ഒരുപാട് നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും വലിയ കാന്‍വാസിലൊരുങ്ങുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം എന്ന സവിശേഷതയോടെ എത്തിയ ചിത്രമാണ് ഉണ്ണികൃഷ്ണന്‍.ബി സംവിധാനം ചെയ്ത പ്രതിഛായ. ഇന്ന് (വ്യാഴം) തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണവുമായി മികച്ച പ്രകടനമാണ് തിയേറ്ററുകളില്‍ കാഴ്ച്ചവെക്കുന്നത്. സഖാവിന് ശേഷം നിവിന്‍ പോളി നായകനായ പൊളിറ്റിക്കല്‍ ചിത്രം അച്ഛന്‍-മകന്‍ തമ്മിലുള്ള അടുത്ത ബന്ധവും കഥാപശ്ചാത്തലമാക്കുന്നുണ്ട്.
ചിത്രത്തില്‍ ബാലചന്ദ്ര മോനോന്‍ അവതരിപ്പിച്ച കെ.എന്‍. വര്‍ഗീസെന്ന കഥാപാത്രം കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ പല സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സംവിധായകന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് യുവനടന്‍ ഷറഫുദ്ദീനാണ്. ചിത്രത്തില്‍ രവി മാധവനെന്ന വമ്പന്‍ കോര്‍പറേറ്റ് ഭീമനായ വില്ലനായാണ് താരം വേഷമിട്ടിരിക്കുന്നത്.
മലയാളത്തില്‍ ഏത് റോളും തനിക്ക് വഴങ്ങുമെന്ന് ഇതിനകം തെളിയിച്ച നടനെ ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ മുതല്‍ വമ്പന്‍ ഹൈപ്പിലാണ് സംവിധായകന്‍ വെള്ളിത്തിരയില്‍ കൊണ്ടുവന്നിരിക്കുന്നത്. വളരെ ആഴമുള്ള കഥാപാത്രമാണെന്ന ബോധം പ്രേക്ഷകരില്‍ സൃഷ്ടിക്കാന്‍ ഷറഫുദ്ദീന്റെ മാനറിസങ്ങള്‍ക്കും ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതത്തിനും സാധിക്കുന്നുണ്ടെന്ന് വേണം പറയാന്‍.
സംസ്ഥാനത്തെ മുഖ്യധാര മാധ്യമങ്ങളെ വിലക്ക് വാങ്ങാനും സര്‍ക്കാര്‍ ഭരണം അട്ടിമറിക്കാനും വരെ കഴിവുള്ള വില്ലനെ എപ്പോഴും ബോഡിഗാര്‍ഡ്‌സിന്റെ അകമ്പടിയോടെയും ലക്ഷ്വറി വാഹനങ്ങളുടെ പശ്ചാത്തലത്തിലുമാണ് സംവിധായകന്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒട്ടനവധി തവണ ചിത്രത്തില്‍ വന്നുപോകുന്ന താരത്തിന്റെ സ്ലോ മോഷന്‍ രംഗങ്ങള്‍ കല്ലുകടിയായി അനുഭവപ്പെടുന്നുണ്ട്. മുഖ്യമന്ത്രിക്കൊത്ത എതിരാളിയെയാണ് രംഗങ്ങളിലൂടെ സംവിധായകന്‍ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതെങ്കിലും കഥാപാത്രത്തിന് തിരക്കഥയില്‍ കാര്യമായ പങ്കില്ലെന്നത് ചിത്രം കാണുമ്പോള്‍ വ്യക്തമാണ്.
ക്ലൈമാക്‌സ് രംഗങ്ങളിലേക്കെത്തുമ്പോള്‍ നിവിന്‍ പോളിയുടെ കഥാപാത്രമായ ജോണ്‍ വര്‍ഗീസിന്റെ പ്രകടനത്തിന് മുന്നില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലാതെ രവി മാധവന് എല്ലാം കണ്ട് തളര്‍ന്നിരിക്കാന്‍ മാത്രമാണ് സാധിക്കുന്നുള്ളൂ എന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയാണ്. അത്രയും നേരം പല ഷോട്ടുകളിലൂടെയും മറ്റ് പല കഥാപാത്രങ്ങളിലൂടെയും ബില്‍ഡപ്പുണ്ടാക്കിയ കഥാപാത്രത്തെ ഒറ്റയടിക്ക് കൊന്നുകളഞ്ഞ ഫീലായിരുന്നു ക്ലൈമാക്‌സില്‍ ലഭിച്ചത്.
ഷറഫുദ്ദീന്‍ പ്രതിഛായയില്‍. Photo: X.com
തിരക്കഥയെഴുത്തിലെ സമവാക്യങ്ങള്‍ ഉണ്ണികൃഷ്ണന്‍ മറന്നുപോയതിനാലാണോ രവി വര്‍മയെന്ന കഥാപാത്രത്തിന് നായകന് മേല്‍ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതെ പോയതെന്ന് സംശയം പ്രേക്ഷകരിലുണ്ടാവുന്നുണ്ട്. ഇതേ കാരണത്താല്‍ രണ്ടാം പകുതിയില്‍ നിവിന്‍ പോളി കഥാപാത്രം ജോണ്‍ വര്‍ഗീസിന്റെ ഏകാധിപത്യമാണ് ചിത്രത്തിലുണ്ടായിരുന്നത്. വില്ലനില്‍ നിന്നും തിരിച്ചൊരു കൗണ്ടര്‍ അറ്റാക്ക് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ നിരാശരാക്കികൊണ്ടാണ് ചിത്രം അവസാനിച്ചതെന്നതും പ്രതിഛായയെ പ്രതികൂലമായി ബാധിച്ചേക്കാം.
Content Highlight: Character of Sharafudheen In prathichaya movie fails to make and impact on audience
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.