ഇന്ദ്രപ്രസ്ഥം കീഴടക്കി സഞ്ജു; ചേട്ടന്റെ ചിറകിലേറി ചെന്നൈക്ക് സൂപ്പർ കുതിപ്പ്
Cricket
ഇന്ദ്രപ്രസ്ഥം കീഴടക്കി സഞ്ജു; ചേട്ടന്റെ ചിറകിലേറി ചെന്നൈക്ക് സൂപ്പർ കുതിപ്പ്
Sudev A
Tuesday, 5th May 2026, 11:20 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചാം വിജയം. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ തകര്‍ത്തത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് അടിച്ചെടുത്തത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു. മറുഭാഗത്ത് എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് അക്‌സര്‍ പട്ടേലും സംഘവും.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. കാര്‍ത്തിക ശര്‍മ 31 പന്തില്‍ പുറത്താവാതെ 41 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. നാല് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് വേണ്ടി സമീര്‍ റിസ്വിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് മികച്ച പ്രകടനം നടത്തിയത്. റിസ്വി 24 പന്തില്‍ 40 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് സിക്‌സുകളാണ് താരം സ്വന്തമാക്കിയത്. സ്റ്റബ്‌സ് 31 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുകളും അടക്കം 38 റണ്‍സും സ്വന്തമാക്കി.

സി.എസ്.കെ ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ഗുര്‍ജ്നീത് സിങ്, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗദരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മെയ് 10ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി. മറുഭാഗത്ത് മെയ് എട്ടിനാണ് ക്യാപ്പിറ്റല്‍സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Content Highlight: Chennai Super Kings Beat Delhi Capitals in IPL 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.