മുകളില്‍ ഗെയ്ല്‍ താഴെ ജയവര്‍ധന; ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ രണ്ടാമന്‍ 'കിങ്'
Sports News
മുകളില്‍ ഗെയ്ല്‍ താഴെ ജയവര്‍ധന; ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ രണ്ടാമന്‍ 'കിങ്'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th March 2025, 1:02 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്.

എന്നാല്‍ മത്സരത്തില്‍ വിരാട് കോഹ്‌ലി മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റിയിരുന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 31 റണ്‍സ് നേടി പുറത്തായതോടെ കളത്തില്‍ എത്തിയ വിരാട് 19ാം ഓവറിനെത്തിയ മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ആദ്യ പന്തില്‍ എല്‍.ബി.ഡബ്ല്യുവില്‍ പുറത്താകുകയായിരുന്നു. രണ്ട് പന്തില്‍ ഒരു റണ്‍സ് നേടിയാണ് വിരാട് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയത്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഒരു കിടിലന്‍ റെക്കോഡ് അരക്കിട്ട് ഉറപ്പിച്ചാണ് വിരാട് കളം വിട്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമനാവാനാണ് കിങ് സീസണ്‍ അവസാനിപ്പിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരം ക്രിസ് ഗെയ്‌ലാണ്. മൂന്നാം സ്ഥാനത്ത് ജയവര്‍ധനെയുമുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ടീം, മത്സര, റണ്‍സ്

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 791

വിരാട് കോഹ്‌ലി – ഇന്ത്യ – 17 – 746

മഹേള ജയവര്‍ധനെ – ശ്രീലങ്ക – 22 – 742

ശിഖര്‍ ധവാന്‍ – ഇന്ത്യ – 10 – 701

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 22 – 683

ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും രാഹുലിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഡാരില്‍ മിച്ചലിന്റെ കരുത്തിലാണ് കിവികള്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 101 പന്തില്‍ 63 റണ്‍സാണ് മിച്ചല്‍ നേടിയത്.

അവസാന സമയത്ത് മൈക്കല്‍ ബ്രേസ്‌വെല്‍ 40 പന്തില്‍ 53 റണ്‍സും നേടി പുറത്താകാതെ മികവ് പുലര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Champions Trophy: Virat Kohli In Great Record Achievement In Champions Trophy