ഈ പട്ടിയെ എങ്ങനെ കിട്ടി?
അനുപമ മോഹന്‍

ഇഡ്ഡലി കഴിക്കുന്ന, മഞ്ഞ് കാണുമ്പോള്‍ ഡാന്‍സ് ചെയ്യുന്ന, സങ്കടവും സന്തോഷവും സ്‌നേഹവും കുറുമ്പും എക്‌സ്പ്രസ്സ് ചെയ്യുന്ന ഒരു പട്ടി. അതിനെ നായികയാക്കി ഇറങ്ങിയ പടം. അതാണ് ചാര്‍ളി 777. ചാര്‍ളി 777 ന്റെ ട്രെയിലർ ഇറങ്ങിയപ്പോള്‍ തന്നെ ഈ പട്ടിക്കുട്ടിയില്‍ കാണികള്‍ വന്‍ ഇന്‌ട്രെസ്റ്റഡ് ആയിരുന്നു. സിനിമയിറങ്ങിയപ്പോള്‍ ആ ഫാന്‍ബേസ് കൂടുകയാണുണ്ടായത്.

ഒരു പട്ടിയെ മെയിനാക്കികൊണ്ട് ഇറങ്ങുന്ന ആദ്യത്തെ പടമൊന്നുമല്ലയിത്. മലയാളത്തില്‍ CID മൂസയിലെ അര്‍ജുന്‍ ആയിരുന്നു സിനിമകളിലെ പട്ടികഥാപാത്രങ്ങളില്‍ ഏറെ സെലിബ്രേറ്റ് ചെയ്യപ്പെട്ടത്. പക്ഷെ അതില്‍ നിന്നും ഒക്കെ വേറിട്ട ഒരു പ്രത്യേകത ഈ പട്ടികുട്ടിക്കുണ്ട്. അഭിനയം. അഭിനയിക്കാനറിയുന്ന പട്ടി എന്ന ടാഗ് ചാര്‍ളിയിലേക്ക് വരുമ്പോള്‍ എക്സാജ്ജറേഷന്‍ ഒന്നുമല്ല. ചാർളിയിലെ പട്ടി അഭിനയിക്കുകയും ചെയ്യും വേണ്ടി വന്നാല്‍ കശ്മീരിലെ മഞ്ഞുമലയില്‍ പോയി ഡാന്‍സും കളിക്കും.

ചാര്‍ളി എന്നുതന്നെയാണ് ഈ പട്ടിക്കുട്ടിയുടെ യഥാര്‍ത്ഥ പേര്. സിനിമയിലേതു പോലെ ചാര്‍ളി റിയല്‍ ലൈഫിലും ഹൈപ്പര്‍ ആക്റ്റീവ് ആണ്. അതുകൊണ്ടാണല്ലോ ചാര്‍ളിയുടെ ഓണേഴ്സ് അതിനെ ചിത്രത്തിന്റെ ഡയറക്ടര്‍ കിരണ്‍ രാജിന് കൊടുക്കുന്നത്. ചാര്‍ളി സിനിമയ്ക്ക് ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരു പട്ടിയെ അന്വേഷിച്ചു നടക്കുമ്പോഴാണ് പട്ടിയുടെ ഓണര്‍ ആയ കിരണ്‍രാജിന്റെ ഫ്രണ്ട് അദ്ദേഹത്തെ വിളിച്ച് കാര്യം പറയുന്നത്. വീട്ടില്‍ വികൃതിയും കാണിച്ചു നടക്കുന്ന ആ പട്ടിയെ കൊണ്ട് ബുദ്ധിമുട്ടുകയായിരുന്ന അവര്‍ ആര്‍ക്കെങ്കിലും ദത്ത് നല്‍കാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ആ കറക്ട് സമയത്താണ് ഡയക്ടര്‍ പട്ടിയെ കാണുന്നതും ഇഷ്ടപ്പെടുന്നതും. അങ്ങനെ ചാര്‍ളിയെ വെച്ചു ഫോട്ടോഷൂട്ട് ഒക്കെ നടത്തി നോക്കിയപ്പോള്‍ ആപ്റ്റ് ആയി തോന്നുകയും ഡയക്ടര്‍ ദത്തെടുക്കുകയുമായിരുന്നു. അപ്പോള്‍ ചാര്‍ളിക്ക് പ്രായം നാല് മാസം. മൂന്നര വര്‍ഷമെടുത്തു ഈ സിനിമ ഷൂട്ട് ചെയ്തു തീര്‍ക്കാന്‍.

സിനിമയിലെ ഹീറോയിന്‍ ചാര്‍ളിയാണെന്ന് തീരുമാനിച്ചതിനുശേഷം 7 മാസം ട്രെയിനിങ്ങും ഉണ്ടായിരുന്നു. ചാര്‍ളിക്ക് സെറ്റുമായി പരിചയത്തിലാവാനുമൊക്കെ അവര്‍ സെറ്റില്‍ ആദ്യമേ കൊണ്ടുപോയി സിനിമയുടെ ഷൂട്ടിംഗ് രീതികള്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നാണ് ചാര്‍ളിയുടെ ട്രെയിനര്‍ പറഞ്ഞത്. ഷൂട്ടിംഗ് സെറ്റില്‍ അതുകൊണ്ട് തന്നെ വലിയ ബഹളമൊന്നും ചാര്‍ളി ഉണ്ടാക്കിയിട്ടില്ല.

സിനിമയിലെ ചില സ്വഭാവ സവിശേഷതകളും ഭക്ഷണരീതിയുമൊക്കെ റിയല്‍ ലൈഫിലും ചാര്‍ളിക്കുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഹൈപ്പര്‍ ആക്ടീവാണ്. പിന്നെ ഇഡ്ഡലിയും ചട്ണിയുമൊക്കെ കഴിക്കുകയും ചെയ്യും.

കാണുമ്പോള്‍ സിനിമയില്‍ ഓരോ സീനുകളും പൂ പറിക്കുന്ന ലാഘവത്തോടെയാണ് പട്ടിക്കുട്ടി അഭിനയിച്ചതെന്നു തോന്നും. കാരണം സ്‌നേഹം തോന്നുമ്പോള്‍ ധര്‍മ്മയെ കെട്ടിപിടിക്കുന്നതും റൈഡിനു കൊണ്ടുപോകാനായി വാശിപിടിക്കുന്നതും ധര്‍മയുടെ ഫുഡ് അടിച്ചുമാറ്റിക്കഴിക്കുന്നതും ഒക്കെ നൈസ് ആയി പട്ടിക്കുട്ടി അഭിനയിച്ചു വെച്ചിട്ടുണ്ട്. അതിന്റെ ഫ്‌ലാഷ് ബാക്കിലെ പെയിനും ഒറ്റപ്പെടലും സന്തോഷവും സങ്കടവുമൊക്കെ നല്ല രസകരമായി ചാര്‍ളി കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ നല്ല ബുദ്ധിമുട്ടായിരുന്നു ചാര്‍ളിയെകൊണ്ട് പല സീനുകളും അഭിനയിപ്പിച്ചെടുക്കാന്‍. 20 ടേക്ക് ഒക്കെ പോയ സീനുകള്‍ ഉണ്ടായിരുന്നു എന്നാണ് ചാര്‍ളിയുടെ ട്രെയിനര്‍ പറയുന്നത്.

പക്ഷെ എത്ര ടേക്ക് പോയാലും ഒരു ദിവസത്തെ ഷൂട്ടിനവസാനം ഡയറക്ടര്‍ക്ക് എന്താണോ വേണ്ടത് അത് ചാര്‍ളി കൊടുത്തിരിക്കും. 15 മിനുറ്റാണ് ഓരോ ഷോട്ടിനും വേണ്ടി എടുക്കുന്ന സമയം, അതില്‍ കാര്യം നടന്നിട്ടില്ലെങ്കില്‍ 45 മിനിറ്റ് റസ്റ്റ് എടുക്കും. വെറും റസ്റ്റ് അല്ല കരവാനില്‍ ഒക്കെ പോയി ഫുടൊക്കെ കഴിച്ചുകൊണ്ടുള്ള സുഖകരമായ വിശ്രമം. സ്വന്തമായി കാരവനൊക്കെ  ഒരു സെലിബ്രിറ്റിയാണ് ചാര്‍ളി. പല സ്ഥലങ്ങളില്‍ വെച്ച് ഷൂട്ട് നടന്നതുകൊണ്ട് ചൂട് കൂടുതലുള്ള സമയങ്ങളില്‍ ചാര്‍ളി കാരവാനില്‍ തന്നെയായിരിക്കും. ഇടക്ക് റെസ്റ്റ് എടുക്കന്‍ വേണ്ടി ഒഴപ്പാറുണ്ടായിരുന്നെന്നും ചാര്‍ളിയുടെ ട്രെയിനര്‍ പറയുന്നുണ്ട്.

ഷൂട്ടിനിടയില്‍ നായകന്‍ രക്ഷിത് ഷെട്ടിയുടെ ചെവി കടിച്ചു എന്നൊരു അപവാദം ചാര്‍ളിക്ക് നേരെയുണ്ടായിരുന്നു. എന്നാല്‍ അത് അഗ്ഗ്രസിവ് ആകുന്നതല്ല ഹൈപ്പര്‍ ആക്റ്റീവ് ആണെന്നാണ് ട്രെയിനര്‍ പറയുന്നത്. ഉപദ്രവിക്കാനുള്ള യാതൊരു ഉദ്ദേശവും ചാര്‍ളിക്കില്ലായിരുന്നു.

Content Highlight: Charlie dog in 777 Charlie movie