ചാറ്റ്ജി.പി.ടി യിൽ പരസ്യം വരുന്നു; ചാറ്റുകൾ പരസ്യമാക്കില്ലെന്ന് കമ്പനി
India
ചാറ്റ്ജി.പി.ടി യിൽ പരസ്യം വരുന്നു; ചാറ്റുകൾ പരസ്യമാക്കില്ലെന്ന് കമ്പനി
കെ.എസ് ഷാബിന
Friday, 28th August 2026, 4:37 pm

മുംബൈ: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എ.ഐ തങ്ങളുടെ അഡ്വെർടൈസിങ് പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നു. ആഗോളതലത്തിൽ തങ്ങളുടെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയിൽ ചാറ്റ്ജി.പി.ടിക്ക് ഉള്ളിൽ സ്പോൺസേർഡ് മെസ്സേജുകൾ നൽകാൻ ബിസിനസുകളെ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചാറ്റ്ജി.പി.ടിയുടെ ‘ഫ്രീ’, ‘ഗോ’ പ്ലാനുകളിൽ ലോഗിൻ ചെയ്തിരിക്കുന്ന മുതിർന്ന ഉപയോക്താക്കൾക്കായി ഈ ആഴ്ച മുതൽ പരസ്യങ്ങൾ നൽകിത്തുടങ്ങും.

ഈ ആഴ്ചയിൽ ഇന്ത്യയിലെ 50 ൽ അധികം പ്രമുഖ ബ്രാൻഡുകൾ ചാറ്റ്ജി.പി.ടി വഴി പരസ്യങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ഓപ്പൺ എ.ഐ അറിയിച്ചു. കാമ്പെയ്ൻ തന്ത്രങ്ങൾ, ക്രിയേറ്റീവ് വർക്കുകൾ, ബ്രാൻഡ് സുരക്ഷ എന്നിവയിൽ പരസ്യദാതാക്കളെ പിന്തുണയ്ക്കുന്നതിനായി ഡബ്ല്യു.പി.പി , ഓംനികം എന്നീ ഏജൻസികളുമായി ഓപ്പൺഎ.ഐ കരാറിലെത്തിയിട്ടുണ്ട്. ഈ കരാർ എക്‌സ്‌ക്ലൂസീവ് അല്ലെന്നും പരസ്യ പദ്ധതി വികസിക്കുന്നതിനനുസരിച്ച് കൂടുതൽ ഏജൻസികളുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തമായി പരസ്യ ക്യാമ്പെയ്‌നുകൾ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന ബിസിനസുകൾക്കായി ‘ചാറ്റ്ജി.പി.ടി ആഡ്സ് മാനേജർ’എന്ന സെൽഫ് സെർവ് സംവിധാനം സെപ്റ്റംബർ നാല് മുതൽ ഇന്ത്യയിൽ ലഭ്യമാകും. പ്രതിദിനം കുറഞ്ഞത് 725 രൂപ ബജറ്റിൽ വിവിധ തലങ്ങളിലുള്ള ബിസിനസുകൾക്ക് ഇതിലൂടെ പരസ്യം ചെയ്തു തുടങ്ങാം. ഉപയോക്താക്കൾ ചോദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉണ്ടെങ്കിൽ, ചാറ്റ്ജി.പി.ടി നൽകുന്ന മറുപടിക്ക് തൊട്ടുതാഴെയാകും ഈ പരസ്യങ്ങൾ കാണിക്കുക. ഇവ ‘സ്പോൺസേർഡ്’ എന്ന് വ്യക്തമായി ലേബൽ ചെയ്യുകയും എ.ഐ നൽകുന്ന മറുപടിയിൽ നിന്ന് കാഴ്ചയിൽ വേറിട്ടുനിർത്തുകയും ചെയ്യും.

പരസ്യങ്ങൾ വരുന്നത് ചാറ്റ്ജി.പി.ടി നൽകുന്ന ഉത്തരങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകത. പരസ്യദാതാവിന്റെ താൽപ്പര്യങ്ങളേക്കാൾ ഉപയോക്താവിന് ഏറ്റവും ഉപയോഗപ്രദമായ വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും എ.ഐ പ്രതികരണങ്ങൾ നൽകുന്നത്. ആളുകൾ പഠിക്കുന്നതിനും പുതിയ കാര്യങ്ങൾ നിർമ്മിക്കുന്നതിനും വിവരങ്ങൾ കണ്ടെത്തുന്നതിനും ചാറ്റ്ജി.പി.ടി ഉപയോഗിക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും എൻഗേജ്മെന്റുള്ള വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഓപ്പൺഎ.ഐയുടെ ഗ്ലോബൽ ആഡ്സ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റും മേധാവിയുമായ ഡേവ് ഡുഗൻ പറഞ്ഞു.

ഇന്ത്യയിൽ ആഴ്ചതോറുമുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം മുൻവർഷത്തേക്കാൾ ഇരട്ടിയായെന്നും, വെറുതെ വിവരങ്ങൾ തിരയുന്നതിന് പകരം തീരുമാനങ്ങൾ എടുക്കാനും ഓപ്ഷനുകൾ പരിശോധിക്കാനും ആളുകൾ ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്രമായ ഉത്തരങ്ങൾ, പരസ്യദാതാക്കളിൽ നിന്ന് സ്വകാര്യമായിരിക്കുന്ന സംഭാഷണങ്ങൾ, ഉപയോക്തൃ നിയന്ത്രണം എന്നിവ സംരക്ഷിച്ചുകൊണ്ട് മാർക്കറ്റർമാർക്ക് മികച്ച അനുഭവം നൽകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഡുഗൻ പറഞ്ഞു.

ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സുരക്ഷിതമായിരിക്കുമെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ സംഭാഷണങ്ങൾ, ചാറ്റ് ഹിസ്റ്ററി, ഓർമ്മകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവയിലേക്ക് പരസ്യദാതാക്കൾക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല. പകരം, ഇംപ്രഷനുകൾ, ക്ലിക്കുകൾ തുടങ്ങിയ സംയോജിത കണക്കുകൾ മാത്രമാണ് ബിസിനസുകൾക്ക് നൽകുക. കമ്പനി ഉപയോക്തൃ ഡാറ്റ വിൽപ്പനയ്ക്ക് വെക്കുന്നില്ലെന്നും ഉറപ്പുനൽകുന്നു.

പരസ്യങ്ങൾ നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് സൗകര്യമുണ്ടാകും. പരസ്യങ്ങൾ വേണ്ടാ എന്ന് വെക്കാനും ഫീഡ്‌ബാക്ക് നൽകാനും പേഴ്‌സണലൈസേഷൻ കൈകാര്യം ചെയ്യാനും കഴിയും. പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡാറ്റ ഉപയോക്താക്കൾക്ക് മായ്‌ച്ചു കളയാനും സാധിക്കും. 18 വയസ്സിന് താഴെയുള്ള ആളുകളുടെ അക്കൗണ്ടുകളിൽ പരസ്യങ്ങൾ കാണിക്കില്ല. കൂടാതെ രാഷ്ട്രീയം, മാനസികാരോഗ്യം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ ഒഴിവാക്കാനും ഓപ്പൺഎ.ഐ തീരുമാനിച്ചിട്ടുണ്ട്.

Content Highlight: ChatGPT now features ads; company clarifies chats will not be made public

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.