ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലായിരുന്നു നടന്നത്.
പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലുടനീളം തങ്ങളുടെ ആരാധകര്‍ കാണിച്ച ആവേശത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. പാകിസ്ഥാന്റെ മോശം പ്രകടനം ഉണ്ടായിരുന്നിട്ടും അവരുടെ ആരാധകര്‍ ആവേശത്തോടെ ചാമ്പ്യന്‍സ് ട്രോഫിയെ പിന്തുണച്ചുവെന്ന് അജയ് ജഡേജ പറഞ്ഞു. ‘ദി ഡി.പി വേള്‍ഡ് ഡ്രസിങ് റൂം’ ഷോയില്‍ സംസാരിക്കുകയായിരുന്നു അജയ് ജഡേജ. മാത്രമല്ല ഇന്ത്യ പാകിസ്ഥാനിലെ ലാഹോറിലായിരുന്നു കിരീടം ഉയര്‍ത്തിയതെങ്കില്‍ അത് ഏറെ സ്‌പെഷ്യലാകുമായിരുന്നെന്നും ജഡേജ പറഞ്ഞു.
അജയ് ജഡേജ പറഞ്ഞത്
‘ആരാധകര്‍ക്ക് ഒരു വലിയ അഭിനന്ദനം, കാരണം പാകിസ്ഥാനില്‍ കളിച്ചതും ഞാന്‍ സംസാരിച്ചതുമായ എല്ലാ കളിക്കാരും അവിടെ നന്നായി ആസ്വാദിച്ചു. പാകിസ്ഥാനിലെ ജനങ്ങള്‍ മത്സരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കി. അവരുടെ ടീം പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, അവര്‍ ആവേശം നിലനിര്‍ത്തി, അത് സന്തോഷകരമായ നിമിഷവും അതിശയകരമായ ഒരു ടൂര്‍ണമെന്റുമാക്കി മാറ്റി. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ലാഹോറില്‍ വിജയിച്ചിരുന്നെങ്കില്‍ അത് വളരെ സവിശേഷമാകുമായിരുന്നു, അതും ക്രിക്കറ്റിനപ്പുറം ഒരു വിജയം,’ ജഡേജ പറഞ്ഞു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും രാഹുലിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഡാരില്‍ മിച്ചലിന്റെ കരുത്തിലാണ് കിവികള്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 101 പന്തില്‍ 63 റണ്‍സാണ് മിച്ചല്‍ നേടിയത്. അവസാന സമയത്ത് മൈക്കല്‍ ബ്രേസ്‌വെല്‍ 40 പന്തില്‍ 53 റണ്‍സും നേടി പുറത്താകാതെ മികവ് പുലര്‍ത്തി.
ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബാറ്റിങ്ങില്‍ രോഹിത്തിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും താരത്തിന് സാധിച്ചു.
Content Highlight: Champions Trophy: Ajay Jadeja Talking About Champions Trophy Final