റൗള്‍ കാസ്‌ട്രോയ്ക്ക് മേലുള്ള സാമ്രാജ്യത്വ കൈകള്‍ മാറ്റുക; കൊലപാതക കുറ്റം ചുമത്തിയ അമേരിക്കന്‍ നടപടിയെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടണ്‍
World
റൗള്‍ കാസ്‌ട്രോയ്ക്ക് മേലുള്ള സാമ്രാജ്യത്വ കൈകള്‍ മാറ്റുക; കൊലപാതക കുറ്റം ചുമത്തിയ അമേരിക്കന്‍ നടപടിയെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടണ്‍
നിഷാന. വി.വി
Friday, 22nd May 2026, 11:40 am

ലണ്ടന്‍: ക്യൂബന്‍ വിപ്ലവ നേതാവ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയ അമേരിക്കന്‍ നടപടിയെ ശക്തമായി അപലിച്ച് ബ്രിട്ടന്‍.

റൗള്‍ കാസ്‌ട്രോയ്ക്കെതിരെയുള്ള യു.എസ് നീതിന്യായ വകുപ്പിന്റെ കുറ്റപത്രം, സോഷ്യലിസ്റ്റ് ക്യൂബയെ അട്ടിമറിക്കാന്‍ യു.എസ് നടത്തുന്ന സാമ്പത്തിക-രാഷ്ട്രീയ യുദ്ധത്തിന്റെ മറ്റൊരു കടന്നുകയറ്റമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പറഞ്ഞു.

ബെയ്ജിങ്ങില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയിലുണ്ടായ അപമാനകരമായ രാഷ്ട്രീയ നയതന്ത്ര പരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ ജുഡീഷ്യല്‍ നടപടിയെന്നും പ്രസ്താവനയില്‍ പറയുന്നു.

1959ലെ ക്യൂബന്‍ വിപ്ലവത്തിന് ശേഷം ക്യൂബയുടെ പരമാധികാര സര്‍ക്കാരിനും ജനങ്ങള്‍ക്കുമെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്ക് യു.എസ് സാമ്രാജത്വം പിന്തുണ നല്‍കിയിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ പറഞ്ഞു.

‘1961ലെ ബേ ഓഫ് പിഗ്‌സ് അധിനിവേശം, ക്യൂബന്‍ വിപ്ലവ നേതാക്കള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ വധശ്രമങ്ങള്‍, 1976-ല്‍ 73 പേരുടെ മരണത്തിനിടയാക്കിയ ക്യൂബന്‍ വിമാനം ബോംബിട്ട് തകര്‍ത്ത സംഭവം, 1990-കളില്‍ ക്യൂബന്‍ ഹോട്ടലുകള്‍ക്ക് നേരെ ഉണ്ടായ നിരവധി ഭീകരാക്രമണങ്ങള്‍ എന്നിവ ഇതില്‍പ്പെടുന്നു. 2026 ഫെബ്രുവരിയില്‍ നടന്നത് ഉള്‍പ്പെടെയുള്ള ഈ ആക്രമണങ്ങളില്‍ പലതും നടത്തിയത് യു.എസില്‍ താമസിക്കുന്ന ക്യൂബന്‍ പൗരന്മാരാണ്.

കഴിഞ്ഞ 67 വര്‍ഷമായി ക്യൂബന്‍ ജനത, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബയുടെ വിപ്ലവ നേതൃത്വത്തിന് കീഴില്‍ തങ്ങളുടെ പരമാധികാര സംരക്ഷണത്തിനായുള്ള അവകാശം ധീരമായി വിനിയോഗിച്ചുവരികയാണ്.

ക്യൂബയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടിതമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച നീണ്ട ചരിത്രം ബ്രിട്ടനിലെ തൊഴിലാളി-ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്കുണ്ട്.

ക്യൂബയിലെയും ലാറ്റിന്‍ അമേരിക്കയിലെയും സമാധാനത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള ഇപ്പോഴത്തെ അപ്പീലിന്, 100-ലധികം ബ്രിട്ടീഷ് എം.പിമാരുടെയും ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരുടെയും പിന്തുണയുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.

ക്യൂബന്‍ വിപ്ലവത്തിന്റെ മാതൃകാപരമായ ചരിത്ര നേതാവായ റൗള്‍ കാസ്‌ട്രോ റൂയിസിനെ ലക്ഷ്യമിട്ടുള്ള യു.എസിന്റെ പുതിയ നീക്കത്തെ എതിര്‍ക്കാന്‍ ക്യൂബയുടെ എല്ലാ സുഹൃത്തുക്കളോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ ആഹ്വാനം ചെയ്യുന്നുവെന്നും ക്യൂബയ്ക്കെതിരെയുള്ള യു.എസിന്റെ ഭീഷണികളും സാമ്രാജ്യത്വ ഇടപെടലുകളും അവസാനിപ്പിക്കണമെന്നും, ക്രൂരമായ യു.എസ് സാമ്പത്തിക-ഊര്‍ജ ഉപരോധം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം ഞങ്ങളും പങ്കുചേരുന്നുവെന്നും പാര്‍ട്ടി പറഞ്ഞു.

ക്യൂബയില്‍ യു.എസ് നടത്താന്‍ പദ്ധതിയിടുന്ന സൈനിക ഇടപെടലിന് വ്യാജ ന്യായീകരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ കുറ്റപത്രത്തെ എതിര്‍ക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘റൗള്‍ കാസ്‌ട്രോയ്ക്ക് മേലുള്ള സാമ്രാജ്യത്വ കൈകള്‍ മാറ്റുക!
ക്യൂബയ്ക്ക് മേലുള്ള സാമ്രാജ്യത്വ കൈകള്‍ മാറ്റുക,’ ക്യൂബന്‍ ജനതയുടെ എല്ലാ സുഹൃത്തുക്കളോടും ട്രംപിനോട് ഇങ്ങനെ വിളിച്ച് പറയാന്‍ തങ്ങള്‍ ആഹ്വാനം ചെയ്യുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Change imperialist hands on Raul Castro; Communist Party of Britain condemns US action to charge him with murder

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.