| Thursday, 18th July 2019, 11:35 am

തകരാറുകള്‍ പരിഹരിച്ചു; ചന്ദ്രയാന്‍ 2 തിങ്കളാഴ്ച വിക്ഷേപിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഈ മാസം 22ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ). പുലര്‍ച്ചെയുള്ള വിക്ഷേപണസമയം മാറ്റി ഉച്ചയ്ക്കുശേഷം 2.43നായിരിക്കും വിക്ഷേപണം.

ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചതിന് ശേഷമുള്ള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ ട്വിറ്ററില്‍ അറിയിച്ചു.

മാര്‍ക്ക് 3 യുടെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു ജൂലൈ 15 ന് നടത്താനിരുന്ന വിക്ഷേപണം മാറ്റിവച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ തകരാര്‍ പൂര്‍ണമായി പരിഹരിച്ചു. ഇന്നലെ മണിക്കൂറുകള്‍ നീണ്ട സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി. ടാങ്ക് ചോരാനുണ്ടായ സാഹചര്യങ്ങള്‍ പരിശോധിച്ച് ഈ പിഴവ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് പുതിയ വിക്ഷേപണ തിയതിയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്.

ജൂലൈ 15 ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബര്‍ 6 നാണ് ചന്ദ്രയാന്‍ പേടകത്തില്‍ നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങുമായിരുന്നത്.

ചാന്ദ്ര ദിവസത്തിന്റെ തുടക്കം കൂടി പരിഗണിച്ചായിരുന്നു ഈ സമയക്രമം. പേടകത്തിന്റെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ 6നു തന്നെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ.

വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താന്‍ 22 ദിവസമെടുക്കുമെങ്കിലും പിന്നീട് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 28 ദിവസത്തെ സമയക്രമം വെട്ടിക്കുറയ്ക്കാനാണു ശ്രമം.

ചന്ദ്രയാന്‍ 1 പേടകം 24 ദിവസം കൊണ്ടാണ് ചന്ദ്രോപരിതലത്തിലെത്തിയത്. 2008 ഒക്ടോബര്‍ 22 നു രാവിലെ 6.22ന് പി.എസ്.എല്‍.വി സി-11 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ച പേടകം നവംബര്‍ 8നു ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.

12ന് ചന്ദ്രന്റെ 100 മീറ്റര്‍ അകലെ അന്തിമഭ്രമണപഥത്തിലെത്തി. 14നു രാത്രി 8.06ന് എം.ഐ.പിയെ (മൂണ്‍ ഇംപാക്ട് പ്രോബ്) ചന്ദ്രന്റെ ഉപരിതലത്തിലേക്കയച്ചു. 8.31ന് എംഐപി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി.

We use cookies to give you the best possible experience. Learn more