മാവേലിക്കര: ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.
മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുവെന്ന ഒറ്റവക്കിലാണ് കോടതി വിധി പ്രസ്താവിച്ചത്. കേസിലെ 20 പ്രതികളും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
2012 ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എ.ബി.വി.പി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാല്‍, ചെങ്ങന്നൂര്‍ കോളജിലെത്തിയ ആദ്യവർഷ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു.
വിശാലിനെ മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ആക്രമണത്തില്‍ വിശാലിനോടൊപ്പം ഉണ്ടായിരുന്ന എ.ബി.വി.പി പ്രവര്‍ത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം 20 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആദ്യം ലോക്കല്‍ പൊലീസിനായിരുന്നു കേസിലെ അന്വേഷണ ചുമതല. പിന്നീട് പ്രതികളുടെ അറസ്റ്റ് വൈകിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കുകയായിരുന്നു.