ തടാകങ്ങളുടെ നിലനില്‍പ്പും കഴിഞ്ഞ കുറച്ച് കാലംകൊണ്ട് അപകടത്തിലായി. ജലസംഭരണികള്‍ക്ക് സമീപം കരിങ്കല്‍ ക്വാറികളുടെയും മണല്‍ ക്വാറികള്‍കളുടെയും പ്രവര്‍ത്തനം സജീവമായി തുടരുകയാണ്.

ചോഴവാരം, പുഴല്‍ എന്നീ ജലസംഭരണികള്‍ക്ക് സമീപം കുണ്ട്രത്തൂരിനും മാങ്ങാടിനുമിടയില്‍ നിരവധി കരിങ്കല്‍ ക്വാറികളാണുള്ളത്. ഖനനം തുടരുന്നതുകൊണ്ട് വീണ്ടും വീണ്ടും ജലനിരപ്പ് താഴുകായണ്. കുണ്ട്രത്തൂരിന് സമീപം ശിഖരായപുരത്ത് രണ്ടരപ്പതിറ്റാണ്ടോലം കാലം കരിങ്കല്ലെടുത്ത് ഒടുവില്‍ സമരംകൊണ്ട് ഖനനം അവസാനിപ്പിച്ച 15 ക്വാറികളുണ്ട്. അനുവദിച്ച പരിധിയും കടന്ന് 180 അടിയോളമാണ് ഭൂമി തുരന്ന് ഇവിടെനിന്ന് കല്ല് പൊട്ടിച്ചെടുത്തത്. ഈ ക്വാറികളില്‍ ശേഖരിക്കപ്പെട്ടവെള്ളം തന്നെ വരള്‍ച്ചയെ നേരിടാന്‍ വിതരണം ചെയ്യേണ്ടി വരുന്നു എന്നത് വിരോധാഭാസം. ഖനന വ്യവസ്ഥകള്‍ പാലിക്കാത്ത ക്വാറികകളുടെ എത്രയും പെട്ടെന്ന് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രശ്നമാണ്.

ജലമൂറ്റലും വില്‍പ്പനയും

വരള്‍ച്ച സ്വകാര്യ കുടിവെള്ള കമ്പനികള്‍ക്ക് കൊയ്ത്ത് കാലമാണ്. എവിടെ നിന്നെങ്കിലുമൊക്കെ വെളളമെത്തിച്ച് ലാഭം കൊയ്യുകയാണ് കമ്പനികള്‍. വരള്‍ച്ച രൂക്ഷമാവുന്നതിന് മുമ്പ് ചെന്നൈയിലെ ജല സംഭരണികളുടെ സമീപത്ത് നിന്നും ഈ കമ്പനികള്‍ കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ഊറ്റിയെടുത്തു. പുഴല്‍, ചെമ്പരമ്പാക്കം, പൂണ്ടി, ചോഴവാരം എന്നീ ജലസംഭരണികള്‍ക്ക് ചുറ്റുമായി പ്രവര്‍ത്തിക്കുന്നത് 450 ഓളം പാക്ക്ഡ് കുടിവെളള കമ്പനികളാണ്. ദിവസവും ഊറ്റിയെടുക്കുന്ന വെളളത്തിന് കണക്കില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 300 ഓളം കുടിവെളള കമ്പനികളുണ്ടെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

ചെന്നൈ, കാഞ്ചീപുരം, തിരുവളളൂര്‍ എന്നീ മൂന്ന് വടക്കന്‍ ജില്ലകളില്‍ ഒരുദിവസം കുടിവെളള കമ്പനികള്‍ വിതരണം ചെയ്യുന്നത് 250 ദശലക്ഷം ലിറ്റര്‍ വെളളമാണ്. ഈ കണക്ക് കന്നാസുകളില്‍ 20 ലിറ്റര്‍ വീതം വില്‍ക്കുന്നതിന്റേയാണ്. പ്ലാസ്റ്റിക്ക് കുപ്പികളില്‍ ലിറ്ററിന് 20 രൂപ നിരക്കില്‍ നമ്മള്‍ വാങ്ങുന്ന വെള്ളവും ഇതേ രീതിയില്‍ കമ്പനികള്‍ വിതരണം നടത്തുന്നു. ജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാര്‍ സൂക്ഷിച്ച വെള്ളമാണ് സ്വകാര്യ കമ്പനികള്‍ ഊറ്റി വിറ്റ് ലാഭം കൊയ്യുന്നത്.

ഇനിയുള്ള സാധ്യത

തമിഴ്നാടിന്റെ വികസന സങ്കല്‍പ്പം പരിസ്ഥിതിയുമായി തീരെ ഒത്തു പോകാത്തതാണ്. തൂത്തുക്കുടിയിലെ സമരവും ചെന്നൈ – സേലം എട്ടുവരിപ്പാതാ സമരവും ഇപ്പോള്‍ വളര്‍ന്നു വരുന്ന ഹൈഡ്രോ കാര്‍ബണ്‍ വിരുദ്ധ പ്രക്ഷോഭവുമെല്ലാം ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാരിന്റെ വികലമായ വികസന സങ്കല്‍പ്പത്തെത്തന്നെ. ആ വികസന മാതൃകയെ മാറ്റി നിര്‍ത്തി പകരം പരിസ്ഥിതിയെക്കൂടി പരിഗണിക്കുന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക എന്നതാണ് തമിഴിനാടിന് മുന്നിലുള്ള സാധ്യത.

മറ്റൊന്ന് മഴവെള്ള സംഭരണമാണ്. രണ്ട് തരത്തില്‍ സാധ്യമാണത് ഒന്ന് മഴവെള്ളം മണ്ണിലേക്കിറങ്ങാനുള്ള തടസ്സങ്ങള്‍ നീക്കുക. വീട്ടുമുറ്റത്തും കെട്ടിടങ്ങളിലുമെല്ലാം തറയില്‍ സ്ഥാപിച്ച ഇന്റെര്‍ലോക്കുകളും കോണ്‍ക്രീറ്റ് പാളിയുമെല്ലാം പറിച്ചു മാറ്റുക. രണ്ടാമത്തേത് മഴവെള്ളം സംഭരിച്ച് കിണര്‍ റീച്ചാര്‍ജ്ജിങ്ങ് നടത്തുക എന്നതാണ്. ചെന്നൈയില്‍ ഒരു വര്‍ഷത്തില്‍ ശരാശരി 80 സെന്റീമീറ്ററിനും 120 സെന്റീമീറ്ററിനുമിടയിലാണ് മഴ ലഭിക്കുക.

കഴിഞ്ഞ വര്‍ഷം ലഭിച്ചത് 56 സെന്റീമീറ്റര്‍ മാത്രവും. മഴവെളള ശേഖരിച്ച് കിണറുകളിലേക്ക് വിട്ടതിലൂടെ അഞ്ച് അടിയോളം ജല നിരപ്പ് ഉയര്‍ന്ന അനുഭവം ചെന്നൈയില്‍ തന്നെ പലയിടത്തുമുണ്ട്. 2004ല്‍, ഇപ്പോഴത്തെ അത്രയില്ലെങ്കിലും ചെന്നൈ കടുത്ത വരള്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെളളം ശേഖരണ പദ്ധതി നിര്‍ബന്ധമാക്കിയിരുന്നു. മൂന്ന് നാല് വര്‍ഷം മഴവെളളം ശേഖരണം നടന്നുവെങ്കിലും പിന്നീട് നിര്‍മിച്ച പല കെട്ടിടങ്ങളിലും മഴവെളള സംഭരണം പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയില്ല. അതിന്റെ ദുരിതം പേറുകയാണ് മനുഷ്യര്‍.

കേരളമേ കാണ്‍ക, പഠിക്കുക, തിരുത്തുക

ഈ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണ്. പരിസ്ഥിതിയെ പരിഗണിക്കാത്ത വികസനവുമായി കുതിക്കുകയാണല്ലൊ നാം. ചെന്നൈയുടെ ദുര്‍ഗതി വരാതിരിക്കാന്‍ ഇപ്പോഴേ മുന്‍കരുതലുകളെടുക്കാം.