| Friday, 2nd May 2025, 1:37 pm

എത്ര സൗഹൃദം ഉണ്ടെങ്കിലും മമ്മൂട്ടി സാറിനെ കുറിച്ച് പറയാതെ ലാലേട്ടനെ കുറിച്ച് ഞാന്‍ സംസാരിക്കില്ല, അതിന് വലിയൊരു കാരണമുണ്ട്: സനില്‍ കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റും മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രധാനപ്പെട്ട താരങ്ങളുടെ പേഴ്‌സണല്‍ ഓഡിറ്റര്‍ കൂടിയാണ് എം.ബി സനില്‍ കുമാര്‍.

മോഹന്‍ലാലിനൊപ്പം മിക്ക വേദികളിലും സനല്‍കുമാറിനെ കാണാം. മോഹന്‍ലാലുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

എന്നാല്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കാതെ താന്‍ മോഹന്‍ലാലിനെ കുറിച്ച് പറയില്ലെന്നാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സനില്‍ കുമാര്‍ പറയുന്നത്. അതിന് വലിയൊരു കാരണമുണ്ടെന്നും സനില്‍ കുമാര്‍ പറയുന്നു.

‘ മോഹന്‍ലാലുമായുള്ള സൗഹൃദം പറയുന്നതിന് മുന്‍പ് വേറൊരു കാര്യം പറയണം. മനസുകൊണ്ട് ദൈവീകമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

എപ്പോഴും മമ്മൂട്ടി സാറിന കുറിച്ച് പറഞ്ഞിട്ടേ ലാല്‍സാറിലേക്ക് വരാന്‍ എനിക്ക് ആവുള്ളൂ. അതിന് ഒരൊറ്റ കാരണമേയുള്ളൂ. എന്റെ മനസ് അങ്ങനെയാണ്.

എത്ര സൗഹൃദം മോഹന്‍ലാലുമായുണ്ടെങ്കിലും എന്നെ ആദ്യം ഓഡിറ്ററായി അപ്പോയിന്റ് ചെയ്യുന്നത് മമ്മൂട്ടി സാറാണ്. ചെന്നൈയില്‍ നിന്ന് മലയാളം ഇന്‍ഡസ്ട്രി കേരളത്തിലേക്ക് മാറുന്ന കാലം.

അന്ന് സിനിമ അത്തരത്തില്‍ നാല് സംസ്ഥാനത്തിലേക്ക് മാറി. തമിഴ്‌നാട് അവിടെ നിന്നു, കര്‍ണാടക മാറി, തെലുങ്ക് മാറി, കേരളം മാറി.

അന്ന് ഇവരൊക്കെ താമസം ചെന്നൈയില്‍ ആയിരുന്നു. അന്ന് ഇവരുടെയൊക്കെ ഓഡിറ്റര്‍ ഒരാളായിരുന്നു. സുകുവേട്ടന്‍ എന്ന് വിളിച്ചിരുന്ന സുകുമാര്‍ സാര്‍.

അന്ന് കമ്പ്യൂട്ടറൊക്കെ വന്ന് തുടങ്ങുന്നതേയുള്ളൂ. ഇനിയുള്ളകാലം കമ്പ്യൂട്ടറിലൊക്കെ പ്രൊഫിഷ്യന്‍സി ഉള്ള ആരെങ്കിലും ആകണം ഓഡിറ്ററാകേണ്ടതെന്ന് സുകു സാറിനോട് മമ്മൂട്ടി സാര്‍ പറഞ്ഞു.

അന്ന് അവിടെയും ഇവിടെയുമൊന്നും അങ്ങനെയുള്ള ആരും ഇല്ല. അങ്ങനെ അദ്ദേഹം കണ്ടുപിടിച്ച ഒരാളാണ് ഞാന്‍. അന്ന് മമ്മൂട്ടി സാര്‍ എനിക്ക് ഒരു എഴുത്താണ് അയക്കുന്നത്. നിങ്ങളെ പേഴ്‌സണല്‍ ഓഡിറ്ററായി അപ്പോയ്ന്റ് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട്. അന്ന് മൊബൈല്‍ ഫോണൊന്നും ഇല്ല.

35 വര്‍ഷം മുന്‍പാണ്. കമ്പ്യൂട്ടര്‍ യുഗമൊന്നും തുടങ്ങിയിട്ടില്ല. അന്ന് ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങിച്ചു. ആദ്യമായി കമ്പ്യൂട്ടര്‍ വാങ്ങുന്ന തിരുവനന്തപുരത്തെ രണ്ടാമത്തെ ആളും കേരളത്തിലെ നാലാമത്തെ ആളുമാണ് ഞാന്‍.

ഞാന്‍ ഈ കമ്പ്യൂട്ടര്‍ ടൈപ്പ് ചെയ്യാനാണ് ഉപയോഗിക്കുന്നത് എന്ന് അദ്ദേഹത്തിന്് അറിയില്ലായിരുന്നു. ഈ അഭിമുഖം ഇപ്പോള്‍ കണ്ടാല്‍ അദ്ദേഹത്തിന് മനസിലാകും.

പക്ഷേ കമ്പ്യൂട്ടര്‍ ഉള്ള ഒരാള്‍, യങ്‌സറ്റര്‍. അതായിരുന്നു അദ്ദേഹത്തിന്റെ കണ്ണില്‍ ഞാന്‍. അങ്ങനെ ഒരു ഇംപ്രഷന്‍ ഉണ്ടായതാണ്.

ആവശ്യമില്ലാത്ത ഒരു ലേബല്‍ എനിക്ക് കിട്ടിയതാണ്. അത് സ്‌പ്രെഡ് ചെയ്തിട്ടായിരിക്കാം ഇങ്ങനെ ഒരാള്‍ തിരുവനന്തപുരത്തുണ്ടെന്ന് അദ്ദേഹം അറിഞ്ഞത്. മമ്മൂട്ടി സാറിന്റെ ഓഡിറ്റര്‍ ആയ ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടാണ് ലാലേട്ടന്റെ ഓഡിറ്റര്‍ ആകുന്നത്.

സുകുസാര്‍ വഴിയാണ് മമ്മൂട്ടി സാറിന്റെ പേപ്പറൊക്കെ കൈമാറുന്നത്. മമ്മൂക്കയെ ഞാന്‍ ആദ്യം കാണുന്നത് ഒരു കല്യാണ വീട്ടില്‍ വെച്ചാണ്.

ഞാനാണ് സനില്‍കുമാര്‍ എന്ന് പറഞ്ഞപ്പോള്‍ എനിക്കറിയാല്ലോ, നമ്മുടെ ഓഡിറ്ററല്ലേ എന്ന് പറഞ്ഞ് എന്റെ തോളില്‍ കയ്യിട്ട് സംസാരിക്കുന്ന ആ വിഷ്വല്‍ ഇന്നും എന്റെ മനസിലുണ്ട്.

ഇപ്പോഴും എന്റെ മൊബൈലില്‍ മമ്മൂക്ക എന്ന് എഴുതി കാണിക്കുമ്പോള്‍ എനിക്ക് അന്നുണ്ടായ അതേ സ്‌നേഹവും ബഹുമാനവും ഈ നിമിഷവും ഉണ്ട്.

ഇന്നലെയും എന്നെ വിളിച്ച് അദ്ദേഹം 25 മിനുട്ട് സംസാരിച്ചു. അദ്ദേഹം ചെന്നൈയിലാണ്. ഒരു പരാതിയിലാണ് തുടങ്ങിയത്. ലണ്ടനില്‍ നിന്ന് എന്ന് വന്നു എന്ന് ചോദിച്ചു. കഴിഞ്ഞയാഴ്ച എന്ന് പറഞ്ഞപ്പോള്‍ എന്നിട്ടെന്താ വിളിക്കാത്തത് എന്ന് ചോദിച്ചു. ആ സ്‌നേഹമാണ് എനിക്ക് മമ്മൂട്ടി സാറിനോട് ഉള്ളത്.

എനിക്ക് ആദ്യത്തെ ഐ പാഡ് മമ്മൂട്ടി സാറാണ് വാങ്ങിത്തന്നത്. കേരളത്തില്‍ ആദ്യത്തെ ഐപാഡ് അദ്ദേഹത്തിന്റേതാണ്. രണ്ടാമത്തേത് എന്റേതും.

അമേരിക്കയില്‍ നിന്ന് ആരെയോ കൊണ്ട് വരുത്തിപ്പിച്ചപ്പോള്‍ എനിക്കും കൂടി എത്തിച്ചു തന്നതാണ്. ടെക്‌നോളഡജിയില്‍ എന്നും ഒരുപാട് താത്പര്യം കാണിക്കുന്ന ആളാണല്ലോ. ക്യാമറയായാലും കമ്പ്യൂട്ടറായാലും മൊബൈല്‍ ആയാലും ഒക്കെ അങ്ങനെ തന്നെയാണല്ലോ,’ സനില്‍കുമാര്‍ പറഞ്ഞു.

Content Highlight: chartered accountant Sanilkumar about Mohanlal and Mammootty

We use cookies to give you the best possible experience. Learn more