ഞങ്ങളെ മാത്രം വയസന്‍പടയെന്ന് വിളിക്കരുത്; അടുത്ത സീസണിലും ധോണി നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ്
Ipl 2020
ഞങ്ങളെ മാത്രം വയസന്‍പടയെന്ന് വിളിക്കരുത്; അടുത്ത സീസണിലും ധോണി നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍കിംഗ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th October 2020, 3:50 pm

ദുബായ്: ഐ.പി.എല്‍ നടപ്പ് സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി വിരമിക്കില്ലെന്ന് ടീം സി.ഇ.ഒ കാശി വിശ്വനാഥന്‍. അടുത്ത സീസണിലും ധോണി തന്നെ ചെന്നൈ ടീമിനെ നയിക്കുമെന്ന് കാശി വിശ്വനാഥന്‍ പറഞ്ഞു.

‘2021ലെ സീസണിലും ധോണി നായകസ്ഥാനത്ത് ഉണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഐ.പി.എല്ലില്‍ ഞങ്ങള്‍ക്ക് വേണ്ടി മൂന്ന് കിരീടം നേടിത്തന്ന നായകനാണ് ധോണി. ആദ്യമായാണ് ഞങ്ങള്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. മറ്റൊരു ടീമിനും ഇത്രയും മികച്ച നേട്ടമില്ല’, അദ്ദേഹം പറഞ്ഞു.

ഒരു മോശം വര്‍ഷം എല്ലാം മാറ്റി മറിക്കുമെന്നല്ല ചിന്തിക്കേണ്ടതെന്നും കാശി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ പിന്‍മാറ്റം ടീമിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

‘വയസന്‍ പടയെന്ന് ഞങ്ങളെ മാത്രം വിളിക്കാനാവില്ല. എല്ലാ ടീമും ഇങ്ങനെ സീനിയര്‍-ജൂനിയര്‍ താരങ്ങള്‍ ചേര്‍ന്നതാണ്. ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇക്കാര്യം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളമിങ്ങും വ്യക്തമാക്കിയിട്ടുണ്ട്’, കാശി പറഞ്ഞു.

12 മത്സരം പൂര്‍ത്തിയാക്കിയ ചെന്നൈ നാല് മത്സരം മാത്രമാണ് വിജയിച്ചത്. എട്ട് മത്സരത്തില്‍ പരാജയപ്പെട്ടു. ആദ്യമായാണ് ഒരു സീസണില്‍ ചെന്നൈ എട്ട് മത്സരം തോല്‍ക്കുന്നത്.

കൂടാതെ മുംബൈ ഇന്ത്യന്‍സിനോട് 10 വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. ഇതും ചരിത്രത്തിലാദ്യമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chennai SuperKings IPL 2020 Dhoni