| Friday, 25th April 2025, 5:46 pm

നൂറ് ശതമാനം ജയം! സണ്‍റൈസേഴ്‌സിന് ചെന്നൈ നരകം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിനാണ് ചെപ്പോക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ധോണിക്കും സംഘത്തിനും നേരിടാനുള്ളത്.

പോയിന്റ് പട്ടികയില്‍ സൂപ്പര്‍ കിങ്‌സ് പത്താം സ്ഥാനത്താണ്. സണ്‍റൈസേഴ്‌സാകട്ടെ ഒമ്പതാം സ്ഥാനത്തും. എട്ട് മത്സരത്തില്‍ രണ്ട് വിജയവും ആറ് തോല്‍വിയുമായി നാല് പോയിന്റാണ് ഇരു ടീമുകള്‍ക്കുമുള്ളത്. നെറ്റ് റണ്‍ റേറ്റാണ് ഇരു ടീമുകളെയും തമ്മില്‍ വേര്‍തിരിക്കുന്നത്.

ചെന്നൈയ്‌ക്കെതിരെ ചെപ്പോക്കിലിറങ്ങുന്ന സണ്‍റൈസേഴ്‌സിനെ ഭൂതകാലം വേട്ടയാടുമെന്നുറപ്പാണ്. ചെപ്പോക്കില്‍ ഒരിക്കല്‍പ്പോലും സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്താന്‍ ഓറഞ്ച് ആര്‍മിക്ക് സാധിച്ചിട്ടില്ല.

ചെപ്പോക്കില്‍ ഇരു ടീമുകളും അഞ്ച് മത്സരം വീതം കളിച്ചപ്പോള്‍ അഞ്ച് തവണയും വിജയം ഹോം ടീമിനൊപ്പമായിരുന്നു. നൂറ് ശതമാനമാണ് ചെപ്പോക്കില്‍ സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈയുടെ വിജയശതമാനം.

ചെപ്പോക്കില്‍ ഓരോ ടീമിനെതിരെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയശതമാനം

(ടീം – മത്സരം – വിജയശതമാനം എന്നീ ക്രമത്തില്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 5 – 100%

ഗുജറാത്ത് ടൈറ്റന്‍സ് – 2 – 100%

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 10 – 80%

രാജസ്ഥാന്‍ റോയല്‍സ് – 9 78%

ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) – 10 – 70%

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 12 67%

പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) – 8 – 50%

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2 50%

മുംബൈ ഇന്ത്യന്‍സ് – 9 – 44%

അതേസമയം, മത്സരത്തില്‍ വിജയിക്കുന്ന ടീം രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് കുതിക്കും. ടൂര്‍ണമെന്റില്‍ പ്രസക്തമായി തുടരണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ആറ് മത്സരം വീതം ശേഷിക്കുന്നതിനാല്‍ തന്നെ ഇനിയുള്ള മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്.

ടേബിള്‍ ടോപ്പേഴ്‌സായി തുടരുന്ന ടീമുകള്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെന്നൈ സൂപ്പര്‍ കിങ്‌സോ സണ്‍റൈസേഴ്‌സോ ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ ഇവര്‍ക്ക് സൂപ്പര്‍ ഫോറിലെത്താനുള്ള നേരിയ സാധ്യതകളുമുണ്ട്.

Content Highlight: Chennai Super Kings never lost to Sunrisers Hyderabad at MA Chidambaram Stadium

We use cookies to give you the best possible experience. Learn more