തന്റെ സിനിമകളിലെല്ലാം മലയാളി താരങ്ങള്‍ക്ക് മികച്ച വേഷം സമ്മാനിക്കുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ആദ്യചിത്രമായ മാനഗരത്തില്‍ മലയാളി താരങ്ങള്‍ ആരുമില്ലെങ്കിലും പിന്നീട് ചെയ്ത എല്ലാ സിനിമകളിലും മലയാളത്തില്‍ നിന്നുള്ളവര്‍ക്ക് നല്ല വേഷങ്ങള്‍ ലോകേഷ് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിലുള്ളതിനെക്കാള്‍ മാസ് റോളായിരുന്നു ഇവര്‍ക്കെല്ലാം ലഭിച്ചത്.
കൈതിയില്‍ നരേന്‍ അവതരിപ്പിച്ച ബിജോയ്, വിക്രത്തില്‍ കമല്‍ ഹാസനൊപ്പം കട്ടക്ക് പിടിച്ചുനിന്ന ഫഹദ് ഫാസില്‍, രണ്ട് സീനില്‍ മാത്രം വന്നുപോയ കാളിദാസ് ജയറാം, മാസ്റ്ററില്‍ നായികയായ മാളവിക മോഹനന്‍, ലിയോയില്‍ വിജയ്‌യുടെ മകനായി മാത്യു തോമസ്, കൂലിയില്‍ സൗബിന്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
എന്നാല്‍ കഴിഞ്ഞ രണ്ട് സിനിമകളിലും മലയാളത്തില്‍ നിന്നുള്ള രണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് ലോകേഷ് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ലിയോയില്‍ പ്രധാന വില്ലനായ സഞ്ജയ് ദത്തിന്റെ വലംകൈയായ ശേഖര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാബു ആന്റണിയായിരുന്നു. മലയാളത്തില്‍ ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലെ ഗംഭീര വേഷത്തിന് ശേഷം ബാബു ആന്റണി ഭാഗമായ ചിത്രമായിരുന്നു ലിയോ.
എന്നാല്‍ രണ്ട് ഡയലോഗ് മാത്രമായിരുന്നു ബാബു ആന്റണിക്ക് ലിയോയില്‍ ഉണ്ടായിരുന്നത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ സിനിമയില്‍ മൊത്തം അഞ്ച് മിനിറ്റ് മാത്രമായിരുന്നു അദ്ദേഹത്തിന് സ്‌ക്രീന്‍ സ്‌പെയ്‌സ്. മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോയെ ഇത്തരമൊരു വേഷത്തില്‍ തളച്ചിട്ടതിനെതിരെ അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
ലോകേഷിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കൂലിയിലും സ്ഥിതി വ്യത്യസ്തമല്ല. വില്ലന്‍ വേഷത്തില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റിയ ബാബുരാജ് കൂലിയില്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ രണ്ട് സീനില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. ഡയലോഗില്ലാത്തത് പോട്ടെ, ചുമ്മാ വന്ന് വെടികൊണ്ട് മരിക്കുന്ന കഥാപാത്രമാണ് ബാബുരാജിന് നല്‍കിയത്.
ലിയോയില്‍ ബാബു ആന്റണിയെയും കൂലിയില്‍ ബാബുരാജിനെയും ഒന്നുമില്ലാത്ത വേഷം നല്‍കിയതോടെ വലിയൊരു ചോദ്യമുയരുകയാണ്. ബാബു എന്ന പേരിനോട് ലോകേഷിന് വല്ല വിരോധവുമുണ്ടോ? അല്ലാതെ ഒരു ഇന്‍ഡസ്ട്രിയിലെ രണ്ട് താരങ്ങളെ വിളിച്ച് ഇത്തരം വേഷങ്ങള്‍ ആരും നല്‍കില്ല.
Content Highlight: Characters of Babu Antony and Baburaj in Leo and Coolie