| Thursday, 5th July 2018, 9:30 am

ചങ്ങനാശ്ശേരി ദമ്പതികളുടെ ആത്മഹത്യ: മരണത്തിന് ഉത്തരവാദി സി.പി.ഐ.എം കൗണ്‍സിലറെന്ന് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ചങ്ങനാശ്ശേരി സ്വദേശികളായ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സി.പി.ഐ.എം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.

രേഷ്മ എഴുതിയ ആത്മഹത്യക്കുറിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണം മോഷ്ടിച്ചെന്ന് പോലീസ് മര്‍ദിച്ച് എഴുതി വാങ്ങുകയായിരുന്നു. ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി.പി.ഐ.എം കൗണ്‍സിലര്‍ സജികുമാറാണ്.

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സജികുമാര്‍ തന്നെയാണ് സ്വര്‍ണം വിറ്റത്. 100 ഗ്രാം സ്വര്‍ണം തന്റെ ഭര്‍ത്താവായ സുനില്‍ തന്നെയാണ് വിറ്റത്. 400 ഗ്രാം സ്വര്‍ണം എടുത്തുവെന്ന് പോലീസ് മര്‍ദിച്ച് മൊഴിയെടുക്കുകയായിരുന്നു. അതിനാലാണ് ആത്മഹത്യയിലേക്ക് പോകുന്നത് എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.


ALSO READ: പൊലീസ് പീഡനത്തെ തുടര്‍ന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; ചങ്ങനാശ്ശേരി താലൂക്കില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍


അതേസമയം ആത്മഹത്യക്കുറിപ്പിലെ ആരോപണങ്ങള്‍ തള്ളി സജികുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്വര്‍ണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തനിക്ക് വ്യക്തതയുണ്ടായിരുന്നു. മോഷണത്തെക്കുറിച്ച് രണ്ട് ദിവസം മുമ്പേ തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നു. സുനില്‍കുമാര്‍ സ്വര്‍ണ്ണം മറിച്ചുവില്‍ക്കുന്നുവെന്ന കാര്യം കത്തിലുണ്ടായിരുന്നെന്നും സജികുമാര്‍ പറയുന്നു.

സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍, ഹിദായത്ത് നഗറിലുള്ള നഗരസഭാംഗം ഇ.എ.സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി സ്വര്‍ണപ്പണി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം കണക്ക് നോക്കിയപ്പോള്‍ നല്‍കിയ സ്വര്‍ണത്തില്‍ 400 ഗ്രാമിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേ തുടര്‍ന്ന് സജികുമാര്‍ സുനില്‍കുമാറിനെതിരേ പരാതി നല്‍കിയിരുന്നെന്നും ചങ്ങനാശ്ശേരി പൊലീസ് പറഞ്ഞു. സജികുമാറിന്റെ പരാതിയെ തുടര്‍ന്നാണ് സുനിലിനെ ചോദ്യംചെയ്യാന്‍ തിങ്കളാഴ്ച വിളിപ്പിച്ചത്. സുനിലിനൊപ്പം രേഷ്മയും സ്റ്റേഷനിലെത്തിയിരുന്നു.


ALSO READ: ചങ്ങനാശ്ശേരി ദമ്പതികളുടെ മരണം; ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല


അതേസമയം പൊലീസ് മര്‍ദിച്ചതിലെ മനോവിഷമത്താലാണ് സുനിലും രേഷ്മയും ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളായ യു.ഡി.എഫും ബി.ജെ.പിയും ഇന്ന് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more