| Wednesday, 2nd July 2025, 8:41 am

അച്ഛൻ്റെ കാല് തിരുമ്മിക്കൊടുക്കുന്നത് അദ്ദേഹം കണ്ടു; അന്നേ തീരുമാനിച്ചിരുന്നു ഒരു റോൾ കൊടുക്കുമെന്ന്: ചന്തു സലിം കുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. ജാൻ-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്‌ത സിനിമയാണ് ഇത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, അരുൺ കുര്യൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്.

ഇവർക്ക് പുറമെ നടൻ സലിംകുമാറിൻ്റെ മകൻ ചന്തു സലിംകുമാറും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ പ്രകടനമായിരുന്നു ചന്തുവിൻ്റേത്. ഇപ്പോൾ തനിക്ക് സിനിമയിൽ അവസരം ലഭിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ചന്തു.

തന്നെ സിനിമയിലേക്ക് നിർദേശിച്ചത് ശ്രീരാഗ് എന്ന വ്യക്തിയാണെന്നും സംവിധായകൻ ചിദംബരവും നടൻ ഗണപതിയും തൻ്റെ സുഹൃത്താണെന്നും ചന്തു പറയുന്നു.

ഒരു യമണ്ടൻ പ്രണയകഥയിൽ അച്ഛൻ അഭിനയിച്ചിരുന്നെന്നും അതിൽ സൗബിൻ ഷാഹിർ അസിറ്റൻ്റ് ഡയറക്ടർ ആയിരുന്നെന്നും ചന്തു പറയുന്നു. ആ സെറ്റിൽ താനും അച്ഛനൊപ്പം ഉണ്ടായിരുന്നെന്നും അച്ഛന് കാലിന് സുഖമില്ലാത്തതുകൊണ്ട് കാല് തിരുമ്മിക്കൊടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സൗബിൻ ഇക്കാര്യം കണ്ടിരുന്നെന്നും ഒരു സിനിമ ചെയ്യുകയാണെങ്കിൽ തനിക്ക് ഒരു റോൾ തരുമെന്ന് അന്നേ തീരുമാനിച്ചിരുന്നെന്നും ചന്തു കൂട്ടിച്ചേർത്തു.

‘എന്നെ സിനിമയിലേക്ക് നിർദേശിച്ച ശ്രീരാഗ് ചേട്ടന് ആദ്യത്തെ നന്ദി. സംവിധായകൻ ചിദംബരം എന്റെ സുഹൃത്താണ്. നടൻ ഗണപതി അടുത്ത സുഹൃത്തും. ഇനി എന്റെ റോളുറപ്പിച്ച മറ്റൊരു കഥ കൂടി പറയാം. ‘ഒരു യമണ്ടൻ പ്രണയകഥയിൽ’ അച്ഛൻ അഭിനയിച്ചിരുന്നു. അതിൽ അസിസ്‌റ്റൻ്റ് ഡയറക്‌ടർ ആയിരുന്നു സൗബിനിക്ക (സൗബിൻ ഷാഹിർ).

ആ സെറ്റിൽ ഞാൻ അച്ഛനോടൊപ്പം ഉണ്ടായിരുന്നു. അച്ഛന് കാലിന് സുഖമില്ലാത്തതുകൊണ്ട് ഞാൻ ഇടയ്ക്ക് അച്ഛൻ്റെ കാല് തിരുമ്മിക്കൊടുക്കുമായിരുന്നു. അത് സൗബിനിക്ക കണ്ടിരുന്നു. അന്നേ അദ്ദേഹം തീരുമാനിച്ചത്രേ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അച്ഛൻ്റെ കാല് തിരുമ്മിക്കൊടുക്കുന്ന ഈ മകന് നല്ലൊരു റോൾ കൊടുക്കുമെന്ന് സൗബിനിക്ക അത് പാലിച്ചു,’ ചന്തു പറയുന്നു.

Content Highlight: Chandu Salim Kunar Talking about Manjummal Boys

We use cookies to give you the best possible experience. Learn more