2023ലെ ഐ.പി.എല്‍ സീസണ്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ എം.എസ്. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്റര്‍നാഷണല്‍ കരിയറില്‍ ആരാധകരെ അമ്പരപ്പിക്കുന്ന രീതിയില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ രീതി ധോണിക്കുണ്ട്.
2014ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഒരു പരമ്പരയുടെ മധ്യത്തില്‍ പെട്ടെന്നാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. അതുപോലെ ഒരു ഓഫ് സീസണില്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ 2020 ഓഗസ്റ്റില്‍ താരം വണ്‍ഡേ ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചു. ഇതുപോലൊരു പ്രഖ്യാപനത്തിലൂടെ ഐ.പി.എല്ലില്‍ നിന്നു താരം പടിയിറങ്ങും എന്നാണ് ആരാധകര്‍ കണക്ക് കൂട്ടുന്നത്.
എന്നാലിപ്പോള്‍ മുപ്പത്തിയൊമ്പതുകാരനായ ധോണി ഐ.പി.എല്ലിലെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കുകയാണ് ഫ്രാഞ്ചൈസി സി.ഇ.ഒ കാശി വിശ്വനാഥന്‍.
2023 സീസണിലെ ചെന്നൈയുടെ അവസാന ഹാം മത്സരത്തിന് ശേഷം ക്രിക്ക് ബസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ധോണി ഞങ്ങളോട് വിരമിക്കല്‍ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. അടുത്ത വര്‍ഷവും അദ്ദേഹം കളിക്കുമെന്ന് ഞാന്‍ വ്യക്തിപരമായി കരുതുന്നു. ഇതുവരെ നന്നായി കളിച്ചു ടീമിനെ നന്നായി നയിച്ചു,’ വിശ്വനാഥന്‍ പറഞ്ഞു.
അതേസമയം, 2008ലെ ആദ്യ ഐ.പി.എല്ലില്‍ തന്നെ ധോണി അരങ്ങേറ്റം കുറിച്ചിരുന്നു. ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 246 മത്സരങ്ങള്‍ കളിച്ച ധോണി 39.35 ശരാശരിയില്‍ 5,076 റണ്‍സ് നേടിയിട്ടുണ്ട്. 24 അര്‍ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോര്‍ 84* റണ്‍സാണ്.