| Saturday, 21st June 2025, 4:04 pm

മാര്‍വെല്‍ യൂണിവേഴ്‌സ് പോലെ എന്തോ ആണ് ബേസില്‍ യൂണിവേഴ്‌സ് എന്നായിരുന്നു ധാരണ; ഇപ്പോള്‍ ഞാനും ആ യൂണിവേഴ്സില്‍ മെമ്പര്‍: ചാന്ദ്നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

KL 10 പത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് ചാന്ദ്നി ശ്രീധരന്‍. മലയാളത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ തമിഴിലും തെലുങ്കിലും അവര്‍ കഴിവ് തെളിയിച്ചിരുന്നു. പിന്നീട് മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി ഡാര്‍വിന്റെ പരിണാമം, ദുല്‍ഖര്‍ സല്‍മാനോടൊപ്പം സി. ഐ. എ (കോമ്രേഡ് ഇന്‍ അമേരിക്ക), ജോജു ജോര്‍ജിന്റെ പണി, സൗബിന്‍ ഷാഹിറിനോടൊപ്പം പ്രാവിന്‍കൂട് ഷാപ്പ് എന്നീ ചിത്രങ്ങളിലും ചാന്ദ്നി അഭിനയിച്ചു.

ചാന്ദ്നി നായികയായെത്തിയ പ്രാവിന്‍കൂട് ഷാപ്പില്‍ ബേസില്‍ ജോസഫും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ബേസില്‍ യൂണിവേഴ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് ചാന്ദ്നി. സ്ഥിരമായി ചടങ്ങുകളില്‍ ചമ്മുന്നതുകൊണ്ട് ട്രോളന്മാര്‍ ബേസിലിന് നല്‍കിയ പേരാണ് ബേസില്‍ യൂണിവേഴ്സ്.

ബേസില്‍ യൂണിവേഴ്സ് എന്ന് പലരും പറയുമ്പോള്‍ അതിന് പിന്നിലെ യഥാര്‍ത്ഥ കഥ തനിക്കറിയില്ലായിരുന്നുവെന്ന് ചാന്ദ്നി പറയുന്നു. ബേസില്‍ മിന്നല്‍ മുരളി പോലുള്ള സൂപ്പര്‍ ഹീറോ ചിത്രമൊക്കെ ചെയ്തതുകാരണം മാര്‍വെല്‍ യൂണിവേഴ്‌സ് പോലെ എന്തോ ആണ് ബേസില്‍ യൂണിവേഴ്‌സ് എന്നായിരുന്നു തന്റെ ധാരണയെന്നും ചാന്ദ്നി പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ബേസില്‍ യൂണിവേഴ്സ്, ബേസില്‍ യൂണിവേഴ്സ് എന്ന് പലരും പറയുമ്പോള്‍ അതിന് പിന്നിലെ യഥാര്‍ത്ഥ കഥ എനിക്കറിയില്ലായിരുന്നു. ഞാന്‍ മാര്‍വെല്‍ സിരീസിന്റെ ഫാനാണ്. ബേസില്‍ മിന്നല്‍ മുരളി പോലുള്ള സൂപ്പര്‍ ഹീറോ ചിത്രമൊക്കെ ചെയ്തത് ആണല്ലോ. അതുകൊണ്ട് മാര്‍വെല്‍ യൂണിവേഴ്‌സ് പോലെ എന്തോ ആണ് ബേസില്‍ യൂണിവേഴ്‌സ് എന്നായിരുന്നു എന്റെ ധാരണ.

സെറ്റില്‍ ബേസില്‍ ചേട്ടന്‍ ഫണ്ണിയും ബബ്ലിയുമൊക്കെയാണ്. പിന്നീട് ആരോടോ ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടുന്നത്. തിയേറ്റര്‍ വിസിറ്റിനിടെ ബേസില്‍ ചേട്ടനെ വിഷ് ചെയ്തപ്പോള്‍ ആദ്യം അത് ശ്രദ്ധിച്ചില്ല. പിന്നെ തിരിച്ച് വിഷ് ചെയ്തു കേട്ടോ. അതോടെ മീഡിയ അതങ്ങ് ഏറ്റെടുത്തു. ഞാനാ യൂണിവേഴ്സില്‍ മെമ്പറുമായി,’ ചാന്ദ്നി പറയുന്നു.

Content Highlight: Chandini Sreedharan Talks About Basil Joseph

We use cookies to give you the best possible experience. Learn more